Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാച്ചെടുക്കാനെത്തിയ ബുമ്രയ്ക്ക് ‘പൊള്ളാർഡ് ഷോക്ക്’; സ്തബ്ധനായി താരം – വിഡിയോ

bumrah-pollard ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ പൊള്ളാർഡ് തടസ്സം നിൽക്കുമ്പോൾ ബുമ്രയുടെ പ്രതികരണം.

ലക്നൗ∙ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ കീറൻ പൊള്ളാർഡിന്റെ ക്യാച്ചെടുക്കാനുള്ള ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയുടെ ശ്രമത്തിനിടെ മൈതാനത്ത് നാടകീയ സംഭവങ്ങൾ. ക്യാച്ചിനായി ഓടിയെത്തിയ ബുമ്രയും പവലിയനിലേക്ക് നടന്ന പൊള്ളാർഡും തമ്മിൽ കൂട്ടിയിടി ഒഴിവായത് ഇഞ്ചുകളുടെ വ്യത്യാസത്തിന്. പന്ത് ഉയർന്നുപൊങ്ങിയ ദിശയിലേക്ക് പൊള്ളാർഡ് നടന്നത് ബുമ്രയുടെ ഫീൽഡിങ് തടസ്സപ്പെടുത്താനാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആക്ഷേപം. എന്തായാലും ബുമ്ര ക്യാച്ച് പൂർത്തിയാക്കുകയും പൊള്ളാർഡ് പുറത്താവുകയും ചെയ്തു.

196 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് കൂട്ടത്തകർച്ചയെ നേരിടുന്നതിനിടെ 11–ാം ഓവറിലാണ് സംഭവം. ഓവർ തുടങ്ങുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലായിരുന്നു വിൻഡീസ്. ക്രീസിൽ ദിനേഷ് രാംദിനും (ആറ്), കീറൻ പൊള്ളാർഡും (ആറ്). ഓവറിലെ നാലാം പന്തു നേരിട്ട പൊള്ളാർഡിന്റെ പന്ത് അടിച്ചകറ്റാനുള്ള ശ്രമം പിഴച്ചു. നേരെ ഉയർന്നുപൊങ്ങിയ പന്തു കയ്യിലൊതുക്കാൻ ബുമ്ര ഓടിയെത്തി. ഇതിനിടെ ഔട്ട് ഉറപ്പിച്ചു പവലിയനിലേക്കു നടന്ന പൊള്ളാർഡും അതേ ദിശയിലാണ് എത്തിയത്.

അവസാന നിമിഷം ബുമ്ര ക്യാച്ചെടുക്കാൻ ശ്രമിക്കുന്നത് മനസ്സിലാക്കിയ പൊള്ളാർഡ് കൂട്ടിയിടി ഒഴിവാക്കാൻ (?) കൈ വലിച്ചു. ഫീൽഡറെ തടസ്സപ്പെടുത്തുന്നതിനു തുല്യമായിരുന്നു ഈ നീക്കമെങ്കിലും ബുമ്ര പന്തു കൈപ്പിടിയിലൊതുക്കിയതോടെ രംഗം ശാന്തം. എങ്കിലും പൊള്ളാർഡിന്റെ പെരുമാറ്റത്തിലുള്ള അസന്തുഷ്ടി ബുമ്രയുടെ മുഖത്തു പ്രകടമായിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് ഇരുവരുമെന്നതും കൗതുകകരമാണ്. ഒരു ഘട്ടത്തിലും പിടിച്ചുനിൽക്കാനാകാതെ 124 റൺസിനു പുറത്തായ വിൻഡീസ് മൽസരവും പരമ്പരയും ഇന്ത്യയ്ക്ക് അടിയറവു വയ്ക്കുകയും ചെയ്തു.

related stories