ഒറ്റക്കൈ കൊണ്ടു റാമ്പ് കീഴടക്കിയ സൂപ്പർ മോഡൽ

റെബേക്ക മറീൻ റാമ്പിൽ ചുവടുവെയ്ക്കുന്നു

കൃത്രിമ കൈ വീശി അവൾ റാമ്പിൽ പ്രത്യക്ഷപ്പെടുന്പോൾ കാഴ്ചക്കാരിൽ ആശ്ചര്യം ആദരവിനു വഴി മാറും. ആർക്ക് വേണം സഹതാപം എന്നൊരു ഭാവമാണ് മുഖത്ത്. ഇത് റെബേക്ക മറീൻ.  ഒറ്റക്കയ്യുള്ള സൂപ്പർ മോഡൽ. ഫാഷൻ, മോഡലിങ് എന്നിവയൊന്നും സ്വപ്നം കാണാൻ കൂടി പാടില്ലെന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തിയവരുടെ ഇടയിലൂടെയാണ് റെബേക്ക ഇന്ന് താളത്തിൽ കൈ വീശി നടക്കുന്നത്.  അമേരിക്കയിലെ വുഡ്ബെറിയിലാണ് റെബേക്ക ജനിച്ചത്. വലതുകയ്യില്ലാതെ പിറന്നു വീണെങ്കിലും അഴകളവുകളുടേയും രൂപഭംഗിയുടേയും ലോകമായിരുന്നു വളർന്നപ്പോൾ മനസു നിറയെ. എന്നാൽ വലതു കയ്യിലേക്ക് നോക്കി പലപ്പോഴും അവൾ സങ്കടപ്പെട്ടു.

റെബേക്ക മറീൻ

22-ാം വയസിൽ ഇലക്ട്രൊണിക് നിർമിതമായ കൃത്രിമ കൈ വെച്ചുപിടിപ്പിച്ചതോടെ അവൾക്കുവേണ്ട വിധത്തിൽ കൈ ചലിപ്പിക്കാമെന്നായി. പിന്നീട് മുമ്പിൽ തെളിഞ്ഞത് ഏറെ ആഗ്രഹിച്ച ഫാഷൻ ലോകം. ഇക്കഴിഞ്ഞ ന്യൂയോർക് ഫാഷൻവീക്കിൽ ചുവടുവെച്ചതോടെ മോഡലിങ് രംഗത്തെ ചർച്ചയായിരിക്കുകയാണ് റെബേക്ക.

റെബേക്ക മറീൻ

''നോ ആണ് ഞാനേറെ കേട്ടത്. എന്നെപോലെ ഒരു വ്യക്തിക്ക് ഇതൊന്നും സാധ്യമല്ലെന്നായിരുന്നു ആളുകളുടെ മനോഭാവം. എന്നാൽ പിൻമാറാൻ ഞാൻ തയ്യാറായില്ല.  ഇന്ന് എനിക്ക് വന്നു ചേർന്നതെല്ലാം ദൃഡനിശ്ചയത്തിന്റെ ഫലമാണ് . ഇനിയും മുന്നോട്ട് പോകാനേറെയുണ്ട്''. റെബേക്കയുടെ വാക്കുകൾ.

റെബേക്ക മറീൻ

മാത്രമല്ല അംഗവൈകല്യമുള്ള കുട്ടികൾക്കായി നടത്തുന്ന ചാരിറ്റി സംഘടനയുടെ അംമ്പാസിഡർ കൂടിയാണ് ഇന്ന് റെബേക്ക. അംഗവൈകല്യമുള്ളവരെ പിന്നോക്കം നിർത്തുന്ന കുറച്ചു പേരെങ്കിലും സമൂഹത്തിലുണ്ട്. അവർക്കുള്ള മറുപടിയാണ് റെബേക്കയുടെ ഓരോ ചുവടും. ''മാറ്റത്തിനു ഞാൻ കാരണമാകുമ്പോൾ സന്തോഷമുണ്ട്, അഭിമാനവും. എന്തെങ്കിലും കുറവുകൾ കൊണ്ട് ആഗ്രഹിക്കുന്നിടത്ത് എത്താൻ കഴിയില്ലെന്ന് ചിന്തിക്കുന്നവർക്ക് പ്രത്യാശ നൽകാനും ഇന്നെനിക്ക് കഴിയുന്നു.'' റെബേക്കയുടെ വാക്കുകൾക്കും ഭംഗിയുണ്ട്, അവളെ പോലെ തന്നെ.