അമ്മയാകാനുള്ള തയാറെടുപ്പിൽ സെറീന വില്യംസ്

ഇതെന്റെ ചക്കര(യ്ക്ക്).... രണ്ടു മാസം ഗർഭിണിയായിരിക്കെ നേടിയ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമായി സെറീന വില്യംസ് (ഫയൽചിത്രം)

ന്യൂയോർക്ക് ∙ ചരിത്രനേട്ടം കൈവരിക്കുമ്പോൾ സെറീന വില്യംസിന്റെയുള്ളിൽ മറ്റൊരു ജീവൻകൂടി തുടിച്ചിരുന്നെന്നു വെളിപ്പെടുത്തൽ. താൻ 20 ആഴ്ച ഗർഭിണിയാണെന്ന് സമൂഹമാധ്യമമായ സ്നാപ് ചാറ്റിൽ അതിനാടകീയമായാണു സെറിന അറിയിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ പേരിലുള്ള 22 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന റെക്കോർഡ് മറികടന്ന് ഇക്കഴിഞ്ഞ ജനവരിയിലാണ് ഈ യുഎസ് താരം ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയത്; 23–ാം ഗ്രാൻസ്‌ലാമിലെ ‘വിശേഷ’ കിരീടം.

സെറീനയുടെ വെളിപ്പെടുത്തൽ കൃത്യമാണെങ്കിൽ ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണു താരം. അങ്ങനെ നോക്കുമ്പോൾ മെൽബണിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുമ്പോൾ രണ്ടു മാസം ഗർഭിണിയായിരുന്നു മുൻ ലോക ഒന്നാം നമ്പർ താരംകൂടിയായ സെറീന. അടുത്ത ആഴ്ച പുറത്തുവരുന്ന പുതിയ ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണു സെറീന. സെറീനയുടെ ആരാധകർ അതിന്റെ ആവേശത്തിൽ നിൽക്കെയാണ് സ്നാപ് ചാറ്റിൽ പുതിയ വിശേഷം പങ്കുവച്ചു 35 വയസ്സുകാരിയായ താരം ‘മിന്നുംതാര’മായത്.

ഫോട്ടോ പങ്കുവയ്ക്കുന്ന സ്നാപ് ചാറ്റിൽ മഞ്ഞനിറത്തിലുള്ള വൺ പീസ് നീന്തൽവസ്ത്രം ധരിച്ചു നിൽക്കുന്ന തന്റെ സെൽഫി ചിത്രം ‘20 വീക്സ്’ എന്ന അടിക്കുറിപ്പോടെ ഇന്നലെ സെറീന പോസ്റ്റ് ചെയ്തിരുന്നു. കാര്യമറിയാതെ ഫോട്ടോ കണ്ടിരുന്ന ആരാധകർ അതിനു പിന്നിലെ വലിയ വിശേഷം പിന്നീടാണറിഞ്ഞത്. സെറീനയുടെ വക്താവ് കെല്ലി ബുഷ് നൊവാക് ആണു വാർത്ത പുറത്തുവിട്ടത്. സംഭവം സ്ഥിരീകരിച്ചതോടെ ആ ഫോട്ടോ നീക്കുകയും ചെയ്തു.

ചേച്ചി വീനസ് വില്യംസിനെ തോൽപിച്ചാണ് ഓസ്ട്രേലിയൻ ഓപ്പണിലെ ചരിത്രനേട്ടം സെറീന കൈവരിച്ചത്. ഇപ്പോഴത്തെ നിലയിൽ നോക്കിയാൽ അന്ന്, കോർട്ടിൽ സെറീന കുടുംബത്തിൽപെട്ട മൂന്നാമതൊരാൾകൂടി ഉണ്ടായിരുന്നു! ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ പൊതുവേ നാട്ടുനടപ്പനുസരിച്ചു സ്ത്രീകൾ അധികവിശ്രമമെടുക്കുന്ന സമയത്താണ് സെറീന ആവേശത്തോടെ ആക്രമണ ടെന്നിസ് കളിച്ചത്. ഒരൊറ്റ സെറ്റ് പോലും നഷ്ടപ്പെടുത്താതെയായിരുന്നു സെറീനയുടെ ടൂർണമെന്റ് വിജയം എന്നുകൂടി ഓർക്കണം. ഓസ്ട്രേലിയൻ ഓപ്പണിലെ കിരീടത്തിനുശേഷം കാൽമുട്ടിലെ പരുക്കുമൂലം സെറീന കളത്തിലിറങ്ങിയിട്ടില്ല. ഇനിയെന്തായാലും 2018ലേ മടങ്ങിവരവുണ്ടാകൂ.

അലക്സിസ് ഒഹാനിയൻ

ലോകത്തിൽ ഏറ്റവുമധികം സമ്പാദിക്കുന്ന വനിതാതാരമായ സെറീന സാമൂഹിക വാർത്താ ജാലകമായ റെഡിറ്റ് സഹ സ്ഥാപകനായ അലക്സിസ് ഒഹാനിയനുമായുള്ള ബന്ധം വെളിപ്പെടുത്തിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. താരത്തെ അഭിനന്ദിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നവരുടെ ബഹളത്തിനിടെ വിമർശനം ഉന്നയിക്കുന്നവരും ഇല്ലെന്നതു കണ്ടുകൂടാ. ‘സാങ്കേതികമായി സെറീന വഞ്ചിച്ചു. സിംഗിൾസ് ഫൈനലിൽ സെറീന കളിച്ചതു ഡബിൾസായിരുന്നു...’ എന്നമട്ടിലുള്ള കമന്റുകളും ധാരാളം.