Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പിന്റെ ക്ഷീണം മാറ്റി സൂപ്പർടീമുകൾ വീണ്ടും കളത്തിൽ; ഇന്ന് ജർമനി–ഫ്രാൻസ്

france-team-practise ജർമനിയെ നേരിടുന്നതിനു മുന്നോടിയായി ഫ്രഞ്ച് ടീമംഗങ്ങൾ പരിശീലനത്തിൽ.

മ്യൂണിക്ക്∙ ലോകകപ്പിനു ശേഷമുള്ള കൂളിങ് ഓഫ് ടൈമിന് അവധികൊടുത്ത് രാജ്യാന്തര മൽസരങ്ങളുടെ അരങ്ങത്തേക്കുള്ള മടങ്ങിവരവിനൊരുങ്ങി സൂപ്പർ ടീമുകൾ.  റഷ്യൻ ലോകകപ്പ് സമ്മാനിച്ച മധുര സ്മരണകളിൽ ഇറങ്ങുന്ന ക്രൊയേഷ്യ പോർച്ചുഗലിനെ നേരിടും. ലോകകപ്പിൽ ആദ്യ റൗണ്ടിലെ പരാജയം സമ്മാനിച്ച കണ്ണുനീരുമായി നാട്ടിലേക്കു മടങ്ങിയ ജർമനിക്ക് നേഷൻസ് ലീഗ് മൽസരത്തിൽ ഇന്ന് എതിരിടേണ്ടത് അൽപം കടുത്ത എതിരാളികളെയാണ്, ലോകചാംപ്യന്മാരായ ഫ്രാൻസിനെ!

ലോകകപ്പിനു ശേഷമുള്ള ആദ്യ മൽസരത്തിൽ ജർമനിക്കു പലതും തെളിയിക്കാനുണ്ടെന്നു പരിശീലകൻ യൊക്കിം ലോ പറഞ്ഞുകഴിഞ്ഞു. ഗോൾ നേടാനുള്ള വ്യഗ്രതയിൽ മധ്യനിര ഒന്നാകെ എതിർ ഗോൾമുഖത്തേക്കു ഇരമ്പിയെത്തുമ്പോൾ പ്രതിരോധക്കോട്ടയിലുണ്ടായ വിള്ളലുകളാണു ജർമനിക്കു ലോകകപ്പിൽ വിനയായതെന്നാണു ലോയുടെ ഭാഷ്യം. ഫ്രാൻസിനെതിരായ മൽസരത്തിൽ പ്രഥമ പരിഗണന പ്രതിരോധത്തിനാണെന്നും ആർസനൽ താരം മെസൂട്ട് ഓസിലിന്റെ വിരമിക്കൽ പ്രഖ്യാപനം അടഞ്ഞ അധ്യായമാണെന്നും ലോ വ്യക്തമാക്കി.  

നെതർലൻഡ്ഡ്–പെറു മൽസരവും ഇന്നു നടക്കും. യുഎസ്എയ്ക്കെതിരായ ബ്രസീലും ഗ്വാട്ടിമലയ്ക്കെതിരെ അർജന്റീനയും ശനിയാഴ്ച ഇറങ്ങും.