പരുക്കിനെത്തുടർന്ന് സെറീന പിൻമാറി; നദാൽ, ഷറപ്പോവ ക്വാർട്ടറിൽ

പാരിസ്∙ ഫ്രഞ്ച് ഓപ്പൺ പ്രീ– ക്വാർട്ടറിൽ സെറീന– ഷറപ്പോവ സൂപ്പർ‌ പോരാട്ടത്തിനായി കാത്തിരുന്ന ആരാധകർക്കു നിരാശ. മൽസരത്തിനു തൊട്ടു മുൻപുണ്ടായ പരുക്കിനെത്തുടർന്ന് സെറീന പിന്മാറിയപ്പോൾ ഷറപ്പോവ ക്വാർട്ടറിലേക്കു മുന്നേറി. പ്രസവത്തിനായി കളിക്കളത്തിൽനിന്നു ദീർഘനാളായി അവധിയെടുത്തതിനു ശേഷമുള്ള മടങ്ങിവരവിലെ സെറീനയുടെ ആദ്യ പ്രമുഖ ടൂർണമെന്റായിരുന്നു ഇത്. 

ജർമനിയുടെ മാക്സിമിലിയൻ മാർട്ടററെ 6–3, 6–2, 7–6നു തോൽപ്പിച്ച് ഒന്നാം സീഡ് റഫാൽ നദാലും ക്വാർട്ടർ ഉറപ്പിച്ചു. വനിതാ സിംഗിൾസിൽ ഫ്രാൻസിന്റെ കാരൊലിൻ ഗാർഷ്യയെ 6–2, 6–3ന് അനായാസം മറികടന്ന് ആഞ്ചലിക് കെർബർ മുന്നേറി. ക്വാർട്ടറിൽ സിമോന ഹാലേപാണ് കെർബറുടെ എതിരാളി. 

ഓസ്ട്രേലിയൻ ഓപ്പൺ ജേതാവ് കാരൊലിൻ വോസ്നിയാക്കിയെ 7–6, 6–3ന് അട്ടിമറിച്ച് റഷ്യയുടെ ദാരിയ കാസാത്കിനയും ക്വാർട്ടറിൽ പ്രവേശിച്ചു.