Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ ഫുട്ബോളിന്റെ നായകൻ

PETER VELAPPAN DATO പീറ്റർ വേലപ്പൻ

പീറ്റർ വേലപ്പന്റെ നിര്യാണത്തിലൂടെ ഏഷ്യൻ ഫുട്ബോളിന് അതിന്റെ ശക്തനായ നേതാവിനെയാണു നഷ്ടമായത്. ഏഷ്യയിൽ ഫുട്ബോളിന്റെ വളർച്ചയെക്കുറിച്ച് ഊണിലും ഉറക്കത്തിലും ചിന്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) ജനറൽ സെക്രട്ടറി പദവിയിൽ ഏറ്റവുമധികം കാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിനു യോജിച്ച വിശേഷണം ഇതാണ് – ഏഷ്യൻ ഫുട്ബോളിന്റെ നെടുംതൂൺ. ലോകത്തിനു മുന്നിൽ ഏഷ്യൻ ഫുട്ബോളിനു ശബ്ദം നൽകിയ നായകൻ!

ഫുട്ബോളിന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവന വലുതാണ്. 2002ൽ ജപ്പാൻ – കൊറിയ എന്നിവയിലൂടെ ഏഷ്യയിലേക്ക് ആദ്യ ലോകകപ്പ് വിരുന്നെത്തിയപ്പോൾ സംഘാടനത്തിന്റെ മുൻനിരയിലുണ്ടായിരുന്നു വേലപ്പൻ. ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഏഷ്യ സജ്ജമാണെന്നു ലോക നേതാക്കളെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.

ഒരു രാജ്യത്തു ലോകകപ്പ് നടത്തുന്നതു തന്നെ സംഘാടനതലത്തിൽ അതീവ ശ്രമകരമാകുമ്പോഴാണ് രണ്ടു രാജ്യങ്ങളിലായി ഫുട്ബോൾ മാമാങ്കം വിജയകരമായി നടത്താമെന്നു വേലപ്പനും സംഘവും തെളിയിച്ചത്. ലോകത്തെ മികച്ച ഫുട്ബോൾ സംഘാടകരുടെ പട്ടികയിൽ തലപ്പത്താണ് അദ്ദേഹത്തിന്റെ സ്ഥാനം.

ഫുട്ബോളിന്റെ നന്മയ്ക്കായി നിലപാടുകളെടുത്തപ്പോൾ ആരെയും കൂസാതെ, എന്തും വെട്ടിത്തുറന്നു പറയാനുള്ള ആർജവം അദ്ദേഹം കാട്ടി. ഏഷ്യൻ ഫുട്ബോളിന്റെ നടത്തിപ്പിൽ പ്രഫഷനലിസം കൊണ്ടുവന്ന അദ്ദേഹം, ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ചയിലും അതീവ ശ്രദ്ധ പുലർത്തി. കൂടിക്കാഴ്ചകളിലെല്ലാം ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളിലെത്തിക്കുന്നതിനെക്കുറിച്ച് അദ്ദേഹം എന്നോട് വാതോരാതെ സംസാരിച്ചു. ഫുട്ബോളിന്റെ വളർച്ചയ്ക്കായി നടപ്പാക്കിയ ‘വിഷൻ ഏഷ്യ’ പദ്ധതിയുടെ ചുമതലക്കാരനെന്ന നിലയിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അദ്ദേഹം ഫുട്ബോളിന്റെ ശക്തനായ പ്രചാരകനായി.

ഫുട്ബോൾ വികസനവുമായി ബന്ധപ്പെട്ടു മലയാള മനോരമ 2010ൽ കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്തു വേലപ്പൻ നൽകിയ ക്രിയാത്മക നിർദേശങ്ങൾ ഇന്ത്യൻ ഫുട്ബോളിനു വഴികാട്ടിയായി. രാജ്യത്തു ഫുട്ബോളിനുള്ള അനന്ത സാധ്യതകൾ അദ്ദേഹം മുൻകൂട്ടി കണ്ടു. അണ്ടർ 17 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചതിൽ അദ്ദേഹം ഏറെ സന്തോഷവാനായിരുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീമായി ഇന്ത്യ മാറണമെന്ന സ്വപ്നം ബാക്കി വച്ചാണു വേലപ്പൻ യാത്രയാകുന്നത്. ആ സ്വപ്നം യാഥാർഥ്യമാക്കാൻ നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.

(ഫിഫ മുൻ റീജനൽ ‍ഡവലപ്മെന്റ് ഓഫിസറും ഡൽഹി സോക്കർ അസോസിയേഷൻ പ്രസിഡന്റുമാണ് ഷാജി പ്രഭാകരൻ)