ഓസ്ട്രേലിയൻ ഓപ്പൺ: ഫെഡറർ മുന്നോട്ട്; ഷറപ്പോവ പുറത്ത്

ഷറപ്പോവയെ തോൽപ്പിച്ച ജർമൻ താരം ആഞ്ചലിക് കെർബറിന്റെ ആഹ്ലാദം.

മെൽബൺ ∙ കനത്ത ചൂടിൽ കാലിടറാതെയും അട്ടിമറിക്കാറ്റിനു പിടികൊടുക്കാതെയും ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ സൂപ്പർതാരങ്ങളുടെ മുന്നേറ്റം. ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ക്വെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച രണ്ടാം സീഡ് റോജർ ഫെ‍ഡററും സ്പാനിഷ് താരം റാമോസ് വിനാലോസിനെ മറികടന്നു സെർബിയൻ താരം നൊവാക് ജോക്കോവിച്ചും പ്രീക്വാർട്ടറിലെത്തി. നാലുമണിക്കൂറോളം നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലായിരുന്നു വനിതകളിലെ ഒന്നാം സീഡായ സിമോണ ഹാലെപ്പിന്റെ ജയം. മുൻ ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ ആഞ്ചലിക് കെർബറിനോടു തോറ്റു പുറത്തായി. 

കരിയറിലെ ഇരുപതാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഫെഡറർക്കു വെല്ലുവിളിയുയർത്താൻ 29–ാം സീഡായ ഗാസ്ക്വെറ്റിനായില്ല (6–2, 7–5, 6–4). പോരാട്ടം രണ്ടുമണിക്കൂറേ നീണ്ടുള്ളൂ. മെൽബണിൽ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെ കുതിക്കുന്ന ഫെഡറർക്കു പ്രീക്വാർട്ടറിൽ‌ ഹംഗറിയുടെ മാർട്ടൻ ഫുസോവിച്ചാണ് എതിരാളി.

ആറു തവണ ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യനായ നൊവാക് ജോക്കോവിച്ച് പരുക്കിനെ അതിജീവിച്ചാണു സ്പാനിഷ് താരത്തെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചത് (6–2, 6–3, 6–3). കൈമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ആറുമാസം കോർട്ടിൽനിന്നു വിട്ടുനിന്ന ജോക്കോവിച്ചിനെ ഇന്നലെ മൽസരത്തിനിടയിലും പലതവണ പരുക്ക് അലട്ടി. 

ലോകറാങ്കിൽ 76–ാം സ്ഥാനത്തുള്ള യുഎസിന്റെ ലോറൻ ഡേവിസിനോടാണ് ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പ് പാടുപെട്ടു ജയിച്ചത് (4-6, 6-4, 15-13). മൽസരത്തിൽ മൂന്നു മാച്ച് പോയിന്റുകളെ അതിജീവിച്ച ശേഷമായിരുന്നു ഹാലെപ്പിന്റെ തിരിച്ചുവരവ്. മറ്റൊരു കടുത്ത പോരാട്ടത്തിൽ ആറാം സീഡ് കരോലിന പ്ലിസ്കോവ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയെ മറികടന്നു (7–6, 7–5).

പ്രതാപകാലത്തെ മികവ് ആവർത്തിക്കാനാകാതെ വലഞ്ഞ റഷ്യക്കാരി മരിയ ഷറപ്പോവയെ വെറും 63 മിനിറ്റിനുള്ളിലാണു ജർമൻ താരം ആഞ്ചലിക് കെർബർ മടക്കിയത്. ‍‌സെർവുകളിലും റിട്ടേണുകളിലും മികച്ചുനിന്ന കെർബർ മുൻകാല മികവിലേക്കു തിരിച്ചെത്തുന്നതിന്റെ ലക്ഷണങ്ങളും കാണിച്ചു. 26 അപ്രേരിത പിഴവുകളാണു മൽസരത്തിൽ ഷറപ്പോവ വരുത്തിയത്. 

പുരുഷൻമാരിൽ നാലാം സീഡ് അലക്സാണ്ടർ‌ സ്വെരേവിനെ അട്ടിമറിച്ച ദക്ഷിണകൊറിയൻ താരം ചങ് ഹിയോണിന്റേതാണ് ആറാം ദിനത്തിലെ പ്രധാന അട്ടിമറിജയം. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക 58–ാം റാങ്കുകാരനായ ഹിയോണിന്റെ ജയം (5–7, 7–6, 2–6, 6–3, 6–0). ഓസ്ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിലെത്തുന്ന ആദ്യ ദക്ഷിണ കൊറിയക്കാരനായ താരത്തിനു പ്രീക്വാർട്ടറിൽ ജോക്കോവിച്ചാണ് എതിരാളി. അഞ്ചാം സീഡ് ഡൊമിനിക് തീം ഫ്രഞ്ച് താരം അഡ്രിയാൻ മന്നറിനോയെ മറികടന്നു (6–4, 6–2, 7–5). 

പെയ്സ് സഖ്യം മുന്നോട്ട്

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ലിയാൻഡർ പെയ്സ് – പുരവ് രാജ സഖ്യം മൂന്നാം റൗണ്ടിലെത്തി. അഞ്ചാം സീഡ് ബ്രൂണോ സോറസ് – ജമീ മുറെ സഖ്യത്തെയാണു തോൽപിച്ചത് (7-6,  5-7, 7-6). 11–ാം സീഡായ ജുവാൻ സെബാസ്റ്റ്യൻ– റോബർട്ട് ഫറ സഖ്യമാണ് (കൊളംബിയ) അടുത്ത റൗണ്ടിൽ ഇവരുടെ എതിരാളികൾ.