ഡൽഹി വീണ്ടും തോറ്റു; പക്ഷേ, 'ശ്രേയസാ'കും ഈ പ്രകടനം

ഡൽഹിക്കു വേണ്ടി അർധസെഞ്ചുറി നേടിയ ശ്രേയസ് അയ്യർ.ചിത്രം: ഐപിഎൽ ട്വിറ്റർ

ഐപിഎല്ലില്‍ ഇന്ത്യൻ സീനിയർ താരം ഗൗതം ഗംഭീർ നയിക്കുന്ന ടീമായിട്ടുകൂടി ഡൽഹി ഡെയർഡെവിൾസിന്റെ ശനിദശ വിട്ടൊഴിയുന്നില്ല. കളിച്ച ആറു മല്‍സരങ്ങളിൽ അഞ്ചും തോൽക്കാനായിരുന്നു ഡൽഹിയുടെ വിധി. ആകെ സ്വന്തമാക്കിയത് ഒരു ജയം മാത്രം. അതുംപോയിന്റ് പട്ടികയിൽ ഏറെ പുറകിലുള്ള മുംബൈ ഇന്ത്യൻസിനെതിരെ.

തിങ്കളാഴ്ച ഡൽഹിയിൽ പഞ്ചാബിനെതിരെ നടന്ന മൽസരത്തിലും തോൽക്കാനായിരുന്നു ഡെയർഡെവിൾസിന്റെ വിധി. യുവതാരം ശ്രേയസ് അയ്യർ ഡൽഹിക്കു രണ്ടാം ജയം സമ്മാനിക്കുമെന്നു തോന്നിച്ചെങ്കിലും അവസാന പന്തിൽ ജയം പഞ്ചാബ് തട്ടിയെടുക്കുകയായിരുന്നു. ആശങ്കയോടെ ഇതു നോക്കി നിൽക്കാനേ ഒരിക്കൽ ഇന്ത്യയുടെ സൂപ്പർ ബാറ്റ്സ്മാനായിരുന്ന ഗംഭീറിനു സാധിച്ചുള്ളു. 

ഡൽഹി തോറ്റു; പക്ഷേ, കാണാതിരിക്കരുത് ശ്രേയസ്സാർന്ന ഈ പ്രകടനത്തെ

നാല് റൺസിനായിരുന്നു ഡൽഹിക്കെതിരെ ഇന്നലെ കിങ്സ് ഇലവൻ പഞ്ചാബിന്റെ ജയം. പഞ്ചാബുയർത്തിയ 144 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യത്തിനടുത്തു വരെയെത്തിയായിരുന്നു ഡൽഹിയുടെ കീഴടങ്ങൽ. ഡല്‍ഹി ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ പ്രകടനം തന്നെയായിരുന്നു ഇതിൽ നിരാശാജനകം. 13 പന്തുകൾ നേരിട്ട താരം നാലു റൺസ് മാത്രമെടുത്താണു പുറത്തായത്. ആദ്യ മൽസരത്തിൽ പഞ്ചാബിനെതിരെ നേടിയ അർ‌ധസെ‍‍ഞ്ചുറിയൊഴിച്ചു നിർത്തിയാൽ ക്യാപ്റ്റന്റേതെന്നവകാശപ്പെടാൻ താരത്തിനു മറ്റൊരു നല്ല ഇന്നിങ്സില്ല. 55, 15, എട്ട്, മൂന്ന് എന്നിങ്ങനെയാണു താരത്തിന്റെ മറ്റു കളികളിലെ സ്കോറുകള്‍.

ശ്രേയസ് അയ്യരുടെ ബാറ്റിങ്.ചിത്രം: ഐപിഎൽ ട്വിറ്റർ

ആൻഡ്രൂ ടൈയുടെ പന്തിൽ ആരോൺ ഫിഞ്ചിനു ക്യാച്ച് നൽകിയായിരുന്നു പഞ്ചാബിനെതിരെ ഗംഭീർ പുറത്തായത്. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് നായകൻ പൃഥ്വി ഷാ തിങ്കളാഴ്ചത്തെ മല്‍സരത്തിൽ 22 റൺസ് മാത്രമെടുത്തു പുറത്തായി.

പിന്നീട് ശ്രേയസ് അയ്യർ നയിച്ച ഒറ്റയാൾ പോരാട്ടമായിരുന്നു ഡൽഹിയെ മുന്നോട്ടുനയിച്ചത്. സാമാന്യം പതുക്കെ ബാറ്റു വീശിയിട്ടും ജയത്തിനടുത്തു വരെ അയ്യർ‌ ‍ഡൽഹിയെ എത്തിച്ചു. 45 പന്തിൽ 57 റൺസെടുത്തു കളിയുടെ അവസാന പന്തിലാണു ശ്രേയസ് പുറത്തായത്. അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ ശ്രേയസ് ഉയര്‍ത്തിയടിച്ച പന്ത് ആരോൺ ഫിഞ്ച് പിടിച്ചെടുത്തതോടെയാണ് അർഹിച്ച ജയം പഞ്ചാബ് തട്ടിയെടുത്തത്. അഞ്ചു ഫോറുകളും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ശ്രേയസ് അയ്യരുടെ അർധസെഞ്ചുറി പ്രകടനം. സീസണിലെ ശ്രേയസിന്റെ രണ്ടാമത്തെ അർധസെഞ്ചുറി പ്രകടനമായിരുന്നു ഇന്നലത്തേത്. 

വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് താരങ്ങളുടെ ആഹ്ലാദം.ചിത്രം: ഐപിഎൽ ട്വിറ്റർ

പൃഥ്വി ഷാ (10 പന്തിൽ 22), ക്യാപ്റ്റൻ ഗൗതം ഗംഭീർ (13 പന്തിൽ നാല്), ഗ്ലെൻ മാക്സ്‍വെൽ (10 പന്തിൽ 12), ഋഷഭ് പന്ത് (ഏഴു പന്തില്‍ നാല്), ഡാനിയൽ ക്രിസ്റ്റ്യൻ (11 പന്തിൽ ആറ്), രാഹുൽ‌ തെവാട്ടിയ (21 പന്തിൽ 24), ലിയാം പ്ലംകറ്റ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഡൽഹി താരങ്ങളുടെ സ്കോറുകള്‍. ഒരു റൺസ് മാത്രമെടുത്ത് അമിത് മിശ്ര പുറത്താകാതെ നിന്നു. പഞ്ചാബിനായി അങ്കിത് രാജ്പുത്, ആൻഡ്രൂ ടൈ, മുജീബുർ റഹ്മാൻ എന്നിവർ രണ്ടു വിക്കറ്റു വീതം നേടി. ബരീന്ദർ സ്രാൻ ഒരു വിക്കറ്റും സ്വന്തമാക്കി.  

ആരും തിളങ്ങാതെ പഞ്ചാബ്; എന്നിട്ടും ജയിച്ചു

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 143 റൺസെടുത്തിരുന്നു. ഡൽഹിയുടെ ബോളിങ് നിര മികച്ച പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബ് ബാറ്റിങ് കാര്യമായൊന്നും നേടാതെ മടങ്ങുകയായിരുന്നു. കരുൺ നായരൊഴികെ മറ്റൊരു ബാറ്റ്സ്മാനും 30 റണ്‍സിനപ്പുറം കടക്കാൻ പോലുമായില്ല. സൂപ്പർ താരം ക്രിസ് ഗെയ്‍‍ലിനു പരുക്കേറ്റു പുറത്തുപോയതു പഞ്ചാബിനെ നന്നെ ബാധിച്ച അവസ്ഥ. പകരം ഓപ്പണിങ്ങിലെത്തിയ ആരോണ്‍ ഫിഞ്ച് രണ്ടു റൺസ് മാത്രമെടുത്താണു പുറത്തായത്. രണ്ടാം ഓവറിൽ തന്നെ ഫിഞ്ചിനെ കൂടാരം കയറ്റി യുവഫാസ്റ്റ് ബോളർ ആവേശ് ഖാന്‍ കരുത്തുകാട്ടി. പഞ്ചാബ് മധ്യനിര പൊരുതിനോക്കിയെങ്കിലും ഡൽഹി ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ മടങ്ങി.

പ​ഞ്ചാബിനു വേണ്ടി കരുൺ നായരുടെ ബാറ്റിങ്.ചിത്രം: ഐപിഎൽ ട്വിറ്റർ

അവസാന മൂന്ന് ഓവറുകളില്‍  12, ആറ്, നാല് എന്നിങ്ങനെ റണ്‍സുകൾ നേടാനെ പഞ്ചാബിനു സാധിച്ചുള്ളു. പഞ്ചാബിന്റെ വാലറ്റം ഒന്നിനു പുറകെ ഒന്നായി പുറത്തായി. 32 പന്തിൽ 34 റൺസെടുത്ത കരുൺ നായരാണു പഞ്ചാബിന്റെ ടോപ്സ്കോറർ. കെ.എൽ. രാഹുൽ (15 പന്തിൽ 23), ആരോൺ ഫിഞ്ച് (നാലു പന്തിൽ രണ്ട്), മായങ്ക് അഗർവാൾ (16 പന്തിൽ 21), യുവ്‍രാജ് സിങ് (17 പന്തിൽ 14), ഡേവിഡ് മില്ലർ (19 പന്തിൽ 26), അശ്വിന്‍ (ഏഴ് പന്തിൽ ആറ്), ആൻഡ്രൂ ടൈ(ഒൻപതു പന്തിൽ മൂന്ന്) എന്നിങ്ങനെയാണു മറ്റു പഞ്ചാബ് താരങ്ങളുടെ സ്കോറുകൾ. 

ഡൽഹി ബോളർമാരിൽ‌ ആവേശ് ഖാൻ, അമിത് മിശ്ര എന്നിവരൊഴികെ ബാക്കിയെല്ലാവരും മുപ്പതിൽ താഴെ റൺസ് മാത്രമാണു വിട്ടു നൽകിയത്. ആവേശ് ഖാൻ, മിശ്ര എന്നിവരുടെ ഓവറുകളിൽ പഞ്ചാബ് ബാറ്റ്സ്മാൻമാർ യഥാക്രമം 36, 33 റൺസുകൾ അടിച്ചെടുത്തു. എന്നാൽ പഞ്ചാബിന്റെ ആദ്യ വിക്കറ്റും യുവരാജ് സിങ്ങിന്റെ വിക്കറ്റും ആവേശ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിലെ പുതുമുഖം ലിയാം പ്ലംകറ്റ് 17 റണ്‍സ് മാത്രം വിട്ടുകൊടുത്തു മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഡാനിയർ ക്രിസ്റ്റ്യൻ(ഒരു വിക്കറ്റ്), ട്രെന്റ് ബോൾട്ട് (രണ്ടു വിക്കറ്റ്) എന്നിവരും റൺസ് വിട്ടുനൽകുന്നതിൽ പിശുക്കുകാട്ടി.