യാഥാർഥ്യം തിരയുമ്പോൾ

നാളുകളായി അന്വേഷിച്ചിരുന്ന മോഷ്‌ടാവിനെ ആൾക്കൂട്ടം കരിമ്പിൻ തോട്ടത്തിൽനിന്നു കണ്ടെത്തി. പക്ഷേ, വളരെ വേഗം അയാൾ അവരുടെ കണ്ണുവെട്ടിച്ച് ഓടി. ജനം പിറകെയും. മോഷ്‌ടാവ് വളരെ വേഗം ഓടി ഒരു പുഴയുടെ തീരത്ത് എത്തി. അയാൾ നോക്കുമ്പോൾ ആരോ ഉണ്ടാക്കിയ അടുപ്പിൽ കുറെ ചാരം കിടക്കുന്നു. ഉടൻ തന്നെ അയാൾ തന്റെ ദേഹത്തു മുഴുവൻ ചാരം വാരി പൂശി. ഓടിവന്ന ജനക്കൂട്ടം അയാളെക്കണ്ട് തപസ്സിരിക്കുന്ന ജ്ഞാനിയാണെന്നു കരുതി തൊഴുതു വണങ്ങി മടങ്ങി. 

പരിവേഷങ്ങളെയല്ല പ്രവർത്തികളെയാണ് വിലയിരുത്തേണ്ടത്. രൂപഭംഗി കൊണ്ടും ആകാരസാദൃശ്യം കൊണ്ടും ഒരാൾക്കും മറ്റൊരാളാകാൻ കഴിയില്ല. ഞൊടിയിടയിൽ പ്രത്യക്ഷപ്പെടുന്ന പല അത്ഭുതപ്രതിഭാസങ്ങളെയും ഒന്നു നിരീക്ഷണവിധേയമാക്കിയാൽ ചായക്കൂട്ടുകളും ചാണക്യതന്ത്രങ്ങളും തനിയെ ഇളകി വരുന്നതുകാണാം. 

ഒരു മാറ്റവും ഒരു നിമിഷംകൊണ്ട് ഉണ്ടാകുന്ന കൺകെട്ടു വിദ്യയല്ല. അത് ഉറച്ച തീരുമാനവും കർശന നിഷ്‌ഠയും ആവശ്യപ്പെടുന്നുണ്ട്. സ്വതന്ത്രമായ തീരുമാനങ്ങളിലൂടെ അല്ലാതെ സാഹചര്യങ്ങളുടെ സമ്മർദങ്ങൾകൊണ്ട് നന്നാകാൻ തീർച്ചപ്പെടുത്തുന്നവർക്ക് അധികകാലം പിടിച്ചു നിൽക്കാനാകില്ല. 

ജനം അപ്രത്യക്ഷമാകുമ്പോൾ യഥാർഥരൂപം പുറത്തുവരും. സ്ഥിരതയിലാണ് സ്വഭാവത്തിന്റെ ദൃഢത തീരുമാനിക്കേണ്ടത്.

എല്ലാ കള്ളനാണയങ്ങളും കൈമാറാൻ കഴിയുന്ന ക്രയവിക്രയ കേന്ദ്രങ്ങളിലല്ല യാഥാർഥ്യത്തെ അന്വേഷിക്കേണ്ടത്. 

സത്യത്തിന് എല്ലായിടങ്ങളിലൂടെയും സഞ്ചരിക്കാനാകില്ല. തിരക്കൊഴിഞ്ഞ നേർവഴി മാത്രമാകും അതിന്റെ സഞ്ചാരപഥം. ഒരു സത്യം വിളിച്ചുപറയുക എന്നതിനേക്കാൾ പല അസത്യങ്ങൾ കൂട്ടിയിണക്കി പറയുന്നതിലാകും ആൾക്കൂട്ടത്തിന്റെ മികവ്.