സഞ്ജുവിനെ തൊട്ടാൽ അക്കളി തീക്കളി

മുംബൈ ∙ കൈവിട്ടു വീശി ട്വീറ്റ് ചെയ്ത കാംബ്ലിയെ ക്രിക്കറ്റ് ആരാധകർ കയ്യോടെ ക്യാച്ചെടുത്തു! ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണെക്കുറിച്ചു കമന്റേറ്റർമാരുടെ പുകഴ്ത്തലുകൾ ബോറടിപ്പിക്കുന്നതാണെന്നു ട്വീറ്റ് ചെയ്ത മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിക്കെതിരെ പ്രതികരിച്ച് ആരാധകർ. ഞായറാഴ്ച രാത്രി രാജസ്ഥാൻ റോയൽസ്–മുംബൈ ഇന്ത്യൻസ് മൽസരത്തിനു ശേഷമായിരുന്നു കാംബ്ലിയുടെ പ്രകോപനപരമായ ട്വീറ്റ്. കളിയിൽ അർധ സെഞ്ചുറിയോടെ രാജസ്ഥാന്റെ ടോപ് സ്കോററായതു സഞ്ജുവായിരുന്നു. സീസണിലെ റൺവേട്ടക്കാരിൽ സാക്ഷാൽ വിരാട് കോഹ്‌ലിയെ തന്നെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയും ചെയ്തു.

മലയാളി ആരാധകർ എന്തായാലും കാംബ്ലിയെ വെറുതെവിട്ടില്ല. സച്ചിൻ തെൻഡുൽക്കറെ അറിയില്ല എന്നു പറഞ്ഞ മരിയ ഷറപ്പോവയെ പരിഹസിച്ചതുപോലല്ല, കൃത്യമായി കാര്യവും കണക്കും പറഞ്ഞായിരുന്നു കാംബ്ലിക്കുള്ള ആദ്യ മറുപടികൾ. സഞ്ജു ഇപ്പോൾ ധരിക്കുന്ന ഓറഞ്ച് ക്യാപ് വെറുതെകിട്ടിയതല്ല എന്ന് ആരാധകർ പറഞ്ഞപ്പോൾ സീസൺ അവസാനം വരെ അതവിടെ കാണുമോ എന്നായി കാംബ്ലിയുടെ സംശയം. പ്രതികരണങ്ങൾക്കെല്ലാം കാംബ്ലി മറുപടി നൽകുകകൂടി ചെയ്തതോടെ ഉത്തരേന്ത്യൻ–ദക്ഷിണേന്ത്യൻ ചേരിതിരിവ് ആരോപണങ്ങളിൽ എത്തി കാര്യങ്ങൾ. അതോടെ കാംബ്ലി ഒരു സെഞ്ചുറിയടിക്കാനും ഓറഞ്ച് ക്യാപ് നിലനിർത്താനും പറഞ്ഞ് സഞ്ജുവിനെ വെല്ലുവിളിച്ചു. കമന്റിട്ട ചിലരെ കാംബ്ലി ബ്ലോക്ക് ചെയ്തതോടെ കമന്റുകളും കൈവിട്ടുപോയി. അതോടെ ഞാൻ എന്റെ പ്രിയ സുഹൃത്ത് സച്ചിന്റെ ജന്മദിനാഘോഷങ്ങളിലേക്കു കടക്കുകയാണ് എന്നു പറഞ്ഞ് കാംബ്ലി മറുപടിയും നിർത്തി.