ഭാര്യയുടെ മൃതദേഹത്തിനൊപ്പം 6 ദിവസം താമസിച്ച് ഭർത്താവ്, അതിനൊരു കാരണവുമുണ്ട് !

റസൽ ഡേവിസൺ ഭാര്യ വെന്‍‍ഡിക്കൊപ്പം

താലികെട്ടി ജീവിതത്തിലേക്കു കൊണ്ടുവരുന്ന നാൾ തൊട്ട് നല്ലപാതിക്കൊപ്പം നിഴൽ പോലെ ജീവിക്കുന്നരാണ് ഓരോ പങ്കാളിയും. പക്ഷേ മരണം എന്ന യാഥാർഥ്യം അരികിലെത്തുമ്പോഴാണ് അവർ നിസഹായരാകുന്നത്. താൻ പൊന്നുപോലെ സ്നേഹിച്ച തന്റെ ജീവിതപങ്കാളി നിശ്ചലമായി കിടക്കുമ്പോള്‍ വിങ്ങിപ്പൊട്ടിയാകും ഓരോ നിമിഷവും കടന്നുപോകുന്നത്. ഒടുവിൽ അവളെ ചിതയിലേക്കെടുക്കും വരെ ഒപ്പം തന്നെയുണ്ടാകും. ഇന്ന് സമൂഹമാധ്യമത്തിൽ ഒരു ഭർത്താവ് വ്യത്യസ്തനാകുന്നത് മരണശേഷവും തന്റെ ഭാര്യയെ തനിച്ചു വിടാത്തതിന്റെ പേരിലാണ്. അതെ, ഭാര്യയുടെ നിശ്ചലമായ ശരീരത്തിനൊപ്പം അദ്ദേഹം താമസിച്ചത് ആറു ദിവസമാണ്. 

കേൾക്കുമ്പോൾ ഭ്രാന്തമെന്നു പലർക്കും തോന്നുന്ന ഈ സംഭവം നടന്നത് ലണ്ടനിലാണ്. റസൽ ഡേവിസൺ എന്ന അമ്പതുകാരനാണ് ഭാര്യ വെൻഡി ഡേവിസണിന്റെ മൃതദേഹത്തിനൊപ്പം ആറുനാൾ കഴിച്ചുകൂട്ടിയത്. അതിന് തന്റേതായ കാരണങ്ങളും അദ്ദേഹത്തിനു പറയാനുണ്ട്. പത്തു വർഷത്തോളം കാൻസറുമായി പൊരുതിയ വെൻഡി കഴിഞ്ഞ മാസമാണ് വീട്ടിൽ വച്ച് മരണമടഞ്ഞത്.  പക്ഷേ അപ്പോൾ തന്നെ ഭാര്യയെ മോർച്ചറിയിലേക്കു വിട്ടുകൊ‌ടുക്കാൻ ഡേവിസൺ തയ്യാറായിരുന്നില്ല. മരണത്തെക്കുറിച്ച് ആളുകൾക്കുള്ളിലുള്ള തെറ്റായ സങ്കൽപത്തെ ഉടച്ചുവാർക്കുക കൂടിയായിരുന്നു തന്റെ തീരുമാനത്തിനു പിന്നിൽ. 

മരണശേഷവും ഭാര്യയുടെ മൃതദേഹം കൈവശം വെക്കാനായി അദ്ദേഹം നിയമപരമായ വഴികൾ സ്വീകരിച്ചു.  മരണത്തെക്കുറിച്ചുള്ള സങ്കൽപങ്ങളെ വെല്ലുവിളിക്കുക കൂടിയാണ് താനെന്ന് ഡേവിസൺ പറയുന്നു. ''  നമ്മുടെ സമൂഹത്തിൽ മരണത്തെക്കുറിച്ച് സംസാരിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല, അതൊരു മോശം കാര്യമായാണ് പലരും കാണുന്നത്. മരണാനന്തരം അവളെ മോർച്ചറിയിലേക്കൊന്നും വിട്ടുകൊടുക്കാതെ ഞങ്ങളുടെ ബെഡ്റൂമിൽ തന്നെ കിടത്തി ആ മുറിയിൽ തന്നെ കിടന്നുറങ്ങുകയാണ് ഞാൻ ചെയ്തത്. ''–ഡേവിസൺ പറയുന്നു.

2006ൽ തന്റെ നാൽപതാം പിറന്നാൾ ആഘോഷം കഴിഞ്ഞ് അധികനാൾ കഴിയുംമുമ്പാണ് വെൻഡിയെ കാൻസര്‍ ബാധിച്ചുവെന്നു തിരിച്ചറിഞ്ഞത്. അപ്പോൾ തന്നെ ആശുപത്രിയിലേക്കെത്തിക്കുന്നതിനു പകരം പ്രകൃതിദത്തമായ മാർഗങ്ങളാണ് ഇരുവരും സ്വീകരിച്ചത്. ''അവളുടെ ജീവിതം ഡോക്ടർമാരിലേക്ക് നൽകാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. വെൻഡിയുയെ ജീവൻ നിലനിർത്താൻ ഞങ്ങളാൽ കഴിയുന്ന ഗവേഷണം ചെയ്തു പരമാവധി ശ്രമിച്ചു. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ഒഴിവാക്കി വേദനയില്ലാത്ത രോഗകാലത്തിനു വേണ്ടിയാണ് നീങ്ങിയത്. 

2014ൽ വെൻഡിക്കൊപ്പം യൂറോപ് മുഴുവൻ കറങ്ങിയിരുന്നു. പക്ഷേ കഴിഞ്ഞ സെപ്തംബറിൽ വെൻഡിക്ക് വേദന അസഹ്യമായി തുടങ്ങി. അതോടെ റോയൽ ഡെർബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എങ്കിലും ആശുപത്രിയിൽ വച്ച് മരിക്കാൻ ഇടവരുത്തില്ലെന്ന് ഇരുവർക്കും ഉറപ്പായിരുന്നു. മരണം വീട്ടിൽ വച്ചു തന്നെയാകണം എന്ന തീരുമാനത്തോടെ അവർ വീട്ടിലേക്കു തിരിച്ചു. അങ്ങനെ ഡേവിസണിന്റെ കൈകളിൽ കിടന്നു തന്നെ അവൾ യാത്രയായി. ശരീരം മരണാന്തര കര്‍മങ്ങൾക്ക് അപ്പോൾ തന്നെ വിട്ടുകൊടുക്കില്ലെന്നത് നേരത്തെ എടുത്ത തീരുമാനമായിരുന്നുവെന്നും ഡേവിസൺ പറയുന്നു.