ജീവിതം ഒരു കൗശലം

വ്യാപാരി, ധനികന്റെ കടക്കാരനായി. വളരെ വലിയ തുകയായപ്പോൾ ധനികൻ ഒരു ഉപാധി പറഞ്ഞു. വ്യാപാരിയുടെ മകളെ തനിക്കു വിവാഹം ചെയ്‌തു തന്നാൽ കടം ഇളവു ചെയ്യാം. സമ്മതമില്ലാതെ നിന്ന അച്ഛനോടും മകളോടും ധനികൻ വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. അദ്ദേഹം ഒരു സഞ്ചിയിൽ ഒരു കറുത്ത കല്ലും ഒരു വെളുത്ത കല്ലും നിക്ഷേപിക്കും. മകൾ കറുത്ത കല്ലെടുത്താൽ പണം തരേണ്ട, കല്യാണം കഴിക്കണം. വെളുത്ത കല്ലെടുത്താൽ പണവും കല്യാണവും വേണ്ട. സൂത്രശാലിയായ ധനികൻ രണ്ടു കറുത്ത കല്ലുകൾ സഞ്ചിയിലിടുന്നത് മകൾ കണ്ടു. അവൾ ഒരു കല്ലെടുത്ത് മനഃപൂർവം താഴേക്കിട്ടു. മറ്റു കല്ലുകളുടെ കൂടെ വീണതുകൊണ്ട് കല്ലിന്റെ നിറം തിരിച്ചറിയാനായില്ല. തന്ത്രശാലിയായ അവൾ പറഞ്ഞു. സഞ്ചിയിൽ മിച്ചമുള്ള കല്ലുനോക്കിയാൽ താൻ എടുത്ത കല്ല് ഏതാണെന്ന് അറിയാമല്ലോ? അവശേഷിച്ച കറുത്ത കല്ലിന്റെ പിൻബലത്തിൽ അവൾ രക്ഷപ്പെട്ടു. 

പ്രതിവിധികളില്ലാത്ത പ്രതിസന്ധികളില്ല. മനഃസാന്നിധ്യത്തോടെ നേരിടാൻ കഴിയണം. പല പ്രശ്‌നങ്ങളും അതിനാൽ തന്നെ ആപത്കരങ്ങളല്ല. ആലോചനകൊണ്ടും അജ്‌ഞതകൊണ്ടും വലുതാകുന്നതാണ്. പ്രശ്‌നബാധിതർക്ക് ആദ്യമേ നഷ്‌ടമാകുന്നത് സ്വതന്ത്രചിന്തയും സന്തുലനാവസ്ഥയുമാണ്. സംഘർഷങ്ങൾക്കടിപ്പെട്ടവരിൽ നിന്ന് പക്വമായ ചിന്തകളോ പരിഹാരത്തിനുതകുന്ന തീരുമാനങ്ങളോ ഉണ്ടാകില്ല. പ്രശ്‌നങ്ങളുടെ എണ്ണത്തേക്കാളും വലുപ്പത്തെക്കാളും പ്രധാനം അവയോടുള്ള ക്രിയാത്മക സമീപനമാണ്.