Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഭ വറ്റാതെ ഇംഗ്ലിഷ് ക്രിക്കറ്റ്; അരങ്ങേറ്റത്തിൽ സെഞ്ചുറിയുമായി ഫോക്സ്

ben-foaks അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ബെൻ ഫോക്സ്.

ഗോൾ∙ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി വരവറിയിച്ച് ക്രിക്കറ്റ് പ്രതിഭകളുടെ പട്ടികയിലേക്ക് ഒരു ഇംഗ്ലിഷ് താരം കൂടി. ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമിൽ ജോണി ബെയർസ്റ്റോയുടെ പരുക്കുമൂലം വിക്കറ്റ് കീപ്പറെന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ബെൻ ഫോക്സാണ് സെഞ്ചുറി പ്രകടനത്തിലൂടെ അരങ്ങേറ്റ മൽസരത്തിൽ വരവറിയിച്ചത്. ഇംഗ്ലണ്ടിന്റെ പുകൾപെറ്റ ബാറ്റിങ് നിര അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുമ്പോലാണ് രക്ഷകനായി അവതരിച്ചതെന്നത്, ഇരുപത്തഞ്ചുകാരനായ ഫോക്സിന്റെ ഇന്നിങ്സിന്റെ മാറ്റു കൂട്ടുന്നു.

202 പന്തിൽ 10 ബൗണ്ടറി സഹിതം 107 റൺസെടുത്ത ഫോക്സ്, പത്തരമാറ്റുള്ള ഇന്നിങ്സിനൊടുവിൽ പത്താമനായാണ് പുറത്തായത്. സുരംഗ ലക്മലിന്റെ പന്തിൽ ഡിസിൽവയ്ക്കു ക്യാച്ച് സമ്മാനിച്ചായിരുന്നു ഫോക്സിന്റെ മടക്കം. മാറ്റ് പ്രയറിനു ശേഷം ഇംഗ്ലണ്ടിനായി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ കൂടിയാണ് ഫോക്സ്. 

ഫോക്സ് വ്യക്തിഗത സ്കോർ 87ൽ നിൽക്കെ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 330ൽ നിൽക്കെ ഒൻപതാം വിക്കറ്റ് നഷ്ടമായതാണ്. ഈ സമയത്ത് സെഞ്ചുറിക്ക് അഞ്ചു റൺസ് അകലെയായിരുന്നു ഫോക്സ്. അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ച ദിൽറുവാൻ പെരേരയുടെ ഒരു ഓവർ പതിനൊന്നാമനായ ജയിംസ് ആൻഡേഴ്സൻ അതിജീവിച്ചതോടെ ക്രീസിലെത്തിയ ഫോക്സ്, സുരംഗ ലക്മലിന്റെ ഓവറിൽ രണ്ടു ബൗണ്ടറി കണ്ടെത്തിയാണ് കന്നി ടെസ്റ്റ് സെഞ്ചുറി പിന്നിട്ടത്.

അഞ്ചിന് 103 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ, ആറാം വിക്കറ്റിൽ ജോസ് ബട്‍ലറിനൊപ്പവും (61), ഏഴാം വിക്കറ്റിൽ സാം കറനൊപ്പവും (88), എട്ടാം വിക്കറ്റിൽ ആദിൽ റഷീദിനൊപ്പവും (54) അർധസെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്താണ് ഫോക്സ് കരകയറ്റിയത്. ഒടുവിൽ ലക്മലിന് മൽസരത്തിലെ മൂന്നാം വിക്കറ്റ് സമ്മാനിച്ച് പത്താമനായി പുറത്താകുമ്പോഴേക്കും ഇംഗ്ലണ്ട് സ്കോർ 342ൽ എത്തിക്കാനും ഫോക്സിനായി. അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന 108–ാം താരമെന്ന റെക്കോർഡുമായി 107 റൺസുമായാണ് ഫോക്സ് കൂടാരം കയറിയത്.

related stories