തന്ത്രങ്ങളുടെ കളി; സുനിൽ ഗാവസ്കർ എഴുതുന്നു

ബാറ്റുകൊണ്ടോ പന്തുകൊണ്ടോ മാത്രമല്ല, മനസ്സു കൊണ്ടുകൂടിയാണു ക്രിക്കറ്റ് കളിക്കേണ്ടത്. ബോളറുടെ പന്തിന്റെ ഗതി മുൻകൂട്ടി നിർണയിക്കാൻ ബാറ്റ്സ്മാനും, ബാറ്റ്സ്മാന്റെ കണക്കുകൂട്ടൽ തെറ്റിക്കാൻ ബോളറും ഒരു പോലെ ശ്രമിക്കും. മൂന്നാം ഏകദിനത്തിൽ വിൻഡീസ് നായകൻ ജയ്സൻ ഹോൾഡർ മനോഹരമായ ഒരു പന്തിലൂടെ രോഹിത് ശർമയുടെ വിക്കറ്റ് തെറിപ്പിച്ചിരുന്നു. 

നാലാം ഏകദിനത്തിൽ രോഹിത് അതേ ഹോൾഡറെ മറികടന്നത് എങ്ങനെയെന്നു നോക്കുക; പന്ത് അമിതമായി സ്വിങ് ചെയ്യുന്നതു തടയാൻ ക്രീസിൽനിന്നു മുന്നോട്ടാഞ്ഞാണു രോഹിത് ബാറ്റുചെയ്തത്. അതുകൊണ്ടു തന്നെ ഓഫ് സ്റ്റംപിനു പുറത്ത് ഷോട് ലെങ്ത് ബോളുകൾ എറിയാൻ ഹോൾഡർ നിർബന്ധിതനായി. ഹോൾഡറുടെ തന്ത്രം പരാജയപ്പെട്ടിടത്ത് രോഹിതിനു തകർപ്പൻ സെഞ്ചുറിയും! 

കോഹ്‌ലിക്കെതിരെയും ഷോട് ലെങ്ത് തന്ത്രമാണു വിൻഡീസ് പയറ്റിയത്. ഓഫ് സ്റ്റംപിനു പുറത്ത് 130 കിലോമീറ്റർ സ്പീഡിലെത്തുന്ന പന്ത് ബൗണ്ടറി കടത്താൻ കോഹ്‌ലിയും മിടുക്കനാണ്. സെഞ്ചുറി നേട്ടത്തോടെ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ അമ്പാട്ടി റായുഡുവിനായി. ടീമിലേക്ക് ഇത്തരത്തിൽ ഒരു തിരിച്ചുവരവു നടത്തുക എന്നത് റായുഡുവിനെപ്പോലെ ചില താരങ്ങൾക്കു മാത്രം സാധിക്കുന്ന ഒന്നാണ്.    

ബോളർമാരിൽ മികച്ചുനിന്നത് ഖലീൽ അഹമ്മദാണ്. മധ്യനിരയിൽ പരിചയസമ്പന്നനായ മർലോൺ സാമുവൽസിനെ ഖലീൽ പുറത്താക്കിയ രീതി പ്രശംസനീയമാണ്. തുടരെയുള്ള ഇൻ സ്വിങ്ങറുകറിലൂടെ സാമുവൽസിന് നിലയുറപ്പിക്കാൻ അവസരം ഒരുക്കിയതിനുശേഷം കരുതിക്കൂട്ടി തയ്യാറാക്കിയ ഔട്ട് സ്വിങറിലൂടെയാണു ഖലീൽ വിക്കറ്റെടുത്തത്. ഭുവനേശ്വർ കുമാറിനു ഫോമിലേക്കുയരാനാകാത്തതു മാത്രമാണ് ഇന്ത്യയുടെ തലവേദന. ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപു ഭുവനേശ്വർ ഫോം വീണ്ടെടുക്കും എന്നുതന്നെ കരുതാം.