Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തേജകത്തിൽ കുടുങ്ങി സുബ്രതോ പോൾ

sp-subrato-2-col

ന്യൂഡൽഹി ∙ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ സുബ്രതോ പോൾ ഉത്തേജക മരുന്നു വിവാദത്തിൽ കുടുങ്ങി. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യുടെ പരിശോധനയിൽ സുബ്രതോ പോൾ പരാജയപ്പെട്ടതായി  അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അധികൃതർ സ്ഥിരീകരിച്ചു.

മാർച്ച് 18നു മുംബൈയിൽ നടന്ന ഇന്ത്യൻ ഫുട്ബോൾ ടീം ക്യാംപിനിടെയാണു പരിശോധന നടത്തിയത്. ‘എ’ സാംപിൾ പരിശോധനയിൽ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ‘ബി’ സാംപിൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു. ഇതിലും പരാജയപ്പെട്ടാൽ സുബ്രതോയ്ക്കു നാലു വർഷം വരെ വിലക്കു നേരിടേണ്ടിവരും. 

എന്നാൽ താൻ നിരപരാധിയാണെന്നും ‘ബി’ സാംപിൾ പരിശോധനയിൽ ഇതു വ്യക്തമാകുമെന്നുമായിരുന്നു സുബ്രതോ പോളിന്റെ പ്രതികരണം. തനിക്കു നാഡയിൽ നിന്നോ ഫുട്ബോൾ ഫെഡറേഷനിൽനിന്നോ ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽനിന്നാണു  വിവരമറിഞ്ഞതെന്നും സുബ്രതോ പറഞ്ഞു.

പത്തുവർഷമായി കളത്തിലുള്ള താൻ ഇത്തരമൊരു കാര്യം ചെയ്യില്ലെന്നും തന്റെ ആരാധകരും സുഹൃത്തുക്കളും സത്യം തിരിച്ചറിയുമെന്നും അദ്ദേഹം പ്രതികരിച്ചു. 

2007ൽ ദേശീയ താരമായി അരങ്ങേറിയ സുബ്രതോ പോൾ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണു കരുതപ്പെടുന്നത്. 64 തവണ രാജ്യത്തിനു വേണ്ടി ഗോൾവല കാത്തിട്ടുണ്ട്.

2007, 2009 വർഷങ്ങളിൽ നെഹ്റു ട്രോഫി കിരീട നേട്ടത്തിൽ ഏറെ സംഭാവന ചെയ്തിട്ടുള്ള സുബ്രതോയെ കഴിഞ്ഞ വർഷം അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു. 

കഴിഞ്ഞ മാസം കംബോഡിയയ്ക്കെതിരെയും മ്യാൻമറിനെതിരെയും നടന്ന മൽസരത്തിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും അവസാന 11ൽ ഇടം നേടിയില്ല. ഇതിനൊരുക്കമായി നടന്ന ക്യാംപിലെ പരിശോധനയാണു സുബ്രതോയ്ക്കെതിരെ വന്നിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമാണു മുപ്പതുകാരനായ സുബ്രതോ പോൾ.