കർത്തവ്യവും പ്രാർഥനയും

പെട്ടെന്നു ധനികനാകണമെന്ന ആഗ്രഹത്തോടെ അയാളെന്നും ദേവാലയത്തിലെത്തി പ്രാർഥിക്കും – ദൈവമേ, ഇത്തവണ ലോട്ടറിയുടെ ഒന്നാം സമ്മാനം എനിക്കു നൽകണമേ. ഒരാഴ്‌ച കഴിഞ്ഞിട്ടും ഫലമില്ലാതെ വന്നപ്പോൾ അയാൾ പ്രാർഥന മെച്ചപ്പെടുത്തി – ‘ദൈവമേ ഞാൻ മദ്യപാനം നിർത്തി, ആരോടും വഴക്കില്ല, നല്ല മനുഷ്യനായി. എനിക്ക് ഒരവസരം തരൂ’. ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ‘മകനേ, എനിക്കൊരു അവസരം തരൂ. നീ പോയി ഒരു ലോട്ടറി ടിക്കറ്റെങ്കിലും എടുക്കൂ’.

അധ്വാനത്തിൽ നിന്നാകണം, അന്നന്നുവേണ്ട ആഹാരം ഉണ്ടാകേണ്ടത്. വിയർപ്പൊഴുക്കി സമ്പാദിക്കുന്നവർക്ക് വിയർപ്പിന്റെയും സമ്പാദ്യത്തിന്റെയും വിലയറിയാം. കുറുക്കുവഴികളിലൂടെ സമ്പാദിക്കുന്നതെന്തിനും മൂല്യം നഷ്‌ടപ്പെടും; അനർഹന്റെ കയ്യിൽ അത് എത്തിച്ചേർന്നുവെന്ന ഒറ്റക്കാരണം കൊണ്ട്. എളുപ്പവഴികളിലൂടെ സഞ്ചരിക്കുന്നവർക്ക് നേരും നന്മയും ഉണ്ടാകണമെന്നില്ല. സഹായങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി മാത്രമല്ല മന്ത്രങ്ങൾ ഉരുവിടേണ്ടത്. ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കാനും, ആവശ്യമെങ്കിൽ അതിജീവിക്കാനും വേണ്ടിയാകണം പ്രാർഥനാമഞ്ജരികൾ ഉയരേണ്ടത്. ആഗ്രഹസാധൂകരണത്തിനായി മാത്രം ജീവിതം ക്രമീകരിക്കുമ്പോൾ അനുദിന കർത്തവ്യങ്ങളും ആയുഷ്‌കാല നിയോഗങ്ങളും അപ്രസക്തമാകും. 

കർമം വിശുദ്ധമായാൽ ധ്യാനം ശ്രേഷ്‌ഠമാകും. പ്രാർഥനയുടെ ഉള്ളടക്കവും ആലങ്കാരികതയും മെച്ചപ്പെടുത്തുന്നതിനേക്കാൾ ശ്രദ്ധ, പ്രവൃത്തികളുടെ ഉദ്ദേശ്യശുദ്ധിയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിൽ ഉണ്ടായാൽ അവിടെല്ലാം ഈശ്വരസാന്നിധ്യം സുനിശ്ചിതം. 

അലസതയുടെയും വിമുഖതയുടെയും മനോഭാവമൊരുക്കി, അദ്ഭുതങ്ങൾക്കായി അർഥിക്കുന്നത് ഈശ്വരനോടുള്ള അവഹേളനമാണ്.