കേരളത്തിലേക്കു വീണ്ടും വരും: രവി ശാസ്ത്രി

രവി ശാസ്ത്രി ( ഫയൽ ചിത്രം)

തിരുവനന്തപുരം ∙ കളി കഴിഞ്ഞു കേരളത്തിൽ നിന്നു മടങ്ങാൻ മടിയാണെന്നും കേരളത്തിൽ ക്രിക്കറ്റ് കളിക്കാൻ ഉടനെ വീണ്ടുമെത്തുമെന്നും ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. ടീം സ്പിരിറ്റിനപ്പുറം സ്പോർട്സ്മാൻ സ്പ‌ിരിറ്റോടെ കളിയെ പ്രോൽസാഹിപ്പിച്ച കാണികളാണു തിരുവനന്തപുരം ഏകദിനത്തിലെ ‘മെൻ ഓഫ് ദ് മാച്ചെ’ന്നും ശാസ്ത്രി പറഞ്ഞു. ഇന്നലെ ടീമിനൊപ്പം മടങ്ങും മുൻപു മലയാള മനോരമയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു കേരളത്തെ വെറുതെ വിശേഷിപ്പിക്കുന്നതല്ല. കായികമേഖലയെ, അതു ക്രിക്കറ്റ് ആയാലും ഫുട്ബോൾ ആയാലും മനസ്സറിഞ്ഞു പിന്തുണയ്ക്കുന്നവരാണ് മലയാളികൾ. ഇന്ത്യയുടെ പ്രകടനത്തിനു കയ്യടിച്ചതിനൊപ്പം വിൻഡീസിന്റെ മികച്ച ഷോട്ടുകൾക്കും മികച്ച ബോളിങ്ങിനും കയ്യടിയുയർന്നതും ശ്രദ്ധേയമാണ്.

കേരളത്തിൽ കൂടുതൽ മൽസരങ്ങൾ കളിക്കാൻ ഇന്ത്യൻ ടീമെത്തും. അധികം വൈകാതെ അതിനു സാധിക്കുമെന്നാണു പ്രതീക്ഷ. ഇത് രവി ശാസ്ത്രിയുടേതല്ല, ഇന്ത്യൻ ടീമിന്റെ പരിശീലകൻ എന്ന നിലയിലുള്ള ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.