Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെൽപോട്രോ ഒരു ടീമാണ് !

delpotro-friends ഡെൽപോട്രോയുടെ സുഹൃത്തുക്കൾ ഗാലറിയിൽ

ന്യുയോർക്ക്∙ ‘ഓലേ ഓലേ ഓലേ, ഡെൽ–പോ ഡെൽപോ...’  യുഎസ് ഓപ്പൺ ഫൈനലിലെത്തിയ അർജന്റീന ടെന്നിസ് താരം യുവാൻ മാർട്ടിൻ ഡെൽപോട്രോയുടെ പോരാട്ടത്തിനുള്ള ഇന്ധനമാണ് ഈ വാക്കുകൾ. 

ഫ്ലഷിങ് മെഡോസിലെ ഗാലറിയിൽനിന്ന് ഒരു ഡസൻ സുഹൃത്തുക്കൾ തൊണ്ടപൊട്ടി ആർപ്പുവിളിക്കുമ്പോൾ ഡെൽപോട്രോയ്ക്കു ജയിക്കാതെ തരമില്ലല്ലോ! ഡെൽപോട്രോയുടെ ജൻമനാടായ ടാൻഡിലിൽനിന്നു യുഎസിലേക്കു വണ്ടികയറിയ ഈ സംഘമാണു ഡെൽപോട്രോയുടെ കളിനടക്കുമ്പോൾ ഗാലറിയിലെ നിറസാന്നിധ്യം.

പരുക്കു മൂലം വിരമിക്കലിന്റെ വക്കിലെത്തിയ ഡെൽപോട്രോയുടെ കരിയറിനെ വീണ്ടു ടെന്നിസ് കോർട്ടിന്റെ മധ്യത്തിലെത്തിച്ചത് ഈ സുഹൃത്തുക്കളാണ്. 

2015ൽ കൈക്കുഴയ്ക്കു പരുക്കേറ്റു ടെന്നിസ് കോർട്ടിനു പുറത്തായ ഡെൽപോട്രോയ്ക്കു താങ്ങായതും ഇവർ തന്നെ. 

‘കൈക്കുഴയിൽ പലവട്ടം ശസ്ത്രക്രിയ നടത്തിയിട്ടും ഫലമുണ്ടാകാതെയിരുന്ന കാലമുണ്ടായിരുന്നു എനിക്ക്. അവിടെ എനിക്കു തുണയായത് ഇവരുടെ വാക്കുകളിലെ ഊർജം മാത്രമാണ്. ഇവരില്ലായിരുന്നെങ്കിൽ കോർട്ടിലേക്ക് എനിക്കു മടങ്ങിയെത്താനാകുമായിരുന്നില്ല,’ സെമിഫൈനലിനിടെ റാഫേൽ നദാൽ പിന്മാറിയതിനെ തുടർന്നു ഫൈനലിലേക്കു മുന്നേറിയ ഡെൽ‌പോട്രോയുടെ വാക്കുകൾ.

2009ൽ സെമിയിൽ റാഫേൽ നദാലിനെയും ഫൈനലിൽ റോജർ ഫെഡററെയും വീഴ്ത്തി യുഎസ് ഓപ്പൺ എത്തിപ്പിടിച്ച ഡെൽപോട്രോ ജോക്കോവിച്ചിനെതിരായ കലാശക്കളിക്ക് ഇന്ന് ഇറങ്ങുമ്പോഴും ‘ഓലേ’ വിളികളുമായി ഇവരുണ്ടാകും, പ്രിയസുഹൃത്ത് യുഎസ് ഓപ്പൺ കിരീടമുയർത്തും എന്ന പ്രതീക്ഷയോടെ!