Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷറപ്പോവയുടെ തിരിച്ചുവരവ് വിജയകരം

sharapova-win

ന്യൂയോർക്ക് ∙ ഒറ്റ മൽസരം കൊണ്ട് മരിയ ഷറപ്പോവ അതു തെളിയിച്ചു– ഒന്നര വർഷത്തോളം കളിക്കളത്തിൽ നിന്നു വിട്ടു നിന്നെങ്കിലും താൻ ഇപ്പോഴും ചാംപ്യൻ സ്പർശമുള്ള താരമാണ്. ഗ്രാൻസ്ലാം ടൂർണമെന്റുകളിലേക്കുള്ള തിരിച്ചുവരവ് മൽസരത്തിൽ രണ്ടാം സീഡ് സിമോണ തോൽപ്പിച്ച് റഷ്യൻ താരം യുഎസ് ഓപ്പൺ രണ്ടാം റൗണ്ടിൽ കടന്നു. ആർതർ ആഷെ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ 6–4, 4–6, 6–3 സ്കോറിനാണ് ഷറപ്പോവയുടെ ജയം.

വൈൽഡ് കാർഡിലൂടെ യുഎസ് ഓപ്പണിനെത്തിയ തന്റെ അർഹതയിലും ഫോമിലും സംശയിച്ചവരെ നിശബ്ദരാക്കിയ പ്രകടനമാണ് ഷറപ്പോവ കാഴ്ച്ചവച്ചത്.
ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരിൽ 15 മാസം വിലക്കിലായ ഷറപ്പോവയെ പിന്നീട് പരുക്കും പിടികൂടിയിരുന്നു. എന്നാൽ കോർട്ടിൽ നിറഞ്ഞുനിന്ന രണ്ടേ മുക്കാൽ മണിക്കൂറിൽ ഷറപ്പോവ ഹാലെപിനെ നിഷ്പ്രഭയാക്കി. റുമാനിയൻ താരത്തിനെതിരെ ഏഴാം മൽസരത്തിൽ ഷറപ്പോവയുടെ ഏഴാം ജയമാണിത്.

ആദ്യ സെറ്റിൽ അനായാസമായ കരുത്തോടെ കളിച്ച ഷറപ്പോവ ഹാലെപ്പിനെ കോർട്ടിലുടനീളം പായിച്ചു. എന്നാൽ രണ്ടാം സെറ്റിൽ ഷറപ്പോവ 4–1നു മുന്നിലെത്തിയശേഷം ഹാലെപ് ശക്തമായി തിരിച്ചടിച്ച് സെറ്റ് സ്വന്തമാക്കിയതോടെ മൽസരം നീണ്ടു. നിർണായകമായ മൂന്നാം സെറ്റിൽ ഷറപ്പോവ മിന്നിത്തിളങ്ങി. മാച്ച് പോയിന്റിൽ ഹാലെപിന്റെ റിട്ടേൺ അകലേക്കു പാഞ്ഞതോടെ കണ്ണീരണിഞ്ഞ് കോർട്ടിൽ മുട്ടുകുത്തി. ‘ഈ വസ്ത്രത്തിനും ക്രിസ്റ്റലുകൾക്കും ഉള്ളിൽ ഒരു പെൺകുട്ടിയുടെ നിശ്ചയദാർഢ്യമുണ്ട്’– മൽസരശേഷം ഷറപ്പോവയുടെ വാക്കുകൾ.