Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ ഗ്രിഗറി ചെന്നൈയിൻ പരിശീലകൻ

sp-gregory

ചെന്നൈ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയുടെ മാനേജർ ജോൺ ഗ്രിഗറി ഇനി ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ചെന്നൈയിൻ എഫ്സി കോച്ച്. ഇറ്റലിയുടെ മാർക്കോ മറ്റെരാസിക്കു പകരമാണു നിയമനം. താരമായും പരിശീലകനായും നാലു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള 63 വയസ്സുകാരൻ ഗ്രിഗറി ഇംഗ്ലണ്ട് ടീമിനു വേണ്ടി നാലു തവണ ജഴ്സിയണിഞ്ഞിട്ടുണ്ട്. പോർട്സ്മൗത്തിൽ പരിശീലക ജോലിക്കു തുടക്കമിട്ട ഗ്രിഗറി പിന്നീടു പ്ലിമത്ത് ആർജൈൽ, വൈകോംബ് വാൻഡറേഴ്സ് ടീമുകളെ പരിശീലിപ്പിച്ചു. ആസ്റ്റൺ വില്ലയ്ക്കൊപ്പമുള്ള നാലു വർഷമാണു ഗ്രിഗറിയെ ഏറെ ശ്രദ്ധേയനാക്കിയത്. 

പഴയ വെംബ്ലി സ്റ്റേഡിയത്തിലെ അവസാന എഫ്എ കപ്പിൽ (2000ൽ) ഗ്രിഗറിയുടെ കീഴിൽ ആസ്റ്റൺ വില്ല റണ്ണേഴ്സ് അപ് ആയി. 2002ൽ ആസ്റ്റൺ വില്ല വിട്ടശേഷം ഗ്രിഗറി, ഡെർബി കൗണ്ടിയുടെയും ക്യൂൻസ് പാർക് റേഞ്ചേഴ്സിന്റെയും പ്രധാന കോച്ച് ആയിരുന്നു. പിന്നീട് രണ്ട് ഇസ്രയേൽ ടീമുകളെ പരിശീലിപ്പിച്ച ഗ്രിഗറി ഏറ്റവുമൊടുവിലായി ഇംഗ്ലണ്ടിലെ മൂന്നാംനിര ടീമായ ക്രൗളി ടൗണിനൊപ്പമായിരുന്നു.