മിന്നൽ സ്റ്റംപിങ്ങുമായി ധോണി; ലിട്ടൺ പുറത്തല്ലെന്ന് ബംഗ്ലാ ആരാധകർ – വിഡിയോ

ലിട്ടൺ ദാസിനെ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കുന്നു.

ദുബായ്∙ വിക്കറ്റിനു മുന്നിൽ ധോണിയുടെ പ്രകടനത്തെ പ്രായം ബാധിക്കുകയോ ബാധിക്കാതിരിക്കുകയോ ചെയ്യട്ടെ. വിക്കറ്റിനു പിന്നിൽ മഹേന്ദ്രസിങ് ധോണിക്ക് ഇപ്പോഴും ഇരുപതാണ് പ്രായം. ബംഗ്ലദേശിനെതിരായ ഏഷ്യാ കപ്പ് ഫൈനലിലെ ധോണിയുടെ ഇരട്ട സ്റ്റംപിങ്ങുകൾ മാത്രം ശ്രദ്ധിച്ചാൽ മതി, ഈ പറഞ്ഞതിന്റെ വാസ്തവം ബോധ്യപ്പെടാൻ. ഓപ്പണിങ് വിക്കറ്റിലെ 120 റൺസ് കൂട്ടുകെട്ടിനുശേഷം തകർന്ന ബംഗ്ലദേശ് തിരിച്ചടിക്കാൻ ഊർജിത ശ്രമം നടത്തുമ്പോഴായിരുന്നു വിക്കറ്റിനു പിന്നിലെ ‘ധോണി മാജിക്’.

ബംഗ്ലദേശ് സ്കോർ 188ൽ നിൽക്കെയായിരുന്നു ഇത്. കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയുമായി ബംഗ്ലദേശിനെ മുന്നിൽനിന്നു നയിച്ച യുവതാരം ലിട്ടൺ ദാസും പിന്നാലെ ക്യാപ്റ്റൻ മഷ്റഫെ മൊർത്താസയുമാണ് പുറത്തായത്. 117 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 121 റൺസെടുത്ത ലിട്ടൺ ദാസിനെ കുൽദീപ് യാദവിന്റെ പന്തിലാണ് ധോണി സ്റ്റംപ് ചെയ്തു പുറത്താക്കിയത്.

പിന്നാലെ വന്ന വഴി സിക്സുമായി വരവറിയിച്ച ക്യാപ്റ്റൻ മഷ്റഫെ മൊർത്താസയും ധോണി മാജിക്കിനു മുന്നിൽ കീഴടങ്ങി. ഒൻപതു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസെടുത്ത മൊർത്താസയെ കുൽദീപ് യാദവിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്ത പുറത്താക്കി. പിന്നീട് സൗമ്യ സർക്കാരിനെ അതിവേഗ സ്റ്റംപിങ്ങിലൂടെ റണ്ണൗട്ടാക്കിയും ധോണി സാന്നിധ്യമറിയിച്ചു.

അതേസമയം, ലിട്ടൺ ദാസിന്റെ കാൽ ക്രീസിനുള്ളിലുണ്ടോ എന്ന സംശയത്തെ തുടർന്ന് നീണ്ട പരിശോധനയാണ് അംപയർമാർ നടത്തിയത്. നാലു ഭാഗത്തുനിന്നുമുള്ള ദൃശ്യങ്ങൾ ആവർത്തിച്ച് പരിശോധിച്ച അംപയർമാർ, ഒടുവിൽ ലിട്ടൺ ദാസ് പുറത്താണെന്ന തീരുമാനത്തിലെത്തി. ഇതിനെതിരെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനമാണ് ബംഗ്ലദേശ് ആരാധകർ നടത്തിയത്.

ധോണിയുടെ ‘രാജ്യാന്തര ഇരകൾ’ 800!

ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽ 800 പുറത്താക്കലുകളിൽ പങ്കാളിയാകുന്ന വിക്കറ്റ് കീപ്പറായും ധോണി മാറി. ടെസ്റ്റ്, ഏകദിന, ട്വന്റി20 മൽസരങ്ങളിൽനിന്നാണ് ധോണി പുതിയ നാഴികക്കല്ലു പിന്നിട്ടത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം താരമായും ധോണി മാറി. ദക്ഷിണാഫ്രിക്കയുടെ മാർക് ബൗച്ചർ (998), ഓസ്ട്രേലിയയുടെ ആഡം ഗിൽക്രിസ്റ്റ് (905) എന്നിവർ മാത്രമാണ് ഇനി ധോണിക്കു മുന്നിലുള്ളത്.

ബംഗ്ലദേശ് ക്യാപ്റ്റൻ മഷ്റഫെ മൊർത്താസയെ സ്റ്റംപു ചെയ്താണ് ധോണി ഈ നേട്ടത്തിലെത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റംപിങ്ങുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് ധോണി. നിലവിൽ 130 സ്റ്റംപിങ്ങുകളാണ് ലിസ്റ്റ് എ മൽസരങ്ങളിൽ ധോണി നടത്തിയിട്ടുള്ളത്. 138 സ്റ്റംപിങ്ങുകളുമായി മുൻ പാക് താരം മോയിൻ ഖാനാണ് ഒന്നാമത്.