മിഷേലിന് മുമ്പ് ഒബാമ പ്രണയിച്ചത് ഈ സ്ത്രീയെ, പിന്നീട് സംഭവിച്ചത്?

ഒബാമയുടെ മുൻകാമുകി മിയോഷി ജാഗെര്‍

പലര്‍ക്കും ആരാധ്യ പുരുഷനാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ചേഞ്ച് എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം അമേരിക്കന്‍ രാഷ്ട്രീയത്തെ ഇളക്കി മറിച്ച് അവരുടെ പ്രസിഡന്റ് ആയി മാറിയത്. യുവാക്കളുടെ ഹരമായിരുന്നു ഒബാമ. തന്റെ ചടുലമായ പ്രസംഗങ്ങളും കിടിലന്‍ ഗെറ്റപ്പും ഒബാമയെ അമേരിക്കയ്ക്കു പുറത്തും ജനകീയനാക്കി. അത്രമേല്‍ പ്രശസ്തി ലഭിച്ചു ഒബാമയുടെ ഭാര്യ മിഷേലിനും. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ അവര്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. മികച്ച ദമ്പതികളായി അവര്‍ ലോകത്തിനു മുന്നില്‍ അറിയപ്പെട്ടു. എന്നാല്‍ മിഷേലിനും മുമ്പ് ഒബാമ അത്യധികം പ്രണയിച്ച ഒരു സ്ത്രീയുണ്ട്. 

തന്റെ രാഷ്ട്രീയ മോഹങ്ങളില്‍ ഉപേക്ഷിക്കപ്പെടേണ്ടി വന്ന ഒരു പ്രണയ കഥ. അതെ, ഒബാമയുടെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ ചുരുളഴിയുകയാണ് ദി റൈസിംഗ് സ്റ്റാര്‍, ദി മേക്കിങ് ഓഫ് ബരാക് ഒബാമ എന്ന പുതിയ പുസ്തകത്തിലൂടെ. ഡേവിഡ് ഗാരോ ആണ് രചയിതാവ്. മിയോഷി ജാഗെര്‍ എന്നായിരുന്നു ഒബാമയുടെ മുന്‍ കാമുകിയുടെ പേര്. മിഷേലിനെ കാണുന്നതിന് മുമ്പ് ഒബാമ ഇവരുമായി കടുത്ത പ്രണയത്തിലായിരുന്നത്രെ. 80കളുടെ മധ്യത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. ചിക്കാഗോയില്‍ ഒരു കമ്യൂണിറ്റി ഓര്‍ഗനൈസിങ് പരിപാടി സംഘടിപ്പിക്കവെ ആയിരുന്നു ഒബാമയുടെ പ്രണയ സമാഗമം.

ഡച്ച്-ജാപ്പനീസ് പാരമ്പര്യമുള്ള മിയോഷിയെ ഒബാമയ്ക്ക് വല്ലാതങ്ങ് ഇഷ്ടമായി. 1986ല്‍ വിവാഹം ചെയ്‌തോട്ടെയെന്ന് ഒബാമ ചോദിച്ചു. എന്നാല്‍ മിയോഷിയുടെ അമ്മ പ്രൊപ്പോസല്‍ റിജക്റ്റ് ചെയ്തു. മകള്‍ക്ക് കല്ല്യാണം കഴിക്കാന്‍ പ്രായമായില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഒബാമ പിന്‍മാറിയില്ല, വീണ്ടും പ്രണയിച്ചു അവരെ. ഇരുവരുടെയും പ്രണയാര്‍ദ്രമായ ആ നാളുകള്‍ ജീവിതത്തിലെ ഏറ്റവും മികച്ചതായിരുന്നു. 1988ല്‍ ഒബാമ വീണ്ടും വിവാഹ അഭ്യര്‍ഥന നടത്തി. എന്നാല്‍ മിയോഷി ഒരു ഗവേഷണ ട്രിപ്പിലായിരുന്നു അപ്പോള്‍, വീണ്ടും റിജക്റ്റഡ് ആയി. 

അപ്പോഴേക്കും ഇരുവരും തമ്മില്‍ ആശയപരമായ വ്യത്യാസങ്ങള്‍ ഉടലെടുത്തു എന്നും പുസ്തകം സംശയം പ്രകടിപ്പിക്കുന്നു. ഒബാമ എന്നും മുന്‍ഗണന നല്‍കിയത് തന്റെ രാഷ്ട്രീയ ഭാവിക്കായിരുന്നു. ഒരിക്കല്‍ താന്‍ അമേരിക്കയുടെ പ്രസിഡന്റ് ആകുമെന്ന് ഒബാമയ്ക്ക് ഉറപ്പുണ്ടായിരുന്നതായാണ് മിയോഷി പറയുന്നത്. എന്നും സ്‌നേഹിക്കപ്പെടാനും ആരാധിക്കപ്പെടാനും കൊതിച്ചിരുന്ന വ്യക്തിയാണ് ഒബാമയെന്ന് മിയോഷി പുസ്തമെഴുതിയ പുലിറ്റ്‌സര്‍ സമ്മാന ജേതാവ് കൂടിയായ ഗാരോയോട് പറയുന്നുണ്ട്.  

അതേസമയം വെളുത്ത വംശജയെ കല്ല്യാണം കഴിച്ചാല്‍ തന്റെ രാഷ്ട്രീയ ഭാവിക്ക് ഗുണം ചെയ്യുമോയെന്ന് ഒബാമ സംശയിച്ചിരുന്നതായും വിലയിരുത്തപ്പെടുന്നുണ്ട്.