ഇല്ല, മൂർച്ച കുറഞ്ഞിട്ടില്ല; ലിമിറ്റ‍ഡ് ഓവർ മൽസരങ്ങളിൽ ധോണിയുടെ ‘ഇരകൾ’ 500!

ഷതാബ് ഖാനെ സ്റ്റംപ് ചെയ്തു പുറത്താക്കുന്ന ധോണി.

ദുബായ്∙ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച് പരിമിത ഓവർ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിങ് ധോണി, രാജ്യാന്തര കരിയറിലെ 500–ാമത്തെ താരത്തെയും പുറത്താക്കി പുതിയ റെക്കോർഡിട്ടു. ഏകദിന, ട്വന്റി20 മൽസരങ്ങളിൽനിന്നു മാത്രമായി ധോണി പുറത്താക്കിയ താരങ്ങളുടെ എണ്ണമാണ് 500 ആയി ഉയർന്നത്. പാക്കിസ്ഥാനെതിരായ മൽസരത്തിൽ ഷതാബ് ഖാനെ സ്റ്റംപ് ചെയ്തു പുറത്താക്കിയാണ് ധോണി ഈ നേട്ടത്തിലെത്തിയത്. ഇതുവരെ ഏകദിനത്തിൽ 413 പേരെയും ട്വന്റി20യിൽ 87 പേരെയുമാണ് ധോണി പുറത്താക്കിയിട്ടുള്ളത്.

33–ാം ഓവർ ബോൾ െചയ്ത കേദാർ ജാദവിന്റെ അഞ്ചാം പന്തിലാണ് ധോണി ഷതാബ് ഖാനെ സ്റ്റംപു ചെയ്ത് പുറത്താക്കിയത്. ജാദവിന്റെ പന്തിന്റെ ഗതിയറിയാതെ മുന്നോട്ടു കയറിയ ഷതാബ് ഖാനെ, ധോണി ദ്രുതഗതിയിലുള്ള സ്റ്റംപിങ്ങിലൂടെ പുറത്താക്കി. സ്റ്റംപിങ്ങുകൾക്ക് പ്രസിദ്ധനായ ധോണി, ആ കഴിവ് ഈ പ്രായത്തിലും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു.

323 ഏകദിനങ്ങളിൽനിന്ന് 304 ക്യാച്ചും 109 സ്റ്റംപിങ്ങും ഉൾപ്പെടെയാണ് ധോണി 413 പേരെ പുറത്താക്കിയത്. 93 ട്വന്റി20 മൽസരങ്ങളിൽനിന്ന് 54 ക്യാച്ചും 33 സ്റ്റംപിങ്ങും ഉൾപ്പെടെ 87 പേരെയും പുറത്താക്കി. പാക്കിസ്ഥാനെതിരായ മൽസരത്തിൽ മാത്രം ഒരു സ്റ്റംപിങ്ങിനു പുറമെ രണ്ട് ക്യാച്ചുകളും ധോണി സ്വന്തമാക്കി.

ടെസ്റ്റിൽനിന്ന് വിരമിച്ച ധോണി 90 മൽസരങ്ങളിൽനിന്ന് 256 ക്യാച്ചും 38 സ്റ്റംപിങ്ങും ഉൾപ്പെടെ 294 പേരെയാണ് പുറത്താക്കിയത്. അതേസമയം, മൂന്നു ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ മൂന്നാമത്തെ വിക്കറ്റ് കീപ്പറും ധോണിയാണ്. ടെസ്റ്റ്, ഏകദിന, ട്വന്റി20 മൽസരങ്ങളിൽ നിന്നായി ഇതുവരെ 794 പേരെയാണ് ധോണി പുറത്താക്കിയത്. 506 മൽസരങ്ങളിൽനിന്ന് 614 ക്യാച്ചും 180 സ്റ്റംപിങ്ങും ഉൾപ്പെടെയാണിത്.

467 മൽസരങ്ങളിൽനിന്ന് 952 ക്യാച്ചും 46 സ്റ്റംപിങ്ങും ഉൾപ്പെടെ 998 പേരെ പുറത്താക്കിയ മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറാണ് ഒന്നാമത്. 396 മൽസരങ്ങളിൽനിന്ന് 813 ക്യാച്ചും 92 സ്റ്റംപിങ്ങും ഉൾപ്പെടെ 905 പേരെ പുറത്താക്കിയ മുൻ ഓസീസ് വിക്കറ്റ് കീപ്പർ ആഡം ഗിൽക്രിസ്റ്റാണ് രണ്ടാമത്.

അതേസമയം, സ്റ്റംപിങ്ങിന്റെ കാര്യത്തിൽ മറ്റു വിക്കറ്റ കീപ്പർമാരേക്കാൾ ബഹുദൂരം മുന്നിലാണ് ധോണി. ഇതുവരെ 180 സ്റ്റംപിങ്ങുകൾ നടത്തിയ ധോണിക്കു പിന്നിലുള്ളത് ശ്രീലങ്കയുടെ മുൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയാണ്. 139 സ്റ്റംപിങ്ങുകൾ. ഇവർക്കു പുറമെ 100 സ്റ്റംപിങ് പിന്നിട്ട ഒരേയൊരു താരം ശ്രീലങ്കയുടെ തന്നെ രമേഷ് കലുവിതരണയാണ്. 101 സ്റ്റംപിങ്ങുകൾ. ഇക്കാര്യത്തിൽ ധോണി ബഹുദൂരം മുന്നിലാണെന്ന് അർഥം.