സ്നേഹത്തിന്റെ ഭാഷ

ജോലി കഴിഞ്ഞു വീട്ടിലെത്തിയ അമ്മയോട് മൂത്തമകൾ പരാതി പറഞ്ഞു. അനിയത്തിക്കുട്ടി ഭിത്തിയിൽ മുഴുവൻ കുത്തിവരച്ചിരിക്കുന്നു. കുട്ടിയെ അടിക്കാൻ തുടങ്ങിയ അമ്മ പെട്ടെന്നു ഭിത്തിയിൽ ശ്രദ്ധിച്ചു. എല്ലാ വരകൾക്കും ഒരേ രീതി. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ, മകൾ എഴുതിയതു മുഴുവൻ വായിക്കാൻ കഴിഞ്ഞു – ഐ ലവ് യു അമ്മ. കുഞ്ഞിന്റെ കണ്ണുകൾ പേടിയാലും അമ്മയുടെ കണ്ണുകൾ സന്തോഷത്താലും നിറഞ്ഞു.

എല്ലാവരും പരസ്‌പരം പറയാൻ ശ്രമിക്കുന്നത് ഒന്നുതന്നെയാണ് – എനിക്കു താങ്കളെ ഇഷ്‌ടമാണ്, ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു. പക്ഷേ, പലരും അതു പ്രകടിപ്പിക്കുന്ന രീതികൾ പലതാകും. സ്വന്തം ധാരണകൾക്കും പ്രതീക്ഷകൾക്കുമനുസരിച്ച് മറ്റുള്ളവരെ വ്യാഖ്യാനിക്കുകയും അവരുടെ പ്രവൃത്തികളെ വിലയിരുത്തുകയും ചെയ്യുമ്പോൾ നഷ്‌ടപ്പെടുന്നത് മനഃസമാധാനവും ബന്ധങ്ങളിലെ മനോഹാരിതയുമാണ്. തിരിച്ചറിയാനാകാത്ത വൈവിധ്യഭാവങ്ങളാണ് സ്‌നേഹത്തിന്റെ പ്രത്യേകത. സ്‌നേഹത്തിന്റെ എല്ലാ ഭേദങ്ങളും വിശദീകരിക്കുന്ന ഏതെങ്കിലും നിഘണ്ടു ഉണ്ടാകുമോ?

‌ഹൃദയവും തലച്ചോറും തമ്മിലുള്ള മത്സരത്തിൽ ഹൃദയം ജയിക്കുന്നതാണു നല്ലത്. അറിവ് എല്ലാറ്റിനുമുള്ള ഒറ്റമൂലിയല്ല. അനുഭവങ്ങളും അനുഭൂതികളുമാണ് സമ്പർക്കങ്ങൾക്കു സ്ഥിരത നൽകുന്നത്. ഓർമിക്കാൻ എന്തെങ്കിലും സമ്മാനിച്ചവർ, ഹൃദയം കൈമാറിയവരാണ്. പകപോക്കുകയായിരുന്നു എന്നു വിധിച്ച പല പ്രവൃത്തികളും പടുത്തുയർത്താൻ വേണ്ടിയായിരുന്നു എന്നു തിരിച്ചറിയുന്നത് ഹൃദയത്തിനു തലച്ചോറിനെ കീഴടക്കാൻ കഴിയുന്നതുകൊണ്ടാണ്. പൊരുത്തക്കേടുകളോടും പൊരുത്തപ്പെടാൻ കഴിയുന്നവർക്കു മാത്രമേ, സ്‌നേഹിക്കാൻ കഴിയൂ; സ്‌നേഹിക്കപ്പെടാനും.