കെട്ടുകൾ അഴിയട്ടെ

ബുദ്ധൻ ശിഷ്യന്മാരെ ഒരു തൂവാല കാണിച്ചിട്ടു ചോദിച്ചു, ഇതെന്താണ്? തൂവാല, അവർ പറഞ്ഞു. അദ്ദേഹം തൂവാലയിൽ രണ്ടു കെട്ടുകൾ ഇട്ടശേഷം ചോദിച്ചു. ഇപ്പോൾ ഇതെന്താണ്? മറുപടി: അതു തൂവാലയാണെന്നും അല്ലെന്നും പറയാൻ കഴിയില്ല. കാരണം, അതിപ്പോൾ തൂവാലയായി ഉപയോഗിക്കാൻ കഴിയില്ല. ബുദ്ധൻ ചോദിച്ചു, ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം? അവർ പറഞ്ഞു: തൂവാലയുടെ കെട്ടുകൾ അഴിച്ചാൽ മതി. 

ഇതെങ്ങനെ അഴിക്കും? അടുത്ത ചോദ്യം. ഉടൻ മറുപടിയും വന്നു. എങ്ങനെയാണ് കെട്ട് ഇട്ടതെന്നു മനസ്സിലാക്കി വിപരീതമായി പ്രവർത്തിച്ചാൽ കെട്ടഴിയും. ബുദ്ധന്റെ അടുത്ത ചോദ്യത്തിനു മുന്നിൽ എല്ലാവരും നിശ്ശബ്‌ദരായി. എല്ലാ കാര്യങ്ങളും അറിയുന്ന നിങ്ങൾക്ക് എന്തുകൊണ്ടാണ് സ്വന്തം ദുശ്ശീലങ്ങളുടെ ഒരു കെട്ടുപോലും അഴിക്കാനാകാത്തത്? 

ഉപയോഗമാണ് ഒന്നിന്റെ മൂല്യം തീരുമാനിക്കുന്നത്. പ്രവർത്തനക്ഷമമല്ലാത്തവയുടെ രൂപഭംഗി അഴകേകും; അനുഭവമാകില്ല. തനതു നിയോഗങ്ങൾക്കുവേണ്ടി ജന്മമെടുത്തവരാണ് ഓരോരുത്തരും. എത്രപേർ സ്വന്തം നിയോഗങ്ങളെ കണ്ടെത്തുന്നുണ്ടാകും? രൂപസാദൃശ്യംകൊണ്ടു മാത്രം മനുഷ്യരെന്നു വിളിക്കപ്പെടുന്നവരുടെ ആധിക്യം ഭയപ്പെടുത്തും. 

മനുഷ്യരിൽ പലരും സ്വന്തം ജീവിതം എന്തിനുവേണ്ടിയാണ് എന്നുപോലും തിരിച്ചറിയാതെ വിടവാങ്ങും. എന്നോ വീണ കെട്ടുകൾ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞതാകാം. നൈസർഗികതയെ നശിപ്പിക്കുന്ന കുരുക്കുകൾ, അവ വിചാരമായാലും വികാരമായാലും സ്വഭാവമായാലും അഴിച്ചേ മതിയാകൂ. ചില അനാവശ്യ കെട്ടുകൾ അഴിച്ചുവിട്ടാൽ തിരിച്ചറിയാം, എന്തിന്റെയും അനന്തസാധ്യതകൾ. സ്വമനസ്സാലെ രൂപപ്പെടുത്തിയ വെറുപ്പും കോപവും ശാഠ്യവുമെല്ലാം സന്മനസ്സാലെ മാത്രമേ പുറത്തുപോകൂ. ദുശ്ശീലങ്ങളുടെ മാറാപ്പ് വലിച്ചെറിഞ്ഞില്ലെങ്കിൽ ദുർഗന്ധമുണ്ടാകും.