സഞ്ജുവിന്റെ ’ക്ലാസ്’ പ്രകടനം; ആവേശത്തിൽ ക്രിക്കറ്റ് ലോകം

തിരുവനന്തപുരം∙ ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ ഇന്ത്യൻ ടീം ജഴ്സിയണിയാനുള്ള അവകാശവാദം വീണ്ടും ഉന്നയിച്ചു കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ സഞ്ജു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നയിക്കുന്ന ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ 45 പന്തിൽ നേടിയ 92 റൺസ് പ്രകടനം ‘ക്ലാസ്’ ആയിരുന്നുവെന്ന് അഭിനന്ദിച്ചവരിൽ ഇതിഹാസതാരങ്ങൾ മുതൽ കോഹ‌്‌ലി വരെയുള്ളവരുണ്ട്. 

മൂന്നു കളികളിൽനിന്ന് 178 റൺസുമായി ഐപിഎല്ലിലെ റൺവേട്ടക്കാരിൽ മുന്നിൽ നിൽക്കുന്ന സഞ്ജു സ്ഥിരത പോരെന്ന വിമർശനത്തിനു കൂടിയാണ് മറുപടി നൽകിയിരിക്കുന്നത്. 

രണ്ടു കളികളിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം. ബെംഗളൂരുവിനെതിരായ ഇന്നിങ്സിൽ ആദ്യ 30 പന്തുകളിൽ സഞ്ജു നേടിയത് 42 റൺസ് മാത്രം. എന്നാൽ, പിന്നീടുള്ള 15 പന്തുകളിൽ നേടിയത് 50 റൺസ്. ഇന്നിങ്സിൽ ആകെ 10 സിക്സറുകൾ. അവസാനത്തെ എട്ടു ബോളിൽനിന്ന് നേടിയത് 39 റൺസ്. ഇതിൽ അഞ്ചു സിക്സറുകളും രണ്ടു ഫോറും. 

സഞ്ജു സൂപ്പർ സ്റ്റാറാകുമെന്ന് മൈക്കൽ വോണും നിലവാരത്തിനൊത്ത ഇന്നിങ്സ് എന്ന് ഹർഷ ഭോഗ്ലെയും ഇന്ത്യൻ ടീമിൽ സഞ്ജുവിനെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു ശരിയാണെന്ന് രവീന്ദ്ര ജഡേജയും ട്വീറ്റ് ചെയ്തു.