Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം

salah സതാംപ്ടനെതിരെ ഗോളടിച്ച മുഹമ്മദ് സലായുടെ ആഹ്ലാദം.

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ‌ മുൻനിര ടീമുകളായ ലിവർപൂളും  മാഞ്ചസ്റ്റർ സിറ്റിയും വിജയം കണ്ടപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത സമനില. മാഞ്ചസ്റ്റർ സിറ്റി എതിരാല്ലാത്ത അഞ്ചു ഗോളിനു കാർഡിഫ് സിറ്റിയെ തറപറ്റിച്ചു.   സതാംപ്ടനെതിരെ 3–0നാണ് ലിവർപൂളിന്റെ ജയം. വൂൾവ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1–1നു തളച്ചപ്പോൾ ഫുൾഹാം വാറ്റ്ഫഡിനെയും 1–1 സമനിലയിൽ പിടിച്ചു.  3–1ന് ഹഡർസ്ഫീൽ‌ഡിനെ വീഴ്ത്തി ലെസ്റ്റർ സിറ്റിയും കരുത്തുകാട്ടി.

സ്വിറ്റ്‌സർലൻഡ് താരം ഷെർദാൻ ഷാഖിരി ലിവർപൂൾ ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ ആദ്യ പ്രീമിയർ ലീഗ് മൽസരത്തിൽ മികച്ച ഒത്തിണക്കത്തോടെ കളിച്ച ലിവർപൂൾ സതാംപ്ടനെതിരെ അനായാസം വിജയം കണ്ടു. പത്താം മിനിറ്റിൽ ഷാഖിരിയുടെ ഷോട്ട് സതാംപ്ടൻ താരം ഹോയ്ഡിന്റെ കാലിലിടിച്ച് ഗതിമാറി പോസ്റ്റിലേക്കു പതിച്ചതോടെ ലിവർപൂൾ മുന്നിലെത്തി. 21–ാം മിനിറ്റിൽ അലക്സാണ്ടർ അർനോൾഡിന്റെ കോർണറിൽ തലവച്ച് ജോയൽ മാറ്റിപ്പ് ലിവർപൂളിന്റെ ലീഡ് വർധിപ്പിച്ചു. ആദ്യ പകുതിയുടെ അധികസമയത്ത് മുഹമ്മദ് സലായും ഗോളടിച്ചു. നാലു കളികളിലെ ഗോൾ വരൾച്ചയ്ക്കു വിരാമമിട്ടുകൊണ്ടാണു സലായുടെ ഗോൾ നേട്ടം.

മാഞ്ചസ്റ്റർ സിറ്റി ജഴ്സിയിൽ മുന്നൂറാം മൽസരത്തിനിറങ്ങിയ സെർജിയോ അഗ്യുറോയുടെ ഗോളിൽ‌ മുന്നിലെത്തിയ സിറ്റിയ്ക്ക് കാർഡിഫിനെതിരെ വമ്പൻ ജയം സമ്മാനിച്ചത് റിയാദ് മഹെറെസിന്റെ ഇരട്ടഗോളാണ്. ബെർണാർഡോ സിൽവ, ഗൻഡോഗൻ എന്നിവരും ലക്ഷ്യം കണ്ടു. വൂൾവിസിനെതിരെ 18–ാം മിനിറ്റൽ ഫ്രെഡിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും 53–ാം മിനിറ്റിൽ പോർച്ചുഗൽ താരം ജാവോ മോട്ടീഞ്ഞോയുടെ ഗോളിൽ വൂൾവസ് സമനില പിടിച്ചു.