യുഎസ് ഓപ്പൺ: വീനസ് സെമിയിൽ

സെമിയിൽ കടന്ന ആഹ്ലാദത്തിൽ വീനസ് വില്യംസ്

ന്യൂയോർക്ക് ∙ കലണ്ടർ വർഷത്തിലെ മൂന്നാം ഗ്രാൻഡ്സ്‍ലാം ഫൈനൽ ലക്ഷ്യമിടുന്ന അമേരിക്കയുടെ വീനസ് വില്യംസ് യുഎസ് ഓപ്പൺ സെമിഫൈനലിൽ. രണ്ടുതവണ വിമ്പിൾ‌ഡൻ ചാംപ്യനായ പെട്രോ ക്വിറ്റോവയെയാണ് മൂന്നുസെറ്റുകൾ നീണ്ട പോരാട്ടത്തിൽ വീനസ് തോൽപിച്ചത് (6–3,3–6,7–6).

പുരുഷ സിംഗിൾസിൽ അർജന്റീനയുടെ ഡിയഗോ ഷ്വാർട്സ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് സ്പാനിഷ് താരം പാബ്ലോ കരേനോ സെമിയിലെത്തി (6-4 6-4 6-2). അമേരിക്കയുടെ സാം ഖുറേയിയെ തോൽപിച്ച്  ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സനും  സെമിഫൈനൽ ഉറപ്പാക്കി.
ഒൻപതാം സീഡായ വീനസിനെതിരെ ആദ്യ സെറ്റു നഷ്ടപ്പെടുത്തിയ ക്വിറ്റോവ രണ്ടാംസെറ്റ് തിരിച്ചുപിടിച്ച് കരുത്തുകാട്ടി. നിർണായകമായ മൂന്നാംസെറ്റിൽ 1–3ന് പിന്നിൽ നിന്നശേഷമായിരുന്നു വീനസിന്റെ തിരിച്ചുവരവ്.

അവസാന സെറ്റിൽ ഒൻപതു ഡബിൾ ഫോൾട്ടുകൾ വഴങ്ങിയാണ് പതിമൂന്നാം സീഡായ ക്വിറ്റോവ തോൽവി വഴങ്ങിയത്. അമേരിക്കൻ താരം സ്ലൊവാൻ സ്റ്റീഫൻസാണ് സെമിയിൽ വീനസിന്റെ എതിരാളി.  15 വർഷത്തിനുശേഷമാണ് യുഎസ് ഓപ്പൺ വനിതാ സെമിഫൈനലിൽ അമേരിക്കൻ താരങ്ങൾ ഏറ്റുമുട്ടുന്നത്.

അർജന്റീനൻ താരത്തിനെതിരെ 30 വിന്നറുകൾ പായിച്ച പാബ്ലോ കരേനയുടെ ജയം നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു. ചാംപ്യൻഷിപ്പിലിതുവരെ ഒരു സെറ്റും നഷ്ടപ്പെടുത്താതെയാണ് കരേനോയുടെ കുതിപ്പ്. മൂന്നര മണിക്കൂർ നീണ്ട മൽസരത്തിനൊടുവിലാണ് ആൻഡേഴ്സൻ സാം ഖുറെയിയെ മറികടന്നത് (7-6 6-7 6-3 7-6).  22 എയ്സുകളും 67 വിന്നറുകളുമടങ്ങി പ്രകടനം ഗാലറിയുടെ കയ്യടി നേടി. കരേനോയുടെയും ആന്‍ഡേഴ്സന്റെയും ആദ്യ ഗ്രാന്‍ഡ്‌സ്‌ലാം സെമി ഫൈനലാണിത്.