സൽമാനുമായി പ്രണയത്തിലോ? മനസ്സു തുറന്ന് ലുലിയ

സൽമാൻ ഖാൻ, ലുലിയ വാന്റർ

ബോളിവുഡിലെ മസില്‍മാൻ സൽമാൻ ഖാന്‍ എന്നും ഗോസിപ്പുകളുടെയും തോഴനായിരുന്നു. ബിടൗണിലെ താരറാണി കൂടിയായ ഐശ്വര്യയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിലായിരുന്നു സല്ലുവിനെ മാധ്യമങ്ങൾ എന്നും വേട്ടയാടിയിരുന്നത്. ഐശ്വര്യ വിവാഹിതയായിക്കഴിഞ്ഞിട്ടും ഇരുവരുടെയും പ്രണയകഥകളിലേക്ക് എത്തിനോട്ടം നടത്തുന്നവരുണ്ട്. പിന്നീട് കത്രീന കൈഫുമായുണ്ടായ പ്രണയവും ബ്രേക്കപ്പുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ സല്ലുവുമായി ചേർത്തു കേൾക്കുന്ന പേര് റൊമാനിയൻ ടിവി അവതാരകയായ സുന്ദരി ലുലിയ വാന്ററുടേതാണ്. എന്നാൽ ഈ പ്രചാരണങ്ങളിലൊക്കെ സത്യം വല്ലതുമുണ്ടോയെന്ന് ഇപ്പോൾ ലുലിയ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. 

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് സൽമാനെക്കുറിച്ച് ലുലിയ മനസ്സു തുറന്നത്. ഗോസിപ്പുകളെക്കുറിച്ചെല്ലാം താൻ കേൾക്കുന്നുണ്ടെന്നും അതിലേറെയും വാസ്തവമല്ലെന്നും ലുലിയ പറയുന്നു. ജീവിതത്തിൽ നാം പ്രതീക്ഷിക്കുന്നതു പോലെയല്ല എല്ലാം സംഭവിക്കുന്നത്, മൂന്നു വർഷം മുമ്പ് തനിക്കൊരുപാടു പദ്ധതികൾ ഉണ്ടായിരുന്നു എന്നാൽ പ്രതീക്ഷിക്കുന്നതു പോലെയല്ല പലപ്പോഴും ജീവിതത്തിൽ സംഭവിക്കുന്നതെന്നും ലുലിയ പറഞ്ഞു. 

'' ഗോസിപ്പുകളെല്ലാം ഞാൻ കേൾക്കുന്നുണ്ട്, അവയിലേറെയും വാസ്തവ വിരുദ്ധമാണ്. പക്ഷേ കഥകൾ മെനയുന്നവരെ പിടിച്ചു നിർത്താൻ എനിക്കു കഴിയില്ല. സൽമാനോട് എനിക്കേറെ ബഹുമാനമുണ്ട്. ഒപ്പം തന്നെ ജീവിതത്തിൽ ഇനിയെന്താണു സംഭവിക്കുന്നതെന്ന് യാതൊരു നിശ്ചയവുമില്ല. നമ്മൾ പ്രതീക്ഷിക്കുന്നതുപോലെയല്ല പല കാര്യങ്ങളും സംഭവിക്കുന്നത്. എല്ലാം നാം ആഗ്രഹിക്കുന്നതു പോലെയാകില്ല. സംഭവിച്ചതെല്ലാം സംഭവിക്കേണ്ടിയിരുന്നവയുമാണ്.''– ലുലിയ പറയുന്നു. 

സൽമാൻ നല്ലൊരു സുഹൃത്താണെന്നും താൻ ഗായിക എന്ന തലത്തിലേക്കു വളരാൻ സല്ലു ഏറെ പ്രചോദിപ്പിക്കുന്നുണ്ടെന്നും ലുലിയ പറഞ്ഞു. '' സൽമാന്‍ എന്റെ നല്ലൊരു സുഹൃത്താണ്, പാട്ടു പാടാൻ എന്നെ ഏറെ പ്രചോദിപ്പിക്കുന്നയാളാണ്. ഹിന്ദിയിൽ ഗാനം ആലപിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല, പക്ഷേ അദ്ദേഹം എന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്. ഞാൻ പാടാൻ കാരണം തന്നെ സൽമാൻ ആണ്''-ലുലിയ വ്യക്തമാക്കി.

ഇങ്ങനെയൊക്കെയാണെങ്കിലും ബോളിവുഡിലേക്കു വരാൻ തനിക്കൊരു പദ്ധതിയുമില്ലെന്നും ലുലിയ പറയുന്നുണ്ട്. അമ്പത്തിരണ്ടുകാരനായ സല്‍മാനും മുപ്പത്തിയേഴുകാരിയായ ലുലിയ വാന്ററും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കാൻ തുടങ്ങിയിട്ടു നാളേറെയായി. സല്ലുവിന്റെ കുടുംബത്തിലെ പരിപാടികൾക്കും ഗെറ്റ് ടു ഗെതറുകൾക്കുമെല്ലാം സല്ലുവിനൊപ്പം ലുലിയയും സ്ഥിരം കാഴ്ചയാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam