കേരളപ്പിറവി ഏകദിനം: ഇന്ത്യ–വിൻഡീസ് ടീമുകൾ ഇന്ന് കേരളത്തിൽ

അഞ്ചാം ഏകദിനത്തിനു മുന്നോടിയായി തിരുവനന്തപുരത്തേക്കു പുറപ്പെടാനായി മുംബൈ വിമാനത്താവളത്തിൽ കാത്തിരിക്കുന്ന ഇന്ത്യൻ താരങ്ങൾ മൊബൈലിൽ ശ്രദ്ധയൂന്നിയപ്പോൾ. (ചിത്രം: ബിസിസിഐ)

തിരുവനന്തപുരം∙ കേരളപ്പിറവി ദിനത്തിലെ പോരാട്ടത്തിന് ഇന്ത്യയുടെയും വെസ്റ്റ് ഇൻഡീസിന്റെയും ക്രിക്കറ്റ് ടീമുകൾ ഇന്നെത്തും. വ്യാഴാഴ്ച 1.30 മുതൽ കാര്യവട്ടം സ്പോർട്സ് ഹബിലാണു മൽസരം.  

കഴിഞ്ഞ വർഷമാണു സ്പോർട്സ് ഹബിൽ അരങ്ങേറ്റമൽസരം നടന്നത്. ന്യൂസീലൻഡിനെതിരായ ട്വന്റി20 മൽസരത്തിൽ വിജയിക്കാനായത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. 

മുംബൈയിൽ നിന്ന് ഇന്ന് ഉച്ചക്ക് 12.30ന് എത്തുന്ന ടീമുകൾ കോവളം റാവിസ് ലീലയിലാണു താമസിക്കുന്നത്. നാളെ രാവിലെ 9 മുതൽ 12 വരെ ഇരുടീമുകളും സ്‌പോർട്സ് ഹബ്ബിൽ പരിശീലനത്തിനിറങ്ങും. . ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, മുൻ ഇന്ത്യൻ താരങ്ങൾ എന്നിവർ മത്സരം കാണാനെത്തും. 

www.paytm.com, www.insider.in എന്നീ വെബ്സൈറ്റുകൾ വഴിയാണ് ടിക്കറ്റ് വിൽപന. രാവിലെ 11 മണി മുതൽ സ്റ്റേഡിയത്തിൽ പ്രവേശനം നൽകും. സ്റ്റേഡിയത്തിൽ കയറാൻ ഡിജിറ്റൽ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ടിക്കറ്റ് ഹോൾഡറുടെ തിരിച്ചറിയൽ തിരിച്ചറിയൽ രേഖ നിർബന്ധമാണ്. 

മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് വിജയിക്കുകയും പരമ്പര സമനിലയിലാകുകയും ചെയ്തതോടെ ടിക്കറ്റ് വിൽപന കുതിച്ചുയർന്നു.