Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ നമ്പർ 101

all-india-football-federation-logo

ന്യൂഡൽഹി ∙ സമീപകാല വിജയങ്ങളുടെ കരുത്തിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്കു വൻ കുതിപ്പ്. ഒറ്റയടിക്കു 31 സ്ഥാനങ്ങൾ കയറിയ ഇന്ത്യ ലോക ഫുട്ബോൾ ‍സംഘടനയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ 101–ാം സ്ഥാനത്തേക്കു കുതിച്ചെത്തി. രണ്ടു ദശകത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്ഥാനമാണിത്. 1996 മേയിലും ഇന്ത്യ 101–ാം റാങ്കിലെത്തിയിരുന്നു. കഴിഞ്ഞ റാങ്കിങ്ങിൽ ഇന്ത്യയ്ക്കു 132–ാം റാങ്കായിരുന്നു. സമീപകാല വിജയങ്ങളുടെ പശ്ചാത്തലത്തിൽ ഏഷ്യയിൽ 11–ാം റാങ്കിലാണ് ഇന്ത്യൻ ടീം. 1996 ഫെബ്രുവരിയിൽ 94–ാം സ്ഥാനത്തെത്തിയതാണു ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. 93 നവംബറിൽ 99–ാം സ്ഥാനത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ രണ്ടുവർഷത്തിനിടെ കളിച്ച 13 രാജ്യാന്തര മത്സരങ്ങളിൽ 11ലും ഇന്ത്യൻ ടീം വിജയം കണ്ടിരുന്നു. 31 ഗോളുകളും ടീം അടിച്ചു.

ഏഷ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ യോഗ്യതാ മത്സരത്തിൽ മ്യാൻമറിനെ 1–0നു തോൽപിച്ചതാണ് ഏറ്റവുമൊടുവിലത്തെ നേട്ടം. 64 വർഷത്തിനുശേഷമാണു മ്യാൻമറിനെ ഇന്ത്യ തോൽപിക്കുന്നത്. അതിനു മുൻപ് സൗഹൃദമത്സരത്തിൽ കംബോഡിയയെ 3–2നു തോൽപിച്ചിരുന്നു. കഴിഞ്ഞ വർഷം പോർട്ടറീക്കോയെ 4–1നു തകർത്തതും റാങ്കിങ് മുന്നേറ്റത്തിനു സഹായിച്ചു.

പുതുതാരങ്ങളെ കൊണ്ടുവന്നതും കൂടുതൽ മത്സരങ്ങൾക്ക് അവസരമൊരുക്കിയതുമാണു ടീമിനെ പുരോഗതിയിലേക്കു നയിച്ചതെന്നു കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ വെളിപ്പെടുത്തി. ടീമിന്റെ സമ്പൂർണ പ്രയത്നത്തിന്റെ ഫലമാണിത്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പിന്തുണകൊണ്ടുമാത്രമാണു തനിക്കു ടീമിനെ നന്നായി ഒരുക്കാൻ കഴിയുന്നതെന്നും കോൺസ്റ്റന്റൈൻ കൂട്ടിച്ചേർത്തു. ജൂൺ ഏഴിനു ലബനനുമായി ഇന്ത്യ നാട്ടിൽ സൗഹൃദമത്സരം കളിക്കുന്നുണ്ട്.

13ൽ 11 ജയം

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അവസാനത്തെ 13 മൽസരങ്ങൾ (തീയതി, എതിരാളി, സ്കോർ എന്ന ക്രമത്തിൽ)

12 നവംബർ 2015 ഗുവാം                   1–0

25 ഡിസംബർ 2015 ശ്രീലങ്ക          2–0

27 ഡിസംബർ 2015 നേപ്പാൾ        4–1

31 ഡിസംബർ 2015 മാലദ്വീപ്        3–2

മൂന്ന് ജനുവരി 2016 അഫ്ഗാനിസ്ഥാൻ     2–1

24 മാർച്ച് 2016 ഇറാൻ                   0–4 (തോൽവി)

29 മാർച്ച് 2016 തുർക്മെനിസ്ഥാൻ    1–2 (തോൽവി)

രണ്ട് ജൂൺ 2016 ലാവോസ്        1–0

ഏഴ് ജൂൺ 2016 ലാവോസ്        6–1

13 ഓഗസ്റ്റ് 2016 ഭൂട്ടാൻ                   3–0

മൂന്ന് സെപ്റ്റംബർ 2016 പോർട്ടോറിക്ക        4–1

22 മാർച്ച് 2017 കംബോഡിയ        3–2

28 മാർച്ച് 2017 മ്യാൻമർ        1–0

Your Rating: