‘ഇൗ ഓണം സ്പെഷൽ’; വിശേഷങ്ങളുമായ് മൃദുല വിജയ്

മിനിസ്‌ക്രീനിലെ തിരക്കുള്ള താരം മൃദുല വിജയ്ക്ക് ഇത്തവണത്തെ ഓണം പതിവിലും തിരക്കേറിയതാണ്. സീരിയലുകൾക്കൊപ്പം ഓണത്തിന്റെ പ്രത്യേക ടിവി പരിപാടികളുെട ചിത്രീകരണവും മുറയ്ക്ക് നടക്കുന്നുണ്ട്. പൂക്കളം ഇടലും ഓണാഘോഷവും എല്ലാം നഷ്ടപ്പെടുമെന്നുറപ്പാണ്. എന്നിരുന്നാലും തിരുവോണനാളിൽ അമ്മ വെച്ചുണ്ടാക്കുന്ന സദ്യ എന്ന പതിവിന് മാറ്റമില്ല. ഇക്കുറിയും തിരുവോണ നാളിൽ അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്ന കുടുംബത്തിനൊപ്പമിരുന്നാകും മൃദുല സദ്യയുണ്ണുക. പാചകമറിയില്ലെന്നു പറഞ്ഞു തന്നെ കളിയാക്കുന്ന അച്ഛനെയും അമ്മയെയും നല്ല ഒന്നാന്തരം മാമ്പഴ പായസമുണ്ടാക്കി ഞെട്ടിക്കാന്‍ മൃദുല തയാറെടുക്കുകയാണ്. 

ദേ ഓണം ഇങ്ങെത്തി

ഓണം പതിവിലും നേരത്തെ ഇങ്ങെത്തി. ഓണം പ്രത്യേക പരിപാടികളുടെ ചിത്രീകരണം ഒരു മാസം മുൻപ് തന്നെ ആരംഭിച്ചു. അതിനാൽ ഓണത്തിന്റെ ഓളവും വേഗമെത്തി. അഭിനയ ജീവിതം തുടങ്ങിയിട്ട് മൂന്ന് വർഷങ്ങളായി. മൂന്ന് വർഷവും ഓണം ഷൂട്ടിങ് തിരക്കുകളിൽ തന്നെയായിരുന്നു. അക്കാര്യത്തില്‍ ഇത്തവണയും മാറ്റമില്ല. അതിനാൽ അത്തം മുതലുള്ള ഓണാഘോഷമൊന്നും നടക്കില്ല.

വീട്ടിലെ ഓണം 

പണ്ട് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പൂക്കളമിടുമായിരുന്നു. ആ പതിവ് ഇപ്പോഴില്ല. തിരുവോണത്തിന്റെ അന്ന് എല്ലാവരും  ചേർന്നു സദ്യയുണ്ടാക്കും. അമ്മയാണ് പ്രധാന കുക്ക്. ഞാൻ സഹായി മാത്രമാണ്. പച്ചക്കറികൾ അരിയുക, തേങ്ങാ ചിരവുക തുടങ്ങിയ കൊച്ചു ചുമതലകൾ മാത്രമേ എനിക്കുള്ളൂ. ഞാനതെല്ലാം കൃത്യമായി ചെയ്യും. ബാക്കിയെല്ലാം അമ്മയുടെ കയ്യിലാണ്. 

അമ്മയുണ്ടാക്കുന്ന പാൽപായസം

ഓണസദ്യയെന്നു കേൾക്കുമ്പോള്‍ ആദ്യം മനസിലേക്കു വരിക പായസമാണ്. എനിക്ക് ഏറെ പ്രിയം പാൽപായസത്തിനോടാണ്. സേമിയ പലഡായോ എന്തും പായസമായാലും അമ്മ ഉണ്ടാക്കണമെന്നൊരു നിർബന്ധം മാത്രമേയുള്ളൂ. അമ്മയുണ്ടാക്കുന്ന പായസത്തിനു ഒരു പ്രത്യേക രുചിയാണ്. ആഘോഷമേതായാലും ആ രുചി നഷ്ടപ്പെടുത്താൻ എനിക്കിഷ്‌‌ടമല്ല.

ഓണവും പിറന്നാളും ഒരുമിച്ച് 

ചിങ്ങമാസം വന്നാൽ ഓണം മാത്രമല്ല, എന്റെ പിറന്നാളും ഇങ്ങെത്തും. അതിനാൽ ഓണക്കാലത്ത് വീട്ടിൽ ഇരട്ടി ആഘോഷമാണ്. ചിങ്ങമാസത്തിലെ ചോതി നക്ഷത്രത്തിലാണ് ഞാൻ ജനിച്ചത്. അന്നേ ദിവസം അമ്മ എനിക്കിഷ്ടപ്പെട്ട എല്ലാ വിഭവങ്ങളും ഉണ്ടാക്കും. എന്റെ പിറന്നാളോടെയാണ് വീട്ടിലെ ഓണാഘോഷത്തിന് തുടക്കമാവുന്നതെന്നു പറയാം. 

പാചകത്തിൽ ഒരു കൈ നോക്കണം

പാചകം ചെയ്യില്ല എന്നതാണ് എന്നെക്കുറിച്ചുള്ള പ്രധാന പരാതികളിലൊന്ന്, അത് സത്യവുമാണ്. പാചകത്തിൽ ഞാൻ വളരെ പിന്നിലാണ്. അക്കാര്യം പറഞ്ഞ് അച്ഛനും അമ്മയും എന്നെ കളിയാക്കാറുമുണ്ട്. ഇത്തവണത്തെ ഓണത്തിന് ആ ചീത്തപ്പേര് മാറ്റാണ് എന്റെ തീരുമാനം. സദ്യ ഉണ്ടാക്കുക എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല. അതിനാൽ അച്ഛനും അമ്മയ്ക്കും വേണ്ടി നല്ലൊരു മാമ്പഴപ്പായസമാണ് ഞാൻ ഉണ്ടാക്കുന്നത്. റെസിപ്പി പഠിച്ചുവെച്ചു തിരുവോണം എത്താനായി കാത്തിരിക്കുകയാണ്. 

പുതുമ ഇല്ലാത്ത ഓണക്കോടി

സീരിയലിൽ അഭിനയം തുടങ്ങിയതോടെ ഓണക്കോടിക്ക് പുതുമ നഷ്ടമായെന്നു പറയേണ്ടി വരും. പണ്ടൊക്കെ ഓണമോ വിഷുവോ പിറന്നാളോ വരുമ്പോഴാണ് പുതിയ വസ്ത്രം വാങ്ങുക. അതിനൊരു പ്രത്യേക സന്തോഷവുമാണ്. എന്നാൽ ഇപ്പോൾ സീരിയലിനുവേണ്ടി ദിവസവും പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ധരിക്കുകയും ചെയ്യുന്നു. ഓണക്കോടി എന്ന ആശയത്തിന്റെ പുതുമ നഷ്‌ടമായി, അതൊരു വലിയ നഷ്ടം തന്നെയാണ്.  കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചുപോയാണ് ഓണക്കോടി എടുത്തിരുന്നത്. മിക്കവാറും പട്ടുപാവാടയാണ് ‍ഓണക്കോടിയായി ഞാൻ വാങ്ങുക.

പഠനം തകൃതിയായി മുന്നോട്ട് 

ഷൂട്ടിംഗിന്റെയും തിരക്കിനിടയിലും  പഠനം മുന്നോട്ടുകൊണ്ടു പോകുന്നുണ്ട്. ബിഎ സൈക്കോളജി വിദ്യാർത്ഥിയാണ്. അഭിനയത്തിന്റെ തിരക്കിലായതിനാൽ കറസ്പോണ്ടൻസായാണ് പഠനം. 

കൂടുതൽ ഓണവിശേഷങ്ങളറിയാൻ