നന്മയും നാണയവും

ഇന്നലെ ഞാനൊരു സ്വപ്‌നംകണ്ടു. സൂപ്പർ മാർക്കറ്റിലാണു ഞാൻ. അവിടെ ഓരോ സാധനത്തിലും എഴുതിവച്ചിരിക്കുന്ന വിലവിവരം കണ്ട് ഞാൻ ഞെട്ടി. ജീൻസിന് ഒരു ലക്ഷം, തൂവാലയ്‌ക്കു 4 ലക്ഷം, മുന്തിയഇനം വാച്ചിനു 3000 രൂപ! ഞാൻ സെയിൽസ്‌മാനോടു കാര്യം തിരക്കിയപ്പോൾ പറഞ്ഞു – ‘രാത്രി ആരോ ഇവിടെക്കയറി വിലയെല്ലാം പരസ്‌പരം മാറ്റിവച്ചു. പക്ഷേ, ഇപ്പോൾ ആളുകൾക്കു ഭ്രാന്താണ്. ഒരു വിലയുമില്ലാത്തവയ്‌ക്കു വലിയ വില നൽകുന്നു. ഉയർന്ന മൂല്യമുള്ളവയെ അവർ തിരിഞ്ഞുനോക്കുന്നുപോലുമില്ല’. ഞാൻ പെട്ടെന്നു ഞെട്ടിയുണർന്നു. 

ആരൊക്കെയോ കെട്ടിത്തൂക്കിയ വിലവിവരപ്പട്ടികയുമായി സഞ്ചരിച്ചു ജീവിതം പാഴാക്കരുത്. ആരുടെയൊക്കെയോ പ്രേരണകൾക്കും എന്തൊക്കെയോ പ്രവണതകൾക്കും വഴങ്ങി തിരുത്തിയെഴുതി ഒന്നുമാകാതെ പോകുന്നതാണ് ജീവിതത്തോടു കാണിക്കുന്ന ഏറ്റവും വലിയ നന്ദികേട്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും അനുസരിച്ചുമാത്രം വേഷംകെട്ടുന്നവർക്ക് നടത്താൻ കഴിയുന്നത് പാവക്കൂത്തുകൾ മാത്രം. 

മൂല്യമറിഞ്ഞു വിലയിടണം. ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസമറിയുമ്പോഴാണ് ഏതിന്റെയും മൂല്യവും വിലയും മനസ്സിലാകുക. വൈശിഷ്‌ട്യമറിയാതെ ഒന്നിന്റെയും വില മാറ്റിമറിക്കരുത്. അപ്രധാനമായതിനെല്ലാം ജീവിതത്തിൽ മൂല്യം കൽപിച്ചു തുടങ്ങിയാൽ, നഷ്‌ടപ്പെടുന്നതെല്ലാം വിലമതിക്കാനാകാത്തതാകും. 

മാതാപിതാക്കളെ ഡിസ്കൗണ്ട് വിലയിൽ വൃദ്ധസദനങ്ങൾക്കു കൈമാറുന്നതും, ബന്ധങ്ങളും നിലപാടുകളും താൽക്കാലിക നേട്ടങ്ങൾക്കു പണയം വയ്‌ക്കുന്നതും മൂല്യമറിഞ്ഞു വിലനിശ്ചയിക്കാൻ അറിയാത്തതുകൊണ്ടാണ്. നന്മയും നാണയവും ഒരേ തട്ടിൽ തൂക്കിനോക്കാനാകില്ല.