Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഭീർ ഓവർ; ഇനി കത്തി രഹാനെയുടെ കഴുത്തിലേക്ക്

സന്ദീപ് ചന്ദ്രൻ
Ajinkya-Rahane സൺറൈസേഴ്സിനെതിരായ മൽസരത്തിനിടെ രഹാനെ. (ട്വിറ്റർ ചിത്രം)

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മോശം പ്രകടനത്തിന്റെ ചൂട് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും അറിഞ്ഞു തുടങ്ങി. ഏഴു കളികളില്‍നിന്ന് നാലു തോല്‍വിയും മൂന്നു ജയവുമായി പട്ടികയില്‍ താഴത്താണ് റോയല്‍സിനു സ്ഥാനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടുകൂടി തോറ്റതോടെയാണ് ആരാധകരുടെ നിയന്ത്രണം വിട്ടത്. തോറ്റതിനേക്കാൾ തോറ്റ രീതിയാണ് രാജസ്ഥാൻ ആരാധകരെ ചൊടിപ്പിക്കുന്നത്.

മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ രഹാനെ പുറത്താകാതെ നിന്നെങ്കിലും 152 എന്ന ചെറിയ സ്‌കോര്‍ നേടാന്‍ കഴിയാത്തതിന്റെ അദ്ഭുതം ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല. ഗൗതം ഗംഭീറിന്റെ വഴി സ്വീകരിച്ച് ഇറങ്ങിപ്പോകാനാണ് ആരാധകരുടെ ആവശ്യം. ട്വന്റി20യ്ക്കു ചേര്‍ന്നതല്ല രഹാനെയുടെ ശൈലി എന്ന കുറ്റം പറച്ചില്‍ നേരത്തേയുള്ളതാണ്. ഇന്ത്യയുടെ ട്വന്റി20 ടീമില്‍ മിക്കവാറും റിസര്‍വ് ബഞ്ചാണ് അദ്ദേഹത്തിനു ലഭിക്കാറുള്ളത്. ഹൈദരാബാദിനെതിരായ കളി ഒട്ടുമുക്കാലും റോയല്‍സിന്റെ കൈയില്‍ നിന്നതുമാണ്.

10 ഓവർ എത്തും മുന്‍പേ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലായിരുന്നു ടീം. വിക്കറ്റുകൾ ആവശ്യത്തിലേറെ കയ്യിലുണ്ടായിട്ടും രഹാനെ വമ്പനടികള്‍ക്കു മുതിരാതിരുന്നതാണ് വിജയത്തിലേക്ക് ആവശ്യമായ റണ്‍റേറ്റ് കയറിപ്പോകാന്‍ ഇടയാക്കിയത്. ക്യാപ്റ്റനും ഓപ്പണറും എല്ലാമാണെങ്കിലും 53 പന്തില്‍ 65 എന്ന സ്‌കോറിനപ്പുറം ടീമിനെ ജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. മധ്യനിരയില്‍ സ്റ്റോക്‌സും ബട്‍ലറുമെല്ലാം പരാജയപ്പെട്ടതും ടീമിനെ തോല്‍വിയിലേക്കു തള്ളിയിടാന്‍ കാരണമായി. ഏറെ പ്രതീക്ഷയോടെ ടീമിലെടുത്ത രണ്ടുപേരും ഐപിഎല്ലില്‍ ഇതുവരെ തിളങ്ങിയിട്ടില്ല.

രഹാനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഇടം നേടാനുള്ള പുറപ്പാടിലാണെന്നാണ് ചിലര്‍ ട്വിറ്ററില്‍ പരിഹസിച്ചത്. സ്റ്റീവ് സ്മിത്തിനു പകരക്കാരനായി ക്യാപ്റ്റന്‍ പട്ടം ഏറ്റെടുത്ത രഹാനെയ്ക്ക് കാര്യങ്ങള്‍ ഒട്ടും അനുകൂലമല്ല. ടീം കോമ്പിനേഷന്‍ ശരിയാകാത്തതാണ് ക്യാപ്റ്റനെ കൂടുതൽ വലയ്ക്കുന്നത്. സഞ്ജു സാംസണ്‍ ഒഴികെയുള്ള കളിക്കാരില്‍നിന്നൊന്നും ക്യാപ്റ്റനു സഹായം കിട്ടുന്നില്ല. ജോഫ്ര

ആര്‍ച്ചര്‍ എത്തിയതോടെ ഡെത്ത് ഓവറുകളില്‍ റണ്‍സ് തടയാന്‍ ആളായി. എങ്കിലും 11 കോടിയിലേറെ മുടക്കിയ ജയ്‌ദേവ് ഉനദ്കടും ധവാല്‍ കുല്‍ക്കര്‍ണിയുമൊന്നും കാശിനു കൊള്ളുന്ന കളി പുറത്തെടുത്തിട്ടില്ല.

ഏഴുകളികളില്‍നിന്ന് നാലുവിക്കറ്റാണ് ഉനദ്കടിന്റെ നേട്ടം. ശരാശരി 72.67. ഉനദ്കദിന്റെ വില താരതമ്യം ചെയ്‌തൊരു രസികന്‍ പോസ്റ്റ് റോയല്‍സിനായി ഒരു ആരാധിക ട്വിറ്ററിലിട്ടിട്ടുണ്ട്. ഉനദ്കടിന്റെ കാശുകൊണ്ട് മായങ്ക് മര്‍ക്കണ്ഡേ, ട്രെന്റ് ബോള്‍ട്ട്, സിദ്ധാര്‍ഥ് കൗള്‍, മക്‌ലീനാകന്‍, ഷാക്കിബ് അൽ ഹസ്സൻ, ചാഹര്‍, ശ്രേയസ് ഗോപാല്‍ എന്നീ ബോളര്‍മാരെ വാങ്ങാമായിരുന്നുവെന്നാണ് പോസ്റ്റിന്റെ ചുരുക്കം. ഇവര്‍ എല്ലാവരും ചേര്‍ന്ന് ഇതുവരെ വീഴ്ത്തിയത് 67 വിക്കറ്റാണ്! ക്യാപ്റ്റൻ മാറാനുള്ള സാധ്യതയില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ടീമും പൊട്ടിത്തെറിയുടെ വക്കിലേക്കാണെന്നു വ്യക്തം.

related stories