കാറ്റിനെതിരെ കരുത്തോടെ

ശീതകാല കൊടുങ്കാറ്റു വീശിയടിക്കുമ്പോൾ ഇംഗ്ലണ്ടിലെ പശുവളർത്തൽ ഫാമുകൾ ദുരന്തഭൂമിയാകും. പാഞ്ഞുവരുന്ന മഞ്ഞുകഷണങ്ങൾ പശുക്കളുടെ ദേഹത്തു മുറിവേൽപിക്കും. ഈ സമയത്ത് സാദാ പശുക്കൾ കാറ്റിനു പുറംതിരിഞ്ഞു നിൽക്കും. എന്നിട്ട് കാറ്റിന് അനുകൂലമായി നടക്കും. മൈലുകൾ നടന്ന് ഏതെങ്കിലും അതിർത്തി വേലിയിൽ എത്തുമ്പോൾ തടിച്ചുകൂടി അവിടെ ഒന്നിച്ചു മരിച്ചുവീഴും. എന്നാൽ ഹിയർ ഫോർഡ് പശുക്കൾ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. അവ പരസ്‌പരം ചുമൽ ചേർത്ത് കാറ്റിനെതിരെ നടക്കും – തല താഴ്‌ത്തിപ്പിടിച്ച്. കാറ്റു കഴിയുമ്പോൾ ആ പശുക്കൾ മികച്ച ആരോഗ്യനില ഉള്ളവയായി അവശേഷിക്കും. 

എല്ലാത്തിനോടും സമരസപ്പെടാനാകില്ല; ചിലതിനോടു സമരം ചെയ്‌തേ മതിയാകൂ. ഒരു വെല്ലുവിളിയെപ്പോലും അതിജീവിക്കാൻ ശേഷിയില്ലാത്ത ശരീരവും മനസ്സും മൃതമാണ്. നിരന്തരമായ ചെറുത്തുനിൽപാണ് പ്രതിരോധത്തിനും ബലം നൽകുന്നത്. ആദ്യമായി ഉണ്ടാകുന്ന അനുഭവങ്ങളിൽ പകച്ചുപോകുന്നവർ തകരാൻ തീരുമാനിക്കാതെ തുടരാൻ തീരുമാനിച്ചാൽ ദുരന്തത്തിന് ഒളിച്ചോട്ടമല്ലാതെ മറ്റു മാർഗമില്ല. പിടിച്ചുനിൽക്കുന്നവരിൽ സ്വാഭാവികമായി രൂപപ്പെടുന്ന പോരാട്ടവീര്യത്തിന് മുന്നിൽ ഏത് ആപത്തും അടിപതറും.

കടലിൽ യാത്ര ചെയ്യുന്നവന് കാറ്റിന്റെ ഗതി നിർണയിക്കാനോ മാറ്റം വരുത്താനോ ആകില്ല. സ്വന്തം കപ്പലിന്റെ പായ് മാറ്റിക്കെട്ടാനാകും. ഉണർവും ഊർജവും ക്രിയാത്മകമായി ഉപയോഗിക്കാനുള്ളതാണ്. എതിർപ്പുകളേക്കാൾ എതിർപ്പുകളോടുള്ള മനോഭാവമാണ് സഹിഷ്‌ണുതയുടെയും സ്ഥിരതയുടെയും സൂത്രവാക്യം തീരുമാനിക്കുന്നത്.

തളർന്നോടുന്നവനേക്കാൾ ഭയന്ന് ഓടുന്നവരാണ് എതിരാളികളെ വിജയശ്രീലാളിതരാക്കുന്നവർ. ആദ്യനിമിഷങ്ങളിൽ ഉണ്ടാകുന്ന അതിരുകടന്ന ഭയത്തിനു മുമ്പിൽ സ്വയം അടിയറവ് പറയുന്നവരെ കീഴടക്കാൻ എളുപ്പമാണ്.