Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടീമുകൾ ‘ചാടിച്ചാടി’ യുവരാജ് മുംബൈ ഇന്ത്യൻസിൽ; ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടോ?

yuvraj-singh-ipl-teams ഇതുവരെ കളിച്ചിട്ടുള്ള ഐപിഎൽ ടീമുകളുടെ ജഴ്സിയിൽ യുവരാജ് സിങ്.

ജയ്പുർ∙ ഇത്തവണത്തെ താരലേലം അവസാനിച്ചതോടെ ഐപിഎല്ലിൽ യുവരാജ് സിങ്ങിന്റെ ആറാമത്തെ ടീമായി മുബൈ ഇന്ത്യൻസ് മാറി. കിങ്സ് ഇലവൻ പഞ്ചാബ്, പുണെ വാരിയേഴ്സ്, ആർസിബി, ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കായി കളിച്ചശേഷമാണ് യുവി മുംബൈയുടെ ഭാഗമാകുന്നത്. ഇപ്പോഴും ഐപിഎല്ലിൽ തുടരുന്ന ടീമുകളിൽ യുവരാജ് കളിച്ചിട്ടില്ലാത്തതു മൂന്നു ടീമുകൾക്കു മാത്രമാണ്; ചെന്നൈ, കൊൽക്കത്ത, രാജസ്ഥാൻ.

യുവിക്കു പുറമെ 1.1 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ഇഷാന്ത് ശർമയ്ക്കും ഐപിഎല്ലിൽ ഇത് ആറാമത്തെ ടീമാണ്. ഇത്രയേറെ ടീമുകളിൽ കളിച്ചിട്ടുള്ള മറ്റൊരു പ്രമുഖ താരം പാർഥിവ് പട്ടേലാണ്. അതേസമയം, ഏഴു ടീമുകളിൽ കളിച്ചിട്ടുള്ള ഓസീസ് താരം ആരോൺ ഫിഞ്ചാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ടീമുകളുടെ ജഴ്സിയണിഞ്ഞ താരം. ഏകദിന ലോകകപ്പ് പ്രമാണിച്ച് ഫിഞ്ച് ഇക്കുറി താരലേലത്തിൽനിന്നും പിൻമാറിയിരുന്നു. 

1003 താരങ്ങളുടെ പ്രഥമ പട്ടികയിൽനിന്ന് വിവിധ ടീമുകൾ താൽപര്യമറിയിച്ച 351 പേരെയാണ് ജയ്പുരിൽ ചൊവ്വാഴ്ച ഐപിഎൽ താരലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എല്ലാ ടീമുകളിലുമായി 70 താരങ്ങളുടെ ഒഴിവാണ് ഉണ്ടായിരുന്നത്. ലേലത്തിനൊടുവിൽ ഒരു ടീമിൽ അനുവദനീയമായ 25 പേരെയും ഉൾപ്പെടുത്തിയത് മൂന്നു ടീമുകൾ മാത്രം. ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് ടീമുകളാണ് അനുവദനീയമായ പരമാവധി താരങ്ങളെ സ്വന്തമാക്കിയത്. അതേസമയം, 21 താരങ്ങളെ മാത്രം ടീമിൽ ‍ഉൾപ്പെടുത്തിയ കൊൽക്കത്തയിൽ നാല് ഒഴിവ് ഇപ്പോഴും ബാക്കി.

∙ യുവരാജിന്റെ മൂല്യത്തിൽ 94% ഇടിവ്!

ആദ്യഘട്ടത്തിൽ ആരും വാങ്ങാനില്ലാതെ പോയ യുവരാജ് സിങ്ങിനെ രണ്ടാം ഘട്ടത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് യുവിയെ മുംബൈ ടീമിലെത്തിച്ചത്. അതേസമയം, യുവരാജിനെ ഒരു കോടി രൂപയ്ക്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ലേലത്തിനു തൊട്ടുപിന്നാലെ ടീം ഉടമ ആകാശ് അംബാനി വ്യക്തമാക്കിയിരുന്നു.

അതേസമയം, യുവരാജിന്റെ മൂല്യത്തിൽ ഗണ്യമായ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. 2015ലെ താരലേലത്തിൽ ഡൽഹി ഡെയർഡെവിൾസ് 16 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് യുവി. എന്നാൽ പ്രകടനം മോശമായതോടെ മൂല്യമിടിഞ്ഞു. കഴിഞ്ഞ തവണ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബാണ് യുവിടെ ടീമിലെത്തിച്ചത്. ഇക്കുറി അടിസ്ഥാന വിലയ്ക്ക് മുംബൈ യുവിടെ വിളിച്ചെടുത്തു. 2015നെ അപേക്ഷിച്ച് യുവിയുടെ മൂല്യത്തിൽ ഉണ്ടായത് 94 ശതമാനം ഇടിവാണ്.

∙ കരുത്തുകാട്ടി കൗമാര താരങ്ങൾ

ഇത്തവണത്തെ ഐപിഎൽ താരലേലത്തിലെ മറ്റൊരു കൗതുകം കോടിപതികളായി മാറിയ ഒരുപിടി കൗമാര താരങ്ങളാണ്. ഇന്ത്യൻ ക്രിക്കറ്റിൽപോലും അത്രകണ്ട് പേരെടുത്തിട്ടില്ലാത്ത ഒരുപിടി താരങ്ങളെയാണ് സൂപ്പർതാരങ്ങളെപ്പോലും വെല്ലുന്ന വില കൊടുത്ത് വിവിധ ടീമുകൾ സ്വന്തമാക്കിയത്.

വെറും 16 വയസ്സ് മാത്രം പ്രായമുള്ള ബംഗാൾ താരം പ്രയാസ് റായ് ബർമൻ തന്നെ ഇവരിലെ കുട്ടിത്താരം. 1.5 കോടി രൂപയ്ക്ക് ആർസിബിയാണ് ബർമനെ ടീമിലെത്തിച്ചത്. ഐപിഎൽ സീസൺ ആരംഭിക്കുമ്പോഴും ബർമനു 17 വയസ്സ് തികയില്ല എന്നതിനാൽ, ഒരു മൽസരമെങ്കിലും കളിക്കാൻ അവസരം ലഭിച്ചാൽ ഐപിഎല്ലിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി ബർമൻ മാറും. 17 വർഷവും 11 ദിവസവും പ്രായമുള്ളപ്പോൾ ഐപിഎൽ അരങ്ങേറ്റം കുറിച്ച അഫ്ഗാൻ താരം മുജീബുർ റഹ്മാനാണ് നിലവിൽ ഈ റെക്കോർഡ് കൈവശം വയ്ക്കുന്നത്.

വെറും 20 ലക്ഷം അടിസ്ഥാന വിലയുമായി ലേലത്തിനെത്തി കോടിപതിയായി മടങ്ങിയ പ്രഭ്സിമ്രാൻ സിങ്ങാണ് മറ്റൊരു കൗമാര താരോദയം. പഞ്ചാബിൽനിന്നുള്ള ഈ കൗമാരക്കാരനെ 4.8 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബാണ് ടീമിലെത്തിച്ചത്. ഇവർക്കു പുറമെ 21–ാം നൂറ്റാണ്ടിൽ ജനിച്ച മൂന്നു താരങ്ങൾക്കൂടി ഇത്തവണത്തെ താരലേലത്തിലൂടെ വിവിധ ഐപിഎൽ ടീമുകളുടെ ഭാഗമായി. റാസിഖ് ദാർ (മുംബൈ), റിയാൻ പരാഗ് (രാജസ്ഥാൻ), മലയാളിയായ ദേവദത്ത് പടിക്കൽ (ആർസിബി) എന്നിവർ.

∙ ‘സിക്സ്’ അടിച്ച് വിൻഡീസ്, ഇംഗ്ലണ്ടിന് അഞ്ച്

ഇന്ത്യൻ പ്രീമിയർ ലീഗ് ഒരിക്കൽക്കൂടി വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ പറുദീസയാകുന്ന കാഴ്ചയാണ് ജയ്പുരിൽ കണ്ടത്. ആകെ 20 വിദേശ താരങ്ങളെ ടീമുകൾ വിളിച്ചെടുത്തതിൽ ആറു പേരും വിൻഡീസുകാരാണ്. അഞ്ച് ഇംഗ്ലണ്ട് താരങ്ങളെയും ടീമുകൾ വിളിച്ചെടുത്തു.

ആകെ 17 കോടി രൂപയാണ് വിൻഡീസ് താരങ്ങൾക്കു മാത്രമായി എല്ലാ ടീമുകളും കൂടി മുടക്കിയത്. എന്നാൽ, ഈ ആറു പേരുടെ അടിസ്ഥാന വില 3.4 കോടി മാത്രമായിരുന്നു. അഞ്ചു കോടി രൂപ വില ലഭിച്ച കാർലോസ് ബ്രാത്ത്‌വയ്റ്റാണ് ഏറ്റവും കൂടുതൽ തുക ലഭിച്ച വിൻഡീസ് താരം. ഷിമ്രോൺ ഹെറ്റ്മിയർ, നിക്കോളാസ് പുരാൻ എന്നിവർക്ക് 4.2 കോടി വീതം ലഭിച്ചു.

ആദ്യമായി ലേലത്തിനെത്തിയ അഞ്ച് ഇംഗ്ലണ്ട് താരങ്ങൾക്കും ലേലം കോളായി. സാം കറൻ, ജോണി ബെയർസ്റ്റോ, ജോ ഡെൻലി, ഹാരി ഗുർണി, ലിയാം ലിവിങ്സ്റ്റൺ എന്നിവരാണ് പുതിയതായി ഐപിഎല്ലിലേക്കെത്തുന്ന ഇംഗ്ലണ്ട് താരങ്ങൾ. ഇവരിൽ കൂടുതൽ വില ലഭിച്ചത് സാം കറനാണ്. 7.2 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബാണ് കറനെ ടീമിലെത്തിച്ചത്.

∙ മിന്നിത്തിളങ്ങി ഇന്ത്യൻ പേസ് ബോളർമാർ

ലേലത്തിനുണ്ടായിരുന്ന ഇന്ത്യൻ പേസ് ബോളർമാർക്കും ഐപിഎൽ ലേലം ചാകരയായി. സീസണിലെ ഏറ്റവും കൂടിയ വില ലഭിച്ച ജയ്ദേവ് ഉനദ്കട് ഉൾപ്പെടെയുള്ളവർ കോടിപതികളായി. ആരും വിളിക്കാതെ പോയ ഇന്ത്യൻ പേസർമാർ കർണാടകക്കാരായ വിനയ് കുമാർ, അഭിമന്യു മിഥുൻ എന്നിവർ മാത്രം.

ജയ്‌ദേവ് ഉനദ്കടിനെ 8.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് വിളിച്ചെടുത്തത്. 1.5 കോടി മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന സ്ഥാനത്താണ് ജയ്ദേവിന് 8.4 കോടി ലഭിച്ചത്. അഞ്ചു കോടി ലഭിച്ച മോഹിത് ശർമ (ചെന്നൈ), ശിവം ദുബേ (ആർസിബി) എന്നിവരും 4.2 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച മുഹമ്മദ് ഷമിയും ഇക്കൂട്ടത്തിലുണ്ട്.

related stories