Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെമിയിൽ പരുക്കേറ്റു പിന്മാറി നദാൽ; ഫൈനലിൽ ഡെൽപോട്രോയെ കാത്ത് ജോക്കോവിച്ച്

us-open-nadal യുഎസ് ഓപ്പൺ സെമിയിൽ നിന്ന് പരുക്കേറ്റു പിൻമാറിയ ശേഷം നദാൽ.

ന്യൂയോർക്ക്∙ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ റാഫേൽ നദാൽ യുഎസ് ഓപ്പൺ ടെന്നിസ് സെമിയിൽ പരുക്കേറ്റു പിൻമാറി. പുരുഷ സിംഗിൾസിൽ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയുമായുള്ള സെമിക്കിടെയാണ് സ്പെയിനിൽ നിന്നുള്ള ലോകതാരത്തിന്റെ പിൻമാറ്റം. 2009 ലെ യുഎസ് ഓപ്പണിൽ റോജർ ഫെഡററെ തോൽപ്പിച്ച് യുഎസ് ഓപ്പൺ നേടിയ ഡെൽപോട്രോ അതിനു ശേഷം ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്നത്.

us-open-nadal-hurt മൽസരത്തിനിടെ പരുക്കേറ്റ നദാൽ പരിശീലകനൊപ്പം.

ആദ്യ സെറ്റ് 7–6(3) എന്ന നിലയിലും രണ്ടാം സെറ്റ് 6–2 എന്ന നിലയിലും കൈവിട്ട ശേഷമാണ് നദാൽ പിൻമാറ്റം അറിയിച്ചത്. ആദ്യ സെറ്റിന്റെ അഞ്ചാം ഗെയിമിൽ തനിക്ക് വലതു കാൽമുട്ടിൽ വേദന തുടങ്ങിയിരുന്നതായി കളിക്കളത്തിൽ നിന്ന് വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നദാൽ പിന്നീട് പ്രതികരിച്ചു. അതൊരു ടെന്നിസ് മാച്ചായി പോലും കണക്കാക്കാനാവില്ല. ഒരു താരം മാത്രം കളിക്കുകയും മറ്റൊരാൾ മറുവശത്ത് നിൽക്കുന്നതുമായ അവസ്ഥ – തന്റെ പിൻമാറ്റത്തെക്കുറിച്ച് നദാൽ പറഞ്ഞു.

us-open-nadal-knee പരുക്കേറ്റ കാലിൽ മെഡിക്കൽ ടേപ്പൊട്ടിച്ച് നദാൽ കളിച്ചപ്പോൾ.

കഴിഞ്ഞ വർഷം കെവിൻ ആൻഡേഴ്സണെ തകർത്ത് പതിനെട്ടാം ഗ്രാൻഡ് സ്ലാം നേട്ടം സ്വന്തമാക്കിയ നിലവിൽ മുപ്പത്തിരണ്ടു വയസുള്ള നദാലിന് ഇത്തവണത്തെ പിൻമാറ്റം ഏറെ വേദനാജനകമാണ്. മറുവശത്ത് അടുത്തിടെയായി പതിവായി പരുക്കേറ്റു പിൻമാറുന്ന ഇരുപത്തിയൊൻപതുകാരൻ ഡെൽപോട്രോയ്ക്ക് മികച്ച അവസരവും. 2009 ൽ യുഎസ് ഓപ്പൺ നേടിയ ശേഷം നിരവധി തവണ കൈമുട്ടു ശസ്ത്രക്രിയയ്ക്ക് ഡെൽപോട്രോ വിധേയനായിട്ടുണ്ട്. ഒരു പതിറ്റാണ്ടു മുൻപുള്ള ഫോമിലേക്കു ഡെൽപോട്രോ മടങ്ങിയെത്തുന്ന കാഴ്ചയും ഇത്തവണ യുഎസ് ഓപ്പൺ സമ്മാനിച്ചു. അമേരിക്കയുടെ പതിനൊന്നാം സീഡ് ജോൺ ഇസ്നറെ 6–7, 6–3, 7–6, 6–2നു തോൽപിച്ചാണു ഡെൽപോട്രോ ഇത്തവണ സെമി ഉറപ്പിച്ചത്.

us-open-del-potro-nadal പിൻമാറ്റം അറിയിച്ച നദാലിനെ ഡെൽപോട്രോ ആശ്വസിപ്പിക്കുന്നു.

സെമിയിൽ 2014ലെ യുഎസ് ഓപ്പൺ രണ്ടാം സ്ഥാനക്കാരൻ കൂടിയായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തകർത്ത ആറാം സീഡ് നൊവാക് ജോക്കോവിച്ചാണ് ഫൈനലിൽ ഡെൽപോട്രോയെ കാത്തിരിക്കുന്നത്. ഇതിഹാസ താരം റോജർ ഫെഡററിനെ പ്രീക്വാർട്ടറിൽ അട്ടിമറിച്ചെത്തിയ ഓസ്ട്രേലിയൻ താരം ജോൺ മിൽമാനെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ജോക്കോവിച്ച് യുഎസ് ഓപ്പൺ സെമിയിലെത്തിയതും. മൂന്നാം യുഎസ് ഓപ്പൺ കിരീടത്തിനും 14–ാം ഗ്രാൻസ്‍ലാം കിരീടത്തിനുമിടയിൽ ഡെൽപോട്രോയ്ക്കെതിരെ കനത്ത പോരാട്ടം തന്നെ ജോക്കോവിച്ച് കാഴ്ചവയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കരിയറിൽ ഡെൽപോട്രോയ്ക്കെതിരെ 14–4 എന്ന റെക്കോർഡാണ് ജോക്കോവിച്ചിനുള്ളത്. 2013 വിംബിൾഡൻ സെമിക്കു ശേഷം ഇവർ തമ്മിൽ എതിരിട്ട ഏഴിൽ ആറു തവണയും ജോക്കോവിച്ചിനായിരുന്നു ജയം.

ഫൈനലിൽ ജോക്കോവിച്ചിലാകാം എല്ലാവർക്കും പ്രതീക്ഷയെങ്കിലും ഒൻപതു വർഷം മുൻപ് റോജർ ഫെഡററുമായി താൻ കളിക്കുമ്പോൾ അദ്ദേഹത്തിലായിരുന്നു എല്ലാവർക്കും പ്രതീക്ഷയെന്നതു മറക്കേണ്ടെന്നും അത്തരമൊരു സർപ്രൈസിനാകും താൻ ശ്രമിക്കുകയെന്നും ഡെൽപോട്രോ പറഞ്ഞു. ഞായറാഴ്ചയാണ് യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനൽ മൽസരം.