കൈവിടരുത്, സഹാനുഭൂതി

അയാൾ ദിവസവും പാർക്കിങ് ഗ്രൗണ്ടിലെത്തും. സാങ്കൽപികമായി കാർ പാർക്ക് ചെയ്യും. പൂട്ടി താക്കോലെടുത്ത് പുറത്തുപോകും. വിചിത്രമായ ഈ കാഴ്‌ച കണ്ടുനിന്ന അപരിചിതൻ കാവൽക്കാരനോടു ചോദിച്ചു. ‘അയാൾ എന്താണ് ചെയ്യുന്നത്?’ ‘പണ്ട് ടാക്സി ഡ്രൈവറായിരുന്നു. മനോനില തെറ്റിയതാണ്. എല്ലാ ദിവസവും വന്ന് ഇങ്ങനെ ചെയ്യും’ – കാവൽക്കാരൻ പറഞ്ഞു. അപരിചിതൻ ചോദിച്ചു: ‘നിങ്ങൾക്കത് അയാൾക്കു പറഞ്ഞുകൊടുത്തുകൂടേ?’ കാവൽക്കാരന്റെ മറുപടി – ‘ഞാൻ എന്തിനു പറഞ്ഞുകൊടുക്കണം. അയാൾ ദിവസവും പാർക്കിങ് ഫീസ് തരും. ആഴ്‌ചയിലൊരിക്കൽ കാർ കഴുകുന്നതിനു നൂറുരൂപ വേറെയും.

നിവൃത്തികേടുള്ളവനെ ചൂഷണം ചെയ്‌ത് അവന്റെ ശവകുടീരത്തിനു മുകളിൽ സിംഹാസനം പണിത് ഇരിപ്പുറപ്പിക്കുന്ന അവസരവാദികളാണ് നന്മയുടെ അവസാന കണികയും ഇല്ലാതാക്കുന്നത്. അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ടായിരിക്കെയും അതിൽനിന്നു മുതലെടുപ്പ് നടത്താത്തവരെയാണ് വിശുദ്ധർ എന്നു വിളിക്കേണ്ടത്. 

ഒരുനാട്ടിൽ ഒരാൾ വിശന്നുവലഞ്ഞോ കിടപ്പാടം ഇല്ലാതെയോ സമനില നഷ്‌ടപ്പെട്ടോ ചുറ്റിത്തിരിയുന്നുണ്ടെങ്കിൽ അത് ആ നാട്ടുകാരുടെ മനോഭാവമാണ് വ്യക്തമാക്കുന്നത്. ഒന്നും തിരിച്ചുതരാൻ ശേഷിയില്ലാത്ത, നന്ദിവാക്കുപോലും പറയാൻ അറിയില്ലാത്ത ആളുകളോടു കാണിക്കുന്ന സഹാനുഭൂതിയാകും ഏറ്റവും വിശിഷ്‌ടമായ സൽക്കർമം.