Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റനെന്ന നിലയിൽ ആകെ കണ്ടുപഠിച്ചിട്ടുള്ളത് ധോണിയെ മാത്രം: കോഹ്‍ലി

FILES-CRICKET-IND-ENG

ലണ്ടൻ∙ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ടീമിന നയിക്കുമ്പോൾ മാതൃകയാക്കിയിട്ടുള്ളത് മഹേന്ദ്രസിങ് ധോണിയെ മാത്രമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഇക്കാര്യത്തിൽ മറ്റു മാതൃകകൾ തനിക്കു മുൻപിൽ ഇല്ല. കളിയെക്കുറിച്ച് ആദ്യം മുതലേ ധോണിയുമായി സംസാരിക്കുന്ന പതിവ് തനിക്കുണ്ടായിരുന്നുവെന്നു പറഞ്ഞ കോഹ്‍ലി, അന്നു മുതൽ തന്റെ നിർദ്ദേശങ്ങളും പങ്കുവച്ചിരുന്നതായി വെളിപ്പെടുത്തി. വിസ്ഡൻ ക്രിക്കറ്റിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കോഹ്‍ലി മനസ്സു തുറന്നത്.

കളിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാൻ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ക്യാപ്റ്റൻസി പരമാവധി ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. വലിയ സ്കോറുകൾ വിജയകരമായി പിന്തുടരാൻ സാധിക്കുന്നതും കളിയെക്കുറിച്ചുള്ള കൃത്യമായ ചിന്ത മനസ്സിലുള്ളതുകൊണ്ടു തന്നെയാണ്. എങ്ങനെ കളിച്ചാൽ ലക്ഷ്യത്തിലെത്താമെന്ന ചിന്ത ആദ്യം മുതലേ നമുക്കുണ്ടാകും – കോഹ്‍ലി പറഞ്ഞു.

കളിയെ ക്രിയാത്മകമായി സമീപിക്കുന്നതാണ് എക്കാലവും തന്റെ രീതിയെന്നും കോഹ്‍ലി പറഞ്ഞു. ഇക്കാര്യത്തിൽ ക്യാപ്റ്റനായപ്പോഴും വ്യത്യാസമില്ല. ടീമിലെ സഹതാരങ്ങളും സമാനമായ രീതിയിൽ കളിയെ സമീപിക്കണമെന്നാണ് അഭ്യർഥന. എല്ലാവരും അവരുടെ സ്വാഭാവികമായ കളി പുറത്തെടുക്കുന്നതിനാണ് പ്രോത്സാഹനം നൽകാറുള്ളത്. ക്രിയാത്മകമായി കളിയെ സമീപിച്ച് തെറ്റു വരുത്തുന്നത് അംഗീകരിക്കാം. എന്നാൽ, മടിച്ചുനിന്ന് തെറ്റുകളിലേക്ക് പോകുന്നത് ശരിയല്ലെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

തന്റെ കരിയർ ഇതുവരെ പൂർണമായും ആസ്വദിച്ചിട്ടുണ്ടെന്ന് കോഹ്‍ലി വ്യക്തമാക്കി. രാജ്യത്തിനായി കളിക്കണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ഒരുപടി കൂടി കടന്ന് ടീമിനെ നയിക്കാനുള്ള നിയോഗവും എനിക്കു ലഭിച്ചിരിക്കുന്നു. കഠിനാദ്ധ്വാനം ചെയ്യാനുള്ള പ്രേരണയായും ഇതു മാറുന്നുണ്ടെന്ന് കോഹ്‌ലി ചൂണ്ടിക്കാട്ടി.

related stories