ദൈവത്തിന്റെ ഇടം

എല്ലാ ദിവസവും ശിഷ്യൻ ഉൾവനത്തിലേക്കു പോകുന്നത് ഗുരു ശ്രദ്ധിക്കുമായിരുന്നു. ഒരിക്കൽ, ഗുരു അവനോടു ചോദിച്ചു. നീ എന്തിനാണ് എന്നും കാടിനുള്ളിൽ പോകുന്നത്? പ്രാർഥിക്കാൻ; അവൻ മറുപടി പറഞ്ഞു. ദൈവം എല്ലായിടത്തും ഉണ്ടല്ലോ, പിന്നെന്തിനാണ് വനത്തിനുള്ളിൽ അന്വേഷിക്കുന്നത്? അവൻ ഉത്തരം നൽകി. ‘ദൈവം എല്ലായിടത്തും ഉണ്ടെന്നതു ശരിതന്നെ. പക്ഷേ, ഞാൻ എല്ലായിടത്തും ഒരുപോലെയല്ല’.

ഓരോന്നിനും അതിന്റേതായ വാസസ്ഥാനങ്ങളും നിയോഗസ്ഥലങ്ങളുമുണ്ട്. എല്ലാം എല്ലായിടത്തും ലഭ്യമല്ല, എന്തും എവിടെയും ചെയ്യാനുമാകില്ല. ഏറ്റവും യോജ്യമായ സ്ഥലങ്ങളിലാകും ഓരോന്നും അതിന്റെ പൂർണത കണ്ടെത്തുക. 

ദൈവത്തിന് ഇടം വേണ്ട‌തുകൊണ്ടല്ല, ദേവാലയങ്ങളും ദേവസ്ഥാനങ്ങളും നിർമിക്കപ്പെടുന്നത്. ദൈവത്തെ അന്വേഷിക്കുന്നവർക്ക് ഒരു ഇടം വേണ്ടതിനാലാണ്. തൂണിലും തുരുമ്പിലും സ്വന്തം സഹോദരരിൽ പോലും ഈശ്വരനെ കണ്ടെത്താനോ ധ്യാനിക്കാനോ ഉള്ള ശേഷി പലർക്കും ഉണ്ടാകില്ല. അവർക്കെല്ലാമുള്ള ഒരുക്കസ്ഥലമാണ് തയാറാക്കപ്പെടുന്ന ഓരോ പുണ്യഭൂമിയും. അനുകൂലമായ സാഹചര്യങ്ങളിലും യോജ്യമായ സമയത്തും മാത്രമാകും ചിലർക്ക് ഈശ്വരാന്വേഷണം സാധ്യമാകുക. 

ആരും എല്ലായിടത്തും ഒരുപോലെയല്ല; ചിന്തയിലും പെരുമാറ്റത്തിലും. പുഞ്ചിരിക്കുന്നവന്റെ മുന്നിൽ പുഞ്ചിരിച്ചും ദേഷ്യപ്പെടുന്നവനോടു ദേഷ്യപ്പെട്ടും ഒരു പ്രതികരണ ജീവിയായാണ് മനുഷ്യന്റെ നിലനിൽപ്. പുറം അകത്തെ ഭരിക്കാൻ തുടങ്ങിയാൽ പിന്നെ സ്വയം നിയന്ത്രണാധികാരം നഷ്‌ടമാകും. 

ഒരു പ്രതികരണവും വ്യക്തിത്വത്തെ ഇല്ലാതാക്കരുത്. സ്രഷ്‌ടാവിനും സൃഷ്‌ടിക്കും ഒരുപോലെ വിരുന്നു വരാനും സഹവസിക്കാനും സാധിക്കുംവിധം ശ്രേഷ്‌ഠമാകണം, വിചാരങ്ങളും പ്രവൃത്തികളും.