ചാംപ്യൻസ് ട്രോഫിയിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങൾ ആരൊക്കെ?

തുടർച്ചയായ മൂന്ന് ഏകദിനത്തിൽ സെഞ്ചുറിയുമായി പാക്കിസ്ഥാന്റെ ബാബർ അസം, ഡെത്ത് ഓവറുകളിൽ മലിംഗയുടെ പിൻഗാമിയാകാ‍ൻ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര, ശ്രീലങ്കൻ മധ്യനിരയുടെ പുതിയ നെടുംതൂൺ കുശാൽ‌ മെൻഡിസ്... കിരീടത്തിനായുള്ള കടുത്ത പോരാട്ടത്തിനൊപ്പം ഐസിസി ചാംപ്യൻസ് ട്രോഫിയിൽ യുവ താരങ്ങളുടെ വ്യക്തിഗത മികവുകളും മാറ്റുരയ്ക്കപ്പെടും.

ഇവരിൽ പലരുടെയും ആദ്യ ഐസിസി ടൂർണമെന്റാണിത്. 2019 ലോകകപ്പ് ലക്ഷ്യമിട്ട് ടീമുകൾ ഊതിക്കാച്ചി മിനുക്കുന്ന യുവതാരങ്ങൾ തിളങ്ങിയാൽ മിനി ലോകകപ്പിന്റെ ആവേശം കൊടുമുടി കയറും. ശ്രദ്ധിക്കേണ്ട യുവതുർക്കികളിൽ ചിലർ ഇതാ

ബാറ്റ്സ്മാൻമാർ

ബാബർ അസം

‌വയസ് 22
ടീം : പാക്കിസ്ഥാൻ
ഏകദിന റാങ്കിങ്: 8
ഏകദിന അരങ്ങേറ്റം: 2015 മേയ്

മൽസരങ്ങൾ: 26
റൺസ്: 1322
ഉയർന്ന സ്കോർ: 125*
ശരാശരി: 55.08

ഇന്ത്യ– പാക്കിസ്ഥാൻ മൽസരങ്ങൾക്കിടയിലുണ്ടായ നീണ്ട ഇടവേളമൂലം ബാബർ അസം എന്ന പാക്കിസ്ഥാൻ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ആരാധകരിൽ പലരും കേട്ടുവരുന്നതേയുള്ളൂ. വൺ ഡൗൺ പൊസിഷനിൽ പാക്കിസ്ഥാന്റെ വിശ്വസ്തനായ ബാബർ വെറും 26 മൽസരങ്ങൾക്കുള്ളിൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ആദ്യ പത്തിലെത്തി. അരങ്ങേറ്റ മൽസരത്തിൽ സിംബാബ്‌വെയ്ക്കെതിരെ 54 റൺസ് നേടിയായിരുന്നു തുടക്കം.

2016ൽ വെസ്റ്റ് ഇൻഡീസിനെതിരെ യുഎഇയിൽ നടന്ന ഏകദിന പരമ്പരയിൽ നേടിയത് തുടർച്ചയായ മൂന്നു സെഞ്ചുറികൾ. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഏഴാമത്തെ താരം. അതിനു മുൻപ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഒരു സെഞ്ചുറിയും അർധ സെഞ്ചുറിയുമായി ടോപ് സ്കോറർമാരിൽ രണ്ടാമതെത്തിയതോടെയാണ് ഈ ചെറുപ്പക്കാരനിലേക്ക് ക്രിക്കറ്റ് ലോകത്തിന്റെ കണ്ണെത്തുന്നത്.

കുശാൽ‌ മെൻഡിസ്

വയസ് 22
ടീം : ശ്രീലങ്ക
ഏകദിന റാങ്കിങ്: 35
ഏകദിന അരങ്ങേറ്റം: 2016 ജൂൺ‌

മൽസരങ്ങൾ : 25
റൺസ്: 845
ഉയർന്ന സ്കോർ: 102
ശരാശരി: 36.73

കുമാർ സംഗക്കാരയുടെ വിടവാങ്ങലോടെ ആളില്ലാതായ മൂന്നാം നമ്പർ ബാറ്റിങ് പൊസിഷനിലേക്ക് ശ്രീലങ്കയുടെ പുതിയ കണ്ടെത്തലാണ് കുശാൽ മെൻഡിസ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. അത്യാവശ്യ ഘട്ടങ്ങളിൽ ഓപ്പണറുടെ ചുമതലയും ഏൽപ്പിക്കാവുന്ന വിശ്വസ്തൻ. ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞവർഷം 176 റൺസോടെ കന്നി സെഞ്ചുറി നേടിയ മെൻഡിസ് ഏകദിനത്തിൽ ഇതുവരെ ഒരു സെഞ്ചുറിയും ഒൻപത് അർധ സെഞ്ചുറിയും സ്വന്തമാക്കി. ഈ വർഷം എട്ട് ഏകദിനങ്ങളിൽ നിന്ന് നേടിയത് 276 റൺസ്.

കേദാർ ജാദവ്

‌‌വയസ് 32
ടീം : ഇന്ത്യ
ഏകദിന റാങ്കിങ്: 45
ഏകദിന അരങ്ങേറ്റം: 2014 നവംബർ

മൽസരങ്ങൾ: 15
റൺസ്: 468
ഉയർന്ന സ്കോർ: 120
ശരാശരി: 58.50

32 വയസുകാരനായ കേദാർ ജാദവ് ഇന്ത്യൻ ടീമിൽ കുറച്ച് നേരത്തെ എത്തിയില്ലല്ലോ എന്നോർത്താവും ഇപ്പോൾ ആരാധകർക്ക് നിരാശ. 15 മൽസരങ്ങളിൽ നിന്ന് രണ്ടു സെഞ്ചുറികൾ നേടിയ ജാദവിന്റെ സ്ട്രൈക്ക് റേറ്റ് 121.55. ബാറ്റിങ് ശരാശരി അൻപതിനു മുകളിലും. മധ്യനിരയുടെ അവസാന ഭാഗത്തിറങ്ങിയാണ് ഈ നേട്ടങ്ങളെന്നറിയുമ്പോഴാണ് ജാദവിന്റെ മൂല്യമറിയുക.

ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ 2014ൽ ദേശീയ ടീമിലെത്തിയ ജാദവിനു പക്ഷേ, വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല. ബാറ്റിങ്ങിൽ ആറാം സ്ഥാനത്തിറങ്ങിയതിനാൽ കളിച്ച മൽസരങ്ങളിൽ ഏറെ തിളങ്ങാനുമായില്ല. 2015ൽ സിംബാബ്‌വെയ്ക്കെതിരെ കന്നി സെഞ്ചുറി നേടിയ ജാദവ് ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരായി നടന്ന ഏകദിന പരമ്പരയിലും തിളങ്ങി

ബോളർ‌മാർ

കാഗിസോ റബാദ

വയസ് 22
ടീം : ദക്ഷിണാഫ്രിക്ക
ഏകദിന റാങ്കിങ്: 5
ഏകദിന അരങ്ങേറ്റം: 2015 ജൂലൈ

മൽസരങ്ങൾ : 37
വിക്കറ്റുകൾ: 64
മികച്ച പ്രകടനം: 6/16
ഇക്കണോമി: 5.13

ഡ്വെയ്ൻ സ്റ്റീനിന്റെയും മോണി മോർക്കലിന്റെയും പരുക്കിന്റെ ആനുകൂല്യത്തിലാണ് ഇരുപതാം വയസിൽ കാർഗിസോ റബാദ ദക്ഷിണാഫ്രിക്കൻ ടീമിലെത്തുന്നത്. ബംഗ്ലദേശിനെതിരെ അരങ്ങേറ്റത്തിൽ ഹാട്രിക് അടക്കം ആറു വിക്കറ്റ് നേടിയ റബാദ വഴങ്ങിയത് വെറും 16 റൺസ്! പരുക്കുവിട്ട് തിരിച്ചെത്തിയ സൂപ്പർതാരങ്ങൾക്ക് ടീമിലിടം കിട്ടാൻ പിന്നീട് റബാദയോടു മൽസരിക്കേണ്ട ഗതികേടായി!. അതിവേഗത്തെ വീര്യമാക്കിയ റബാദയുടെ പന്തുകൾ പറക്കുന്നത് 140 കിലോമീറ്ററിനു മുകളിലാണ്. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരായി നടന്ന ഏകദിനത്തിൽ നാലു വിക്കറ്റുനേടി ഉജ്വല ഫോമിലാണെന്ന് തെളിയിച്ചു.

മുസ്തഫിസുർ റഹ്മാൻ

വയസ് 21
ടീം : ബംഗ്ലദേശ്
ഏകദിന റാങ്കിങ്: 15
ഏകദിന അരങ്ങേറ്റം: 2015 ജൂൺ

മൽസരങ്ങൾ : 18
വിക്കറ്റുകൾ: 43
മികച്ച പ്രകടനം: 6/43
ഇക്കണോമി: 4.62

ബംഗ്ലദേശിന്റെ പുതിയ ബോളിങ് പ്രതിഭാസം. ഓഫ് കട്ടറുകൾക്ക് പേരുകേട്ട ഇടംകയ്യൻ ഫാസ്റ്റ് ബോളർ. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും മികച്ച പ്രകടനം. ട്വന്റി20യിൽ നിലവിൽ ലോകത്തെ മികച്ച ബോളർമാരിലൊരാൾ. 2015ൽ ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ അരങ്ങേറിയ മുസ്തഫിസുർ പരമ്പര വിജയം നേടിയ ബംഗ്ലദേശ് ടീമിന്റെ വജ്രായുധമായിരുന്നു. ആദ്യ രണ്ട് ഏകദിനത്തിലും അഞ്ചു വിക്കറ്റുകൾ വീതം നേടി മികവുകാട്ടി. അരങ്ങേറ്റത്തിലെ ആദ്യ രണ്ടു മൽസരങ്ങളിലും അഞ്ചു വിക്കറ്റു നേടുന്ന ലോകത്തെ രണ്ടാമത്തെ ബോളർ.

ജസ്പ്രീത് ബുമ്ര

വയസ് 23
ടീം : ഇന്ത്യ
ഏകദിന റാങ്കിങ്: 46
ഏകദിന അരങ്ങേറ്റം: 2016 ജനുവരി‌

മൽസരങ്ങൾ : 11
വിക്കറ്റുകൾ: 22
മികച്ച പ്രകടനം: 4/22
ഇക്കണോമി: 4.89

യോർക്കറുകളുടെ ഇന്ത്യൻ രാജകുമാരൻ. ഡെത്ത് ഓവറുകളിൽ ഏറെ അപകടകാരി. ക്രീസിൽ നിറഞ്ഞുനിന്ന് ആഞ്ഞുവീശുന്ന ബാറ്റ്സ്മാൻമാരെ കബളിപ്പിച്ച് പന്ത് കീപ്പറുടെ കൈകളിലെത്തിക്കുന്നതിൽ വിദഗ്ധൻ. നിർണായക ഘട്ടങ്ങളിലെ ബുമ്രയുടെ സ്ലോ ബോൾ പരീക്ഷണങ്ങളും വിജയം കാണുന്നുണ്ട്.
ഡെത്ത് ഓവറുകളിലേക്ക് മികച്ച പേസറെ തേടിനടന്ന ടീം ഇന്ത്യയിൽ ബുമ്രയെത്തുന്നത് 2015ൽ. രഞ്ജി സീസണിൽ ഗുജറാത്തിനായി നടത്തിയ ഉജ്വല ബോളിങ് സീനിയർ ടീമിലെത്തിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ അരങ്ങേറ്റം. 2016ൽ മാത്രം രാജ്യാന്തര ട്വന്റി20യിൽ ബുമ്ര നേടിയത് 28 വിക്കറ്റുകൾ. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 20 വിക്കറ്റു നേടിയ ബുമ്രയുടെ പ്രകടനങ്ങൾ മുംബൈ ഇന്ത്യൻസിന്റെ കിരീടവിജയത്തിൽ നിർണായകമായി.