കാഴ്ചയുടെ കുഴപ്പം

രാജാവിന് കോങ്കണ്ണനായ ഒരു ഭൃത്യനുണ്ടായിരുന്നു. ഒരു ദിവസം രാജാവ് ഭൃത്യനോട് അടുത്ത മുറിയിൽനിന്നു കുപ്പി എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. കുപ്പി എടുക്കാൻ പോയ ഭൃത്യൻ വിളിച്ചു പറഞ്ഞു: ‘രാജാവേ, ഇവിടെ രണ്ടു കുപ്പികൾ ഉണ്ട്. ഏതാണ് എടുക്കേണ്ടത്’. രാജാവ് പറഞ്ഞു: ‘അവിടെ ഒരു കുപ്പിയേ ഉള്ളൂ. നീ നിന്റെ കോങ്കണ്ണ് മാറ്റിയിട്ടു നോക്കൂ’. ഭൃത്യൻ വീണ്ടും പറഞ്ഞു: ‘അങ്ങു കോപിക്കരുത്. ഇവിടെ രണ്ടു കുപ്പികൾ ഉണ്ട്’. രാജാവ് പറഞ്ഞു: ‘എങ്കിൽ ഒരു കുപ്പി നീ പൊട്ടിച്ചു കളയൂ. ഭൃത്യൻ കുപ്പി പൊട്ടിച്ചപ്പോൾ മറ്റേ കുപ്പിയും കാണാതായി. 

ബലഹീനതകൾ ഉള്ളതല്ല യഥാർഥ പോരായ്‌മ, അവയെ തിരിച്ചറിയാൻ ശ്രമിക്കാത്തതും അതംഗീകരിക്കാൻ കഴിയാത്തതുമാണ്. പരിപൂർണത പ്രതീക്ഷിച്ചല്ല ഒരു ബന്ധവും ഉടലെടുക്കുന്നത്. പക്ഷേ എല്ലാം തികഞ്ഞവനെന്നുള്ള ഭാവം അകൽച്ചയുടെ ആദ്യകാരണമാകും. തിരിച്ചറിയാൻ കഴിയാത്ത ന്യൂനതകളും, തിരിച്ചറിഞ്ഞിട്ടും തിരുത്താൻ സാധിക്കാത്ത വൈകല്യങ്ങളും കൂടിച്ചേരുമ്പോൾ വളർച്ച അസാധ്യമാകും. സ്വന്തം തെറ്റുകൾ സ്വയം കണ്ടെത്തുക എന്നത് ഉള്ളിൽ വെളിച്ചമുള്ളവർക്കു മാത്രമേ സാധിക്കൂ. കൃത്യതയോടെ ചൂണ്ടിക്കാണിക്കപ്പെടുന്ന കുറവുകൾ പരിഹരിക്കേണ്ടത് മനോഭാവത്തിന്റെ പ്രശ്‌നമാണ്. മുന്നറിയിപ്പുകൾ കിട്ടിയിട്ടും തിരുത്താൻ തയാറാകാതെ തുടർന്നുപോന്ന തെറ്റുകളുടെ സ്വയംപ്രേരിത ഇരകളാണ് പലരും. 

നിഷേധ വികാരങ്ങളാൽ നയിക്കപ്പെടുന്നവർക്ക് ദീർഘദൃഷ്‌ടി ഉണ്ടാകില്ല എന്നു മാത്രമല്ല കാഴ്‌ചശേഷി പോലും നഷ്‌ടപ്പെടും. അവർക്ക് സത്യം എന്നും അകലെ ആയിരിക്കും, അപ്രാപ്യമായിരിക്കും. കാണുന്നതൊന്നും സത്യമല്ലെന്നു തിരിച്ചറിയാനും അവർക്ക് സാധിക്കില്ല.