താമര വിരിയിക്കാൻ ധോണി, ഗംഭീർ? തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് റിപ്പോർട്ട്

ഗൗതം ഗംഭീർ, മഹേന്ദ്രസിങ് ധോണി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരങ്ങളായ മഹേന്ദ്രസിങ് ധോണിയും ഗൗതം ഗംഭീറും ബിജെപി പാളയത്തിലേക്ക്? ജാർഖണ്ഡുകാരനായ ധോണിയും ഡൽഹി സ്വദേശിയായ ഗംഭീറും ബിജെപി ടിക്കറ്റിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ധനവില വർധനയും രൂപയുടെ മൂല്യത്തകർച്ചയും മൂലം പ്രതിച്ഛായ നഷ്ടമായ ബിജെപി, മുഖം തിരിച്ചുപിടിക്കാൻ ധോണിയും ഗംഭീറും ഉൾപ്പെടെയുള്ളവരെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇരുവരുമായി ബിജെപി നേതൃത്വം അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം, രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്തവരാണ് ഇരുവരും. 2019 ലോകകപ്പു വരെ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തു ധോണി തുടരുമെന്ന് ഉറപ്പാണ്. ഗംഭീറാകട്ടെ, 2016 നവംബറിനു ശേഷം ദേശീയ ടീമിനു കളിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം സമാപിച്ച വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീറിന്റെ നേതൃത്വത്തിൽ ഡൽഹി റണ്ണേഴ്സ് അപ്പായിരുന്നു.

ജാർഖണ്ഡിൽ പരമാവധി സീറ്റുകൾ ലക്ഷ്യമിടുന്ന ബിജെപി, താര പ്രചാരകനായി ധോണിയെ രംഗത്തിറക്കാനാണ് ലക്ഷ്യമിടുന്നതതെന്നാണ് റിപ്പോർട്ട്. ബിജെപി ടിക്കറ്റിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതൃത്വം ധോണിയുമായി ചർച്ച നടത്തിവരികയാണെന്നും സംസ്ഥാന ബിജെപിയിലെ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായ ധോണി പാർട്ടിയിൽ ചേർന്നാൽ, ദക്ഷിണേന്ത്യയിലും ബിജെപിക്കു ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രത്യേകിച്ചും ധോണിക്ക് ഏറെ ആരാധകരുള്ള തമിഴ്നാട്ടിൽ. സംസ്ഥാനത്ത് താമരയ്ക്കു വേരോട്ടമുണ്ടാക്കാൻ തമിഴ് സൂപ്പർതാരം രജനീകാന്തിനെ പാർട്ടിയിലെത്തിക്കാനുള്ള നീക്കം പാളിയ സാഹചര്യത്തിലാണ് ധോണിയെ എത്തിച്ച് കളം പിടിക്കാനുള്ള ശ്രമമെന്നും റിപ്പോർട്ടുകൾ പറയുന്നു.

രണ്ടു താരങ്ങളും രാജ്യവ്യാപകമായി വലിയ സ്വീകാര്യതയുള്ളവരാണെന്ന് ബിജെപി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ഇവരെ നേതാവായാണ് കാണുന്നത്. അതാത് സംസ്ഥാനങ്ങളുടെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ നേതാക്കളാണ് ഇരുവരുമെന്നും ബിജെപി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഡൽഹി രജീന്ദർ നഗർ സ്വദേശിയായ ഗംഭീറിനെ, മീനാക്ഷി ലേഖിയുടെ പകരക്കാരനായി ലോക്സഭയിലേക്കു മൽസരിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് വിവരം. നിലവിൽ എംപിയായ മീനാക്ഷി ലേഖിയെക്കുറിച്ച് ജനങ്ങൾക്ക് മതിപ്പില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗംഭീറിനെ കൊണ്ടുവരാനുള്ള ശ്രമം. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ ഗംഭീറിന്റെ പേര് ബിജെപിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത് ഇതാദ്യമല്ല.