നമുക്കു ക്ഷമിക്കാം

വിഷാദരോഗം പിടിപെട്ട കുട്ടിയെ മനഃശാസ്‌ത്രജ്‌ഞന്റെ അടുക്കലെത്തിച്ചു.‌ വാഹനങ്ങളുടെ ടയറുകൾ പഞ്ചറാക്കാൻ അള്ളുവയ്‌ക്കുന്ന ശീലം അവനുണ്ടായിരുന്നു. ഒരിക്കൽ അതിൽ വന്നുകയറിയത് ഒരു വയോധികൻ ഓടിച്ച കാറായിരുന്നു. ചെന്നുനോക്കിയപ്പോൾ പിൻസീറ്റിൽ ഒരു വയോധികയുമുണ്ട്. ഒന്നുമറിയാത്ത ഭാവത്തിൽ അവൻ ചോദിച്ചു, എന്തുപറ്റി? അസുഖം കൂടിയതിനാൽ ആശുപത്രിയിൽ പോകാൻ ഇറങ്ങിയതാണ്. മറ്റൊരു കാറിൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും വയോധിക മരിച്ചു. 

കുറ്റം ഏറ്റുപറഞ്ഞാൽ പരിഹാരമാകുമെന്നു കരുതി മനഃശാസ്‌ത്രജ്‌ഞൻ കുട്ടിയെയുംകൂട്ടി വയോധികന്റെ അടുത്തെത്തി. എല്ലാം കേട്ട വയോധികൻ പറഞ്ഞു: അവൾ വീട്ടിൽവച്ചുതന്നെ മരിച്ചിരുന്നു. കുട്ടിക്ക് ആശ്വാസമായി. വൃദ്ധൻ പറഞ്ഞതു നുണയായിരുന്നെന്ന് മനഃശാസ്‌ത്രജ്‌ഞനു മാത്രം മനസ്സിലായി.

ആശ്വാസമേകുന്നതിനെക്കാൾ വലിയ പുണ്യമില്ല. അസഹനീയമായ സന്ദർഭങ്ങളുടെയും തീരാവേദനകളുടെയും നടുവിൽ നിലയുറപ്പിച്ചിരിക്കുന്ന ഒട്ടേറെ പ്രകാശഗോപുരങ്ങളുണ്ട്; ഒന്നു തെളിയാൻപോലുമാകാതെ. ഇത്തിരി എണ്ണ പകർന്നാൽ അവയെല്ലാം കെടാവിളക്കുകളാകും. കാറ്റടിച്ചു കെടാതിരിക്കാൻ പുറമേ ഒരു കവചം തീർത്താൽ മതിയാകും. സങ്കടങ്ങളുടെ പിന്നാമ്പുറങ്ങളിൽ എല്ലാവരും ഒറ്റയ്‌ക്കായിരിക്കും. ഏകാന്തതയുടെ ഒറ്റമുറി ജീവിതം വരുത്തിയ വ്യതിയാനം പിടികിട്ടാതെ ചിലർ വഴിമാറി നടക്കും. ഒറ്റപ്പെടുന്നവരുടെ കൂടെയിരിക്കാൻ ആരെങ്കിലുമുണ്ടായാൽ, അവർ ആത്മവിശ്വാസത്തോടെ നടക്കും. 

‌പ്രതികരണങ്ങൾ പ്രതികാരത്തിന്റേതുമാകാം, പ്രത്യാശയുടേതുമാകാം. നുള്ളിനോവിച്ചവരോടു പോലും പകരംവീട്ടാൻ തക്കം പാർത്തിരിക്കുന്നവർക്കിടയിൽ, തണൽ മുറിച്ചുമാറ്റിയവരോടുപോലും ക്ഷമിക്കാൻ കഴിയുന്നത് ദൈവികം. ഒരു ഏറ്റുപറച്ചിലിനെയും തള്ളിക്കളയരുത്. ക്ഷമിക്കുന്നതിനെക്കാൾ വലുതാണ് ക്ഷമ ചോദിക്കാനുള്ള മനസ്സ്.