പി.ടി.ഉഷയ്ക്ക് ദ്രോണാചാര്യ ശുപാർശ

ന്യൂഡൽഹി ∙ രാജ്യത്തെ കായിക പുരസ്കാരങ്ങൾക്കായി ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ ശുപാർശ ചെയ്തിട്ടുള്ളവരുടെ കൂട്ടത്തിൽ മൂന്നു മലയാളികളും. പി.ടി.ഉഷ, ബോബി അലോഷ്യസ് എന്നിവരെ പരമോന്നത കായിക പരിശീലക പുരസ്കാരമായ ദ്രോണാചാര്യക്കു പരിഗണിക്കണമെന്നാണു കായിക മന്ത്രാലയത്തോടു ഫെഡറേഷന്റെ ശുപാർശ. സമഗ്ര സംഭാവന പുരസ്കാരത്തിനു ടി.പി.ഔസേപ്പിന്റെ പേരാണു നിർദേശിച്ചിട്ടുള്ളത്.

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ സ്വർണ ജേതാവ് നീരജ് ചോപ്രയ്ക്കു രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന നൽകണമെന്നാണു ശുപാർശ. ഇതിനു പുറമേ അർജുന അവാർഡിനും ചോപ്രയുടെ പേരു നിർദേശിച്ചിട്ടുണ്ട്. അന്നു റാണി (ജാവലിൻ ത്രോ), സീമ പൂനിയ (ഡിസ്കസ് ത്രോ) എന്നിവരെയും അർജുനയ്ക്കായി നിർദേശിക്കുന്നു. സഞ്ജയ് ഗർനായ്ക്ക്, കുൽദീപ് സിങ് ഭുല്ലർ, ജത ശങ്കർ എന്നിവരെയും ദ്രോണാചാര്യക്കു നിർദേശിച്ചിട്ടുണ്ട്.