Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ടർ 17, സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ ഒരുമിച്ച്; കുട്ടികൾക്ക് തിരിച്ചടി

Print

കോഴിക്കോട് ∙ രണ്ടു ഫുട്ബോൾ ടൂർണമെന്റുകൾ ഒരേസമയം നടത്താനുള്ള തീരുമാനം മൂലം സ്കൂൾ വിദ്യാർഥികളുടെ സംസ്ഥാന ടീം അംഗത്വമെന്ന മോഹം തകരുന്നു. അണ്ടർ–17 സംസ്ഥാന ഫുട്ബോൾ ടൂർണമെന്റും സുബ്രതോ കപ്പ് ഫുട്ബോളും ഒരേദിവസങ്ങളിൽ നടക്കുന്നതാണു വിദ്യാർഥികളെ വെട്ടിലാക്കുന്നത്. സുബ്രതോ കപ്പ് അണ്ടർ 17 വിഭാഗത്തിലേക്കു യോഗ്യത നേടിയ പല ജില്ലയിലെയും സ്കൂൾ ടീമുകളിലെ വിദ്യാർഥികൾക്ക് ഈ മൽസരക്രമം പ്രശ്നമായിരിക്കുകയാണ്. 

ജില്ലാ ടീമിൽ കളിക്കണോ സ്കൂൾ ടീമിൽ കളിക്കണോ എന്ന ആശങ്കയിലാണ് ഇവർ. ഹോസ്റ്റലും മറ്റു സൗകര്യങ്ങളും നൽകുന്ന സ്കൂൾ ടീം വിട്ട് ജില്ലാ ടീമിൽ കളിച്ചാൽ പലർക്കും സ്കൂളിൽനിന്നുതന്നെ പുറത്തുപോകേണ്ടിവരും. സംസ്ഥാന ജൂനിയർ ടൂർണമെന്റ് ഉപേക്ഷിച്ചാൽ സംസ്ഥാന ടീമിലേക്കുള്ള വഴിയടയും. 

17 മുതൽ 24 വരെ കാസർകോട്ടാണു സംസ്ഥാന ജൂനിയർ മൽസരങ്ങൾ നടക്കുന്നത്. 22നു പാലക്കാട്ട് സുബ്രതോ കപ്പ് തുടങ്ങും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കുട്ടികൾക്കാണ് ഇതുമൂലം വൻതിരിച്ചടി നേരിടുക. കോഴിക്കോട് ജില്ലാ ടീമിലുള്ള ഒൻപതു കുട്ടികൾ സുബ്രതോ കപ്പിൽ കളിക്കുന്നവരാണ്. സുബ്രതോയിൽ നിലവിലെ സംസ്ഥാനതല ജേതാക്കളായ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചു കുട്ടികളും ഇതിൽപെടും. 17നു തുടങ്ങി 24നു സമാപിക്കും വിധം സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ് കെഎഫ്എ മുൻകൂട്ടി നിശ്ചയിച്ചതാണ്. 22നു തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന സുബ്രതോ കപ്പ് മൽസരങ്ങൾ ഒരാഴ്ച നീട്ടിയാൽ അത് ഒട്ടേറെ ഭാവിതാരങ്ങൾക്ക് അനുഗ്രഹമാകും.