Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റ്യാനോയുടെ സഹതാരം, മെസ്സിയുടെ ആരാധകൻ

Modric ലൂക്ക മോഡ്രിച്ച്

ലൂക്ക മോഡ്രിച്ച് ഭൂമിയുടെ ഫുട്ബോളറാണ്. കഠിനാധ്വാത്തിന്റെ വിയർപ്പു തുള്ളികൾ പൊഴിക്കുന്ന, മണ്ണിന്റെ പുത്രൻ. ക്രൊയേഷ്യയുടെ പടിഞ്ഞാറേ അറ്റത്ത് അഡ്രിയാറ്റിക് കടലിന്റെ തീരത്തുള്ള സദർ എന്ന പട്ടണത്തിൽ രണ്ട് ലൂക്ക മോഡ്രിച്ചുമാരുണ്ടായിരുന്നു. ഒരാൾ വർഷങ്ങൾക്കു മുൻപ് സെർബിയൻ വിമതരാൽ കൊല ചെയ്യപ്പെട്ട മുത്തച്ഛൻ ലൂക്ക മോഡ്രിച്ച്. മറ്റൊന്ന് റഷ്യ ലോകകപ്പിൽ രണ്ടാം സ്ഥാനത്തിന്റെ തിളക്കവുമായി മടങ്ങിയ ക്രൊയേഷ്യയെ നയിച്ച കൊച്ചു മകൻ ലൂക്ക മോഡ്രിച്ച്. ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരകാലത്ത് ഹോട്ടലുകളിലായിരുന്നു മോഡ്രിച്ചിന്റെയും കുടുംബത്തിന്റെയും താമസം. ക്രൊയേഷ്യയിലെ രക്തം ചിന്തിയ തെരുവുകളിൽ പന്തുപട്ടിപ്പഠിച്ച മോഡ്രിച്ച് പിന്നീടു ഫുട്ബോളിലെ ഒന്നാം നിര താരങ്ങൾക്കൊപ്പം ഉദിച്ചുയർന്നു എന്നത് ചരിത്രം.

സദറിൽ നിന്നു വന്ന കാറ്റടിച്ചാൽ വീണു പോകുന്ന പയ്യന് ക്രൊയേഷ്യയിലെ മികച്ച ക്ലബുകളിൽ ഒന്നായ ഹാദുക് സ്പ്ലിറ്റ് ഇടം നൽകിയില്ല. എന്നാൽ പിന്നീട് ക്രൊയേഷ്യൻ ക്ലബ് ഡൈനമോ സാഗ്രെബ് വഴി മോഡ്രിച്ച് ടോട്ടനം ഹോട്സ്പറിലെത്തി. 2012ൽ റയൽ മഡ്രിഡിലെത്തിയതോടെ ‘ആധുനിക മോഡ്രിച്ച് യുഗം’ തുടങ്ങുന്നു.  സ്പാനിഷ് ക്ലബിനൊപ്പം നാലു ചാംച്യൻസ് ലീഗ് കിരീടങ്ങൾ. ഇപ്പോൾ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിനൊപ്പം ഇത്തവണത്തെഫിഫ ദ് ബെസ്റ്റ് പുരസ്കാരവും മുപ്പത്തിമൂന്നുകാരനായ ലൂക്കാ മോഡ്രിച്ചിനു സ്വന്തം.

ലോക ഫുട്ബോളിലെ താര രാജാക്കന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും ലയണൽ മെസ്സിയുമായും വല്ലാത്തൊരു ക്രെമിസ്ട്രി മോഡ്രിച്ചിനുണ്ട്. 2012 മുതലുള്ള ആറു വർഷക്കാലം മോഡ്രിച്ച് റയൽ മഡ്രിഡിൽ പന്തു തട്ടിയത് ക്രിസ്റ്റ്യാനോയ്ക്കൊപ്പമാണ്; മോഡ്രിച്ചിന്റെ ഇഷ്ടതാരമാകട്ടെ, റയലിന്റെ ചിരവൈരികളായ ബാർസയിൽ കളിക്കുന്ന മെസ്സിയും! മോഡ്രിച്ചിന്റെ പുരസ്കാര നേട്ടത്തോടെ ഫുട്ബോളിലെ ക്രിസ്റ്റ്യാനോ യുഗമോ മെസ്സി യുഗമോ അവസാനിക്കുന്നില്ല.

മോഡ്രിച്ച് യുഗം തുടങ്ങുന്നുമില്ല. മാറിവരുന്ന പരിശീലകർക്കു കീഴിൽ മധ്യനിരയിലെ തന്റെ ദൗത്യം ഭംഗിക്കുക മാത്രമാണു മോഡ്രിച്ച് ചെയ്യുന്നത്. വൈകിയ വേളയില ഫിഫ ദ് ബെസ്റ്റ് പുരസ്കാരനേട്ടം മോഡ്രിച്ചിന്റെ മികവിനുള്ള എളിയ അംഗികാരം മാത്രം.