Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ ലോകത്ത് വീണ്ടും വില്ലനായി വിഎആർ; എന്താണീ വിഎആർ?

VAR-MATA

പരിശീലകരുടെയും കളിക്കാരുടെയും അപ്രീതിക്കു പാത്രമാകുന്ന വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം വീണ്ടും ലോക ഫുട്ബോളിൽ വില്ലനാകുന്നു. ഇംഗ്ലിഷ് എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റ‍ഡും ഹഡർസ്ഫീൽഡും തമ്മിലുള്ള മൽസരത്തിലും ജർമൻ ബുന്ദസ്‌ലിഗയിൽ കോളോൻ–ഹാനോവർ, ഷാൽക്കെ–ഹൊഫെൻഹൈം മൽസരങ്ങളിലും വിഎആർ രസംകൊല്ലിയായി. രണ്ടു കളിയിലും ഓഫ്സൈഡ് തീരുമാനങ്ങളിലൂടെ വിഎആർ ഗോൾ നിഷേധിക്കുകയായിരുന്നു. 

മാഞ്ചസ്റ്റർ യുണൈറ്റഡ്–ഹഡർസ്ഫീൽഡ്

ആദ്യപകുതിയിൽ യുവാൻ മാട്ട ഹഡർസ്ഫീൽഡ് വലയിൽ പന്തെത്തിച്ചെങ്കിലും വിഎആർ ഓഫ്സൈഡ് വിധിച്ചു. എന്നാൽ, മാട്ടയ്ക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാവുന്ന ഓഫ്സൈഡ് ആയിരുന്നു അത്. മൽസരശേഷം ഹഡർസ്ഫീൽഡ് പരിശീലകൻ ഡേവിഡ് വാഗ്‌നർ തന്നെ വിഎആറിനെ വിമർശിച്ചു.

‘‘തീരുമാനം ഞങ്ങൾക്ക് അനുകൂലമായി എന്നതു ശരി തന്നെ. പക്ഷേ, ഇത്തരം സംവിധാനങ്ങൾ കളിയുടെ വൈകാരികതയെ കൊല്ലുന്നു എന്നാണ് എന്റെ അഭിപ്രായം..’’– വാഗ്‌നർ പറഞ്ഞു. 

കൊളോൻ–ഹാനോവർ

ഹാനോവറിനെതിരെ ഇൻജുറി ടൈമിലാണ് കോളോൻ താരം ക്ലോഡിയോ പിസാറോ വലയിൽ പന്തെത്തിച്ചത്. എന്നാൽ കൊളോൻ താരങ്ങളുടെ ആഘോഷത്തിനിടെ റഫറി വിഎആറിന്റെ സഹായം തേടി.

കൊളോൻ താരം മാഴ്‍സൽ റിസ്സെ ഓഫ്സൈഡ് ആയിരുന്നു എന്നായിരുന്നു വിഎആർ വിധി. തൊട്ടു പിന്നാലെ നടന്ന മൽസരത്തിൽ ഹൊഫെൻഹൈമിനെതിരെ ഷാൽക്കെയുടെ അലസാന്ദ്രോ ഷോഫ് നേടിയ ഗോളിനും അതേ വിധിയായി.

ശരി തന്നെ, പക്ഷേ...? 

സാങ്കേതികമായി ഫുട്ബോളിനെ കുറ്റമറ്റതാക്കുന്നതാണ് വിഎആർ എന്നാണ് ഈ സംവിധാനത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ കളിയുടെ നാടകീയതയെയും ആവേശത്തെയും കൊല്ലുന്നു എന്ന് വിമർശകർ പറയുന്നു. ഗോളടിച്ചതിന്റെ ആഘോഷമടങ്ങും മുൻപ് തീയിൽ വെള്ളമൊഴിക്കുന്നതുപോലെ വിഎആർ സ്റ്റേഡിയത്തെ നിശബ്ദമാക്കുന്നു എന്നാണ് വാദം.

2

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊളോനിനെതിരായ മൽസരത്തിൽ രണ്ടുവട്ടം വിഎആർ തീരുമാനം ടീമിന് അനുകൂലമായിട്ടും ബോറൂസിയ ഡോർട്ട്മുണ്ട് ആരാധകർ ഈ സാങ്കേതിക വിദ്യക്കെതിരെ ‘നിങ്ങൾ ഞങ്ങളുടെ കളിയെ കൊല്ലുന്നു’ എന്ന ബാനറുകൾ ഉയർത്തിയിരുന്നു.

എങ്ങനെ വേണം?

ഫുട്ബോളിൽ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന വിശാലമായ ചോദ്യത്തിലേക്കാണ് വിഎആർ വിവാദം വിരൽ ചൂണ്ടുന്നത്. ഗോൾലൈൻ ടെക്നോളജി പോലെ അനായാസം കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താത്ത സംവിധാനമായി വിഎആർ മാറണം വിദഗ്ധർ പറയുന്നത്. വിഎആർ വൻവിജയമാണ് എന്നായിരുന്നു കഴിഞ്ഞ വർഷം കോൺഫെഡറേഷൻസ് കപ്പ് ഫൈനലിനു മുൻപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞത്.

എന്നാൽ, തീരുമാനമെടുക്കുന്നതിലെ വേഗം അടക്കമുള്ള കാര്യങ്ങളിൽ പുരോഗതി വേണമെന്നും ഇൻഫന്റിനോ സമ്മതിച്ചു. അഞ്ചുദിവസങ്ങൾ കൊണ്ടാണു കോൺഫെഡറേഷൻസ് കപ്പിലെ റഫറിമാർക്കു വിഎആർ പരിശീലനം നൽകിയത്. സംവിധാനം ഔചിത്യപൂർവം ഉപയോഗിക്കാൻ ഇതു മതിയാകില്ല എന്നു ഫിഫ ഹെഡ് റഫറി ബുസാക്കയും പറഞ്ഞിരുന്നു.

എന്താണ് വിഎആർ ?

ക്രിക്കറ്റിലെ മൂന്നാം അംപയർ സംവിധാനം പോലെ ഫുട്ബോളിൽ റഫറിക്കു തീരുമാനം ഉറപ്പു വരുത്താൻ വിഡിയോ റിപ്ലേയുടെ സഹായം തേടാവുന്ന സംവിധാനമാണു വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ). 

3

നാലു കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനു വിഎആറിന്റെ സഹായം തേടാം. ഗോളുകൾ, പെനൽറ്റി, ചുവപ്പു കാർഡ്, കാർഡ് കൊടുക്കേണ്ട കളിക്കാരനെ തിരിച്ചറിയാൻ. ഇതിനായി ഒരു വിഡിയോ ഓപ്പറേഷൻ റൂമും മൂന്നു വിഡിയോ റഫറിമാരും സ്റ്റേഡിയത്തിലുണ്ടാകും.

എങ്ങനെയാണ് വിഎആർ?

തീരുമാനമെടുക്കുന്നതിൽ സംശയമുണ്ടെങ്കിൽ റഫറിക്ക് വിഎആറിന്റെ സഹായം തേടാം. ദൃശ്യം പരിശോധിച്ചതിനുശേഷം വിഎആർ റഫറിക്ക് സന്ദേശം നൽകും. റഫറിക്കു മുൻപിൽ രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്നുകിൽ വിഎആറിന്റെ തീരുമാനം സ്വീകരിക്കാം. 

അല്ലെങ്കിൽ സൈഡ്‌ലൈനിന് അപ്പുറമുള്ള റഫറി റിവ്യൂ ഏരിയയിലെ സ്ക്രീനിൽ ദൃശ്യം കണ്ട് സ്വന്തം നിലയ്ക്ക് തീരുമാനം ഒന്നുകൂടി ഉറപ്പുവരുത്താം.

വിഎആർ വന്ന വഴി

ഫുട്ബോൾ നിയമങ്ങൾ ക്രോഡീകരിക്കുന്ന ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഇഫാബ്) 2016 ജൂണിൽ നടന്ന യോഗത്തിലാണു വിഎആറിന് അംഗീകാരം നൽകിയത്. അമേരിക്കൻ മേജർ ലീഗ് സോക്കറിലെ ഒരു മൽസരത്തിലാണു വിഎആർ സംവിധാനം ആദ്യം പരീക്ഷിച്ചത്. ഫ്രാൻസും ഇറ്റലിയും തമ്മിലുള്ള ഒരു സൗഹൃദ മൽസരത്തിലൂടെ വിഎആർ സംവിധാനം രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറി. 2016 ഫിഫ ക്ലബ് ലോകകപ്പ് ഫൈനലാണു വിഎആർ സംവിധാനം ഉപയോഗപ്പെടുത്തിയ ആദ്യ പ്രധാന ക്ലബ് മൽസരം. 2017ഫിഫ അണ്ടർ–20 ലോകകപ്പിലും കോൺഫെഡറേഷൻ കപ്പിലും വിഎആർ പൂർണമായി നടപ്പാക്കി.