Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിക്കാരെ തിരിച്ചുവിളിച്ചതല്ല, കളി തുടരാനാണു പറഞ്ഞത്: ഷാക്കിബ് – വിഡിയോ

Shakib-al-Hassan വാഗ്വാദത്തിനിടെ ബാറ്റ്സ്മാൻമാരെ തിരിച്ചുവിളിക്കുന്ന ഷാക്കിബ്. കളി തുടരാനാണ് താൻ പറഞ്ഞതെന്നാണ് ഷാക്കിബിന്റെ വാദം.

കൊളംബോ∙ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ അവസാന ലീഗ് മൽസരത്തിനിടെയുണ്ടായ വാഗ്വാദത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ചെന്ന വാർത്തകൾ തള്ളി ബംഗ്ലദേശ് നായകൻ ഷാക്കിബ് അൽ ഹസൻ രംഗത്ത്. കളിക്കാരോട് തിരിച്ചുപോരാനല്ല, കളി തുടരാനാണ് ആവശ്യപ്പെട്ടതെന്ന് ഷാക്കിബ് അവകാശപ്പെട്ടു.

ബംഗ്ലദേശ് ഇന്നിങ്സിലെ അവസാന ഓവറിൽ ശ്രീലങ്കൻ താരം ഉഡാന തുടർച്ചയായി രണ്ടു ബൗൺസറുകളെറിഞ്ഞത് കളത്തിൽ വലിയ തർക്കത്തിനു കാരണമായിരുന്നു. ബാറ്റു ചെയ്യുകയായിരുന്ന മഹ്മൂദുല്ലയും റൂബൽ ഹുസൈനും കളത്തിലും ക്യാപ്റ്റൻ ഷാക്കിബ് കളത്തിനു പുറത്തും അംപയർമാരുമായി തർക്കിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിൽ ഷാക്കിബ് ബാറ്റ്സ്മാൻമാരെ തിരിച്ചുവിളിക്കുന്ന ദൃശ്യങ്ങളുമുണ്ട്.

ഇതു വിവാദമായതോടെയാണ് തിരിച്ചുവിളിച്ചതല്ല, കളി തുടരാൻ ആവശ്യപ്പെട്ടതാണെന്ന ഷാക്കിബിന്റെ വിശദീകരണം. ആ സമയത്ത് താൻ കാട്ടിയ ആക്ഷൻ രണ്ടു വിധത്തിലും വ്യാഖ്യാനിക്കാമെന്ന് ഷാക്കിബ് ചൂണ്ടിക്കാട്ടി. നിങ്ങൾ എങ്ങനെ ഇതിനെ കാണുന്നു എന്നതാണ് പ്രധാനപ്പെട്ടതെന്നും ഷാക്കിബ് പറഞ്ഞു.

നമ്മളെല്ലാം മനുഷ്യരാണെന്ന് ഓർമപ്പെടുത്തിയ ഷാക്കിബ്, തെറ്റുകൾ തിരുത്തി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി. മൈതാനത്ത് എപ്പോഴും താരങ്ങൾ തമ്മിൽ ആരോഗ്യകരമായ മൽസരങ്ങളുണ്ടാകും. കളത്തിനു പുറത്ത് എല്ലാവരും സുഹൃത്തുക്കളുമാണ്. ക്യാപ്റ്റനെന്ന നിലയിൽ വൈകാരികമായി പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നു സമ്മതിച്ച ഷാക്കിബ്, ഭാവിയിൽ ഇക്കാര്യം ശ്രദ്ധിക്കുമെന്നും ഉറപ്പുനൽകി.

ശ്രീലങ്ക ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് അവസാന ഓവറിലെ കൂട്ടപ്പൊരിച്ചിലിനും സംഘർഷത്തിനുമൊടുവിൽ രണ്ടു വിക്കറ്റിന്റെ ആവേശ ജയം നേടിയിരുന്നു. ഇതോടെ ഫൈനലിൽ കടന്ന ബംഗ്ലദേശ് കലാശപ്പോരിൽ നാളെ ഇന്ത്യയെ നേരിടും.

related stories