Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രവി ശാസ്ത്രി പറയുന്നു...; കൊച്ചു ഷായിൽ സച്ചിനുണ്ട്, ലാറയുണ്ട്, വീരേന്ദർ സേവാഗും!

prithvi-shaw-vs-wi പൃഥ്വി ഷാ

ഹൈദരാബാദ്∙ അരങ്ങേറ്റ ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം, അരങ്ങേറ്റ പരമ്പരയിൽ മാൻ ഓഫ് ദ് സീരീസ് പുരസ്കാരവും! സ്വപ്നസമാനമെന്നല്ലാതെ എന്തു വിളിക്കും, പൃഥ്വി ഷായുടെ ടെസ്റ്റ് അരങ്ങേറ്റത്തെ? വെറും പതിനെട്ടു വയസ്സു മാത്രമുള്ള പൃഥ്വി ഷായുടെ പ്രകടനം കണ്ട് അന്ധാളിച്ചവരിൽ ആരാധകർ മാത്രമല്ല, പരിശീലകൻ രവി ശാസ്ത്രിയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമുണ്ട്! പതിനെട്ടാം വയസ്സിൽ ക്രിക്കറ്റ് താരമെന്ന നിലയിൽ തങ്ങളിലാരും പൃഥ്വി ഷായുടെ 10 ശതമാനം പോലും ഇല്ലായിരുന്നുവെന്ന കോഹ്‍ലിയുടെ ഏറ്റുപറച്ചിലിലുണ്ട്, ഷായുടെ മഹത്വമത്രയും!

ക്രിക്കറ്റ് കളിക്കാനായി ജനിച്ചവനാണ് ഷായെന്നായിരുന്നു പരിശീലകൻ രവി ശാസ്ത്രിയുടെ പ്രതികരണം. എട്ടാം വയസ്സു മുതൽ മുംബൈയിലെ മൈതാനങ്ങളിൽ ക്രിക്കറ്റ് കളിച്ചു വളർന്നവനാണ് ഷാ. ചെറുപ്രായം മുതലുള്ള കഠിനാധ്വാനത്തിന്റെ ഗുണം ഷായുടെ പ്രകടനത്തിൽ നിഴലിക്കുന്നുണ്ടെന്നും പരമ്പര വിജയത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ശാസ്ത്രി ചൂണ്ടിക്കാട്ടി. 

‘കളി കാണുന്നവരെ ഉൻമാദിയാക്കുന്ന ബാറ്റിങ് ശൈലിയാണ് പൃഥ്വിയുടേത്. സാക്ഷാൽ സച്ചിൻ െതൻഡുൽക്കറിന്റെ അംശം അവനിലുണ്ട്. വീരേന്ദർ സേവാഗിന്റെ അംശമുണ്ട്. ബ്രയാൻ ലാറയുടെയും’ – ശാസ്ത്രി പറഞ്ഞു. ഈ പ്രകടനം തലയ്ക്കു പിടിക്കാതെ കഠിനാധ്വാനം തുടർന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവിയുള്ള താരമാണ് പൃഥ്വിയെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

∙ റെക്കോർഡിൽ തൊട്ട് അരങ്ങേറ്റം

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡുമായാണ് രാജ്കോട്ട് ടെസ്റ്റിൽ പൃഥ്വി ഷാ അരങ്ങേറിയത്. 99 പന്തിൽ 15 ബൗണ്ടറികളോടെയാണ് പൃഥ്വി ഷാ കന്നി ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. 154 പന്തിൽ 19 ബൗണ്ടറികളോടെ 134 റൺസുമായി ദേവേന്ദ്ര ബിഷൂവിന് റിട്ടേൺ ക്യാച്ച് സമ്മാനിച്ചാണ് അന്ന് ഷാ പുറത്തായത്.

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂർണമെന്റുകളിലും അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി അദ്ഭുതപ്പെടുത്തിയ ഷാ, രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിലും അതേ മികവ് ആവർത്തിച്ചു. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനുശേഷം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരവുമായി പൃഥ്വി ഷാ. 18 വർഷവും 329 ദിവസവുമായിരുന്നു കന്നി ടെസ്റ്റ് സെഞ്ചുറി നേടുമ്പോൾ ഷായുടെ പ്രായം. 17 വർഷവും 112 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ 1990ൽ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ സെഞ്ചുറി നേടിയത്.

രാജ്കോട്ടിൽ ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യിക്കാതെ വിൻഡീസ് തോറ്റു ‘സഹായിച്ചതിനാൽ’ ഷായ്ക്ക് വീണ്ടും ബാറ്റു ചെയ്യേണ്ടി വന്നില്ല. ഈ കുറവ് ഹൈദരാബാദിൽ നടന്ന രണ്ടാം ടെസ്റ്റിൽ തീർത്തു, യുവതാരം. ഒന്നാം ഇന്നിങ്സിൽ ട്വന്റി20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന വേഗത്തിൽ 53 പന്തിൽ 70 റൺസ്. രണ്ടാം ഇന്നിങ്ങ്സിൽ പുറത്താകാതെ 33 റൺസും! പരമ്പരയിലാകെ രണ്ടു മൽസരങ്ങളിൽനിന്ന് 237 റൺസ്! ഏറ്റവും കൂടുതൽ റൺസുമായി പരമ്പരയുടെ താരവുമായി, ഷാ. രണ്ടു ടെസ്റ്റുകളേ കളിച്ചിള്ളൂവെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ ഏറ്റവും കൂടുതൽശരാശരിയുള്ള ബാറ്റ്സ്മാനാണ് പൃഥ്വി ഷാ. 118.50 ആണ് പൃഥ്വിയുടെ ടെസ്റ്റ് ശരാശരി.

∙ ഹൈദരാബാദ് ടെസ്റ്റിൽ പൃഥ്വി ഷാ കുറിച്ച ചില റെക്കോർഡുകൾ

∙ ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യയുടെ വിജയറൺ കുറിച്ച പൃഥ്വി ഷാ, ടെസ്റ്റ് മൽസരത്തിൽ വിജയറൺ കുറിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി. വിൻഡീസിനെതിരെ വിജയ റൺ നേടുമ്പോൾ 18 വർഷവും 339 ദിവസവുമാണ് പൃഥ്വിയുടെ പ്രായം. 2011ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 18 വർഷവും 198 ദിവസവും പ്രായമുള്ളപ്പോൾ വിജയ റൺ നേടിയ ഓസീസ് താരം പാറ്റ് കുമ്മിൻസാണ് ഇക്കാര്യത്തിൽ ഒന്നാമത്.

∙ വെസ്റ്റ് ഇൻഡീസ് ഏറ്റവും ഒടുവിൽ ഇന്ത്യയിൽ കളിച്ച മൂന്നു ടെസ്റ്റ് പരമ്പരകളിലും ‘മാൻ ഓഫ് ദ് സീരീസ്’ ആയി തിരഞ്ഞെടുക്കപ്പെട്ടത് അരങ്ങേറ്റ പരമ്പര കളിച്ച ഇന്ത്യൻ താരങ്ങളാണ്. 2011ൽ ഇന്ത്യ 2–0ന് വിജയിച്ച പരമ്പരയിൽ ‘മാൻ ഓഫ് ദ് സീരീസ്’ ആയത് അരങ്ങേറ്റ പരമ്പര കളിച്ച രവിചന്ദ്രൻ അശ്വിനായിരുന്നു. 2013ൽ ഇന്ത്യ 2–0ന് ജയിച്ചപ്പോൾ അത് അരങ്ങേറ്റം കുറിച്ച രോഹിത് ശർമയായി. ഇക്കുറി ‘മാൻ ഓഫ് ദ് സീരീസ്’ പുരസ്കാരം ഏറ്റുവാങ്ങാനുള്ള നിയോഗം അരങ്ങേറ്റ പരമ്പരയ്ക്കിറങ്ങിയ പൃഥ്വി ഷായ്ക്കായി.

അരങ്ങേറ്റ പരമ്പരയിൽ ‘മാൻ ഓഫ് ദ് സീരീസ്’ പുരസ്കാരം നേടുന്ന പത്താമത്തെ താരമാണ് പൃഥ്വി ഷാ. നാലാമത്തെ ഇന്ത്യൻ താരവും. സൗരവ് ഗാംഗുലി (1996, ഇംഗ്ലണ്ടിനെതിരെ), ജാക്ക് റുഡോൾഡ് (2003, ബംഗ്ലദേശിനെതിരെ), സ്റ്റുവാർട്ട് ക്ലാർക്ക് (2006, ദക്ഷിണാഫ്രിക്കയ്ക്കെതിരെ), അജാന്ത മെൻഡിസ് (2008, ഇന്ത്യയ്ക്കെതിരെ), രവിചന്ദ്രൻ അശ്വിൻ (2011, വെസ്റ്റ് ഇൻഡീസിനെതിരെ), വെർനോൺ ഫിലാൻഡർ (2011, ഓസ്ട്രേലിയയ്ക്കെതിരെ), ജയിംസ് പാറ്റിൻസൺ (2011, ന്യൂസീലൻഡിനെതിരെ), രോഹിത് ശർമ (2013, വെസ്റ്റ് ഇൻഡീസിനെതിരെ), മെഹ്ദി ഹസൻ (2016, ഇംഗ്ലണ്ടിനെതിരെ) എന്നിവരാണ് ഇക്കാര്യത്തിൽ ഷായ്ക്കു മുന്നിലുള്ളത്.

∙ വെസ്റ്റ് ഇൻഡീസിനെതിരെ പൃഥ്വി ഷാ പുറത്തെടുത്ത പ്രകടനത്തിന് വീരേന്ദർ സേവാഗിന്റെ പ്രകടനവുമായി അസാധാരണമാം വിധം സാമ്യമുണ്ട്. വിൻഡീസിനെതിരെ കളിച്ച ഒന്നാം ഇന്നിങ്സിൽ സേവാഗ് സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും മൂന്നാം ഇന്നിങ്സിൽ 33 റൺസും നേടി. സമാനമാണ് പൃഥ്വി ഷായുടെ പ്രകടനവും. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി, മൂന്നാം ഇന്നിങ്സിൽ 33 റൺസ്!

∙ ഒന്നാം ടെസ്റ്റിൽ പൃഥ്വി ഷായുടെ റെക്കോർഡുകൾ

∙ അരങ്ങേറ്റ ടെസ്റ്റിൽ  ഇന്ത്യയ്ക്കുവേണ്ടി സെഞ്ചുറി നേടുന്ന 15–ാമത്തെ താരം

∙ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്നു 104–ാമത്തെ താരം

∙ ടെസ്റ്റ് ക്രിക്കറ്റ്് കളിക്കുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ ഇന്ത്യൻ താരം

∙ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം  കുറഞ്ഞ ഇന്ത്യക്കാരൻ

∙ രഞ്ജി ട്രോഫിയിലും ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റത്തിൽത്തന്നെ സെഞ്ചുറി  നേടുന്ന അപൂർവതാരങ്ങളിലൊരാൾ

∙ തീഷ്ണ യുവത്വം

2013 ഡിസംബറിൽ മുബൈയിലെ ഹൈസ്കൂൾ ക്രിക്കറ്റ് മൽസരത്തിൽ 546 റൺസടിച്ച പതിനാലുകാരൻ പയ്യൻ മുബൈ അണ്ടർ 16 ടീം നായകനായി ഉദിച്ചുയരാൻ അധികം താമസെമെടുത്തില്ല.  പ്രതിഭാ സ്പർശത്തിനൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെയും അജിങ്ക്യ രഹാനെയുടെയും മാർഗനിർദേശങ്ങളും കൂടിയാകുമ്പോൾ ഷാ എന്ന ബാറ്റ്സ്മാന്റെ ഇപ്പോഴത്തെ രൂപമായി.

രഞ്ജി ട്രോഫിയിലെയും ദുലീപ് ട്രോഫിയിലെയും മികച്ച പ്രകടനത്തിന് 2018 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നായകസ്ഥാനവും ഷായെ തേടിയെത്തി. കലാശക്കളിയിൽ ഓസ്ട്രിലിയയെ എട്ടു വിക്കറ്റിനു തകർത്ത് കിരീടവുമായി നാട്ടിലത്തിയതോടെ ഷാ സ്റ്റാറായി. ടൂർണമെന്റിലെ 6 കളിയിൽ 65.25 ശരാശരിയിൽ ഷാ സ്വന്തമാക്കിയത് 261 റൺസ്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യൻ നായകന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.

∙ ഐപിഎൽ, ഇന്ത്യ

2018 ലോകകപ്പിനു പിന്നാല ഐപിഎൽ ടീം ഡൽഹി ഡെയർഡെവിൾസ് ഒരു കോടി 20 ലക്ഷം മുടക്കിയാണു ഷായെ സ്വന്തമാക്കിയത്. ഒൻപതു കളിയിൽ നേടിയ 245 റൺസോടെ ആദ്യ സീസൺ തന്നെ ഷാ അവിസ്മരണീയമാക്കി. ഐപിഎല്ലിൽ അർധ സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരത്തിനുള്ള റെക്കോർഡും ഷാ സ്വന്തം പേരിലാക്കി (18 വർഷം 169 ദിവസം).

13 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ ഏഴു ‍സെഞ്ചുറിയുടെയും അഞ്ച് അർധ സെഞ്ചുറിയുടെയും അകമ്പടിയോടെ 1398 റൺസ് നേടിയ പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കുള്ള വാതിലും ഷായ്ക്കു മുന്നിൽ തുറന്നു.  ദേശീയ ടീമിലേക്കുള്ള ചുവടുമാറ്റത്തിൽ ഷായ്ക്കു മുന്നിൽ ഇനി ഏതൊക്കെ റെക്കോർഡുകളാണു വഴിമാറുക എന്നു കാത്തിരുന്നു കാണാം.

related stories